
ന്യൂഡൽഹി: ഇന്ത്യൻ വ്യോമ സേനയുമായും അതിർത്തി രക്ഷാ സേനയുമായും ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ പാകിസ്ഥാനി ഏജന്റിന് ചോർത്തി നൽകിയ യുവാവ് പിടിയിലായി. ഗുജറാത്തിലെ കച്ച് സ്വദേശിയായ സഹ്ദേവ് സിങ് ഗോഹിൽ എന്നയാണ് പിടിയിലായതെന്ന് തീവ്രവാദ വിരുദ്ധ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ കെ സിദ്ധാർത്ഥ് മാധ്യമങ്ങളോട് പറഞ്ഞു. 28കാരനായ സഹ്ദേവ് ആരോഗ്യ പ്രവർത്തകനായി ജോലി ചെയ്യുകയായിരുന്നു.
അതിഥി ഭരദ്വാജ് എന്ന് പരിചയപ്പെടുത്തിയ ഒരു സ്ത്രീയുമായി 2023ലാണ് സഹ്ദേവ് പരിചയപ്പെടുന്നത്. വാട്സ്ആപ് വഴിയായിരുന്നു ബന്ധം. അടുപ്പം ശക്തമായ ശേഷം സഹ്ദേവിനോട് ഇന്ത്യൻ വ്യോമസേനയുടെയും അതിർത്തി രക്ഷാസേനയുടെയും ചില കേന്ദ്രങ്ങളുടെ ഫോട്ടോകൾ ആവശ്യപ്പെട്ടു. അടുത്തിടെ നിർമിച്ചതും നിർമാണത്തിലിരിക്കുന്നതുമായ കേന്ദ്രങ്ങളുടെ ഫോട്ടോകളാണ് ആവശ്യപ്പെട്ടതും അതനുസരിച്ച് അയച്ചുകൊടുത്തതും. സഹദേവ് ഒരു പാകിസ്ഥാനി ഏജന്റിന് എയർഫോഴ്സുമായും ബിഎസ്എഫുമായും ബന്ധമുള്ള വിവരങ്ങൾ കൈമാറുന്നതായി തങ്ങൾക്ക് വിവരം ലഭിക്കുകയായിരുന്നു എന്ന് തീവ്രവാദ വിരുദ്ധ സേന പറഞ്ഞു.
മേയ് ഒന്നാം തീയ്യതിയാണ് ഉദ്യോഗസ്ഥർ യുവാവിനെ ആദ്യം പ്രാഥമിക അന്വേഷണത്തിനായി വിളിപ്പിക്കുന്നത്. വ്യോമസേനയുടെയും ബിഎസ്എഫിന്റെയും കേന്ദ്രങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഇയാൾ പാകിസ്ഥാനി ഏജന്റിന് കൈമാറിയതായി കണ്ടെത്തി. 2025ൽ സ്വന്തം ആധാർ കാർഡ് നൽകി സഹ്ദേവ് ഒരു സിം എടുത്തു. ശേഷം ഈ നമ്പർ അതിഥി ഭരദ്വാജിന് വേണ്ടി വാട്സ്ആപ് ഉപയോഗിക്കാനായി നൽകി. വാട്സ്ആപ് ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് ഒടിപി പറഞ്ഞുകൊടുത്തായിരുന്നു ഇത് ചെയ്തത്. ശേഷം ഈ നമ്പറിലേക്കായി വ്യോമസേനാ കേന്ദ്രങ്ങളുടെയും ബിഎസ്എഫ് കേന്ദ്രങ്ങളുടെയും എല്ലാ ഫോട്ടോകളും വീഡിയോകളും അയക്കുന്നത്.
സഹദേവ് പറഞ്ഞുകൊടുത്ത ഒടിപി വെച്ച് ഇൻസ്റ്റാൾ ചെയ്ത വാട്സ്ആപ് അക്കൗണ്ട് പാകിസ്ഥാനിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. അജ്ഞാതനായ ഒരു വ്യക്തിയിൽ നിന്ന് ഇയാൾക്ക് 40,000 രൂപ പണമായി ലഭിച്ചുവെന്നും അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. പാകിസ്ഥാന് വേണ്ടി ഇന്ത്യയിൽ നിന്ന് ചാര പ്രവർത്തനം നടത്തുന്നവരെ കണ്ടെത്താൻ കഴിഞ്ഞ ദിവസങ്ങളിൽ നടന്നുവന്ന വ്യാപക അന്വേഷണത്തിന്റെ ഭാഗമായാണ് പുതിയ അറസ്റ്റും ഉണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]