
അന്നേ മോദി പറഞ്ഞു രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല; എന്താണ് സിന്ധു നദീജല ഉടമ്പടി?; ഇത് നിർത്തലാക്കിയാല്‍ എന്തു സംഭവിക്കും?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയിരിക്കുകയാണ് ഇന്ത്യ. മുൻപ് ഇരു രാജ്യങ്ങൾക്കിടയിൽ യുദ്ധമുണ്ടായപ്പോൾപ്പോലും എടുക്കാതിരുന്ന കടുത്ത നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ‘രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല’ എന്ന് 2016ൽ ജമ്മു കശ്മീരിലെ ഉറി ഭീകരാക്രമണത്തിനുശേഷം ചേര്‍ന്നൊരു യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞുവച്ചത് പ്രാവർത്തികമാക്കുകയാണ് ഇപ്പോൾ.
∙ എന്താണ് സിന്ധു നദീജല ഉടമ്പടി?
സിന്ധു നദീതടത്തിലൂടെ ഒഴുകുന്ന ആറ് പ്രധാന നദികളുടെ ഉപയോഗം നിയന്ത്രിക്കുന്നതു സംബന്ധിച്ച് 1960ൽ ഇന്ത്യയും തമ്മിലുണ്ടാക്കിയ ഉടമ്പടിയാണ് സിന്ധു നദീജല ഉടമ്പടി. സിന്ധു നദീതടം ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ വിഭജിക്കപ്പെട്ടാണുണ്ടായിരുന്നത്. ടിബറ്റിൽ ഉദ്ഭവിച്ച് ഇന്ത്യയിലൂടെയും പാക്കിസ്ഥാനിലൂടെയും ഒഴുകി ചില മേഖലകളിലൂടെ സഞ്ചരിക്കുന്ന നദികളാണ് ഇവ. വിഭജനത്തിനുപിന്നാലെ 1948ൽ ഇന്ത്യ പാക്കിസ്ഥാനിലേക്കുള്ള ജലത്തിന്റെ ഒഴുക്ക് താൽക്കാലികമായി നിർത്തിവച്ചു. പാക്കിസ്ഥാൻ വിഷയം ഐക്യരാഷ്ട്രസഭയിൽ (യുഎൻ) ഉയർത്തി. യുഎന്നാണ് ലോക ബാങ്കിനെ മധ്യസ്ഥതയ്ക്കായി ഏർപ്പെടുത്തിയത്. നീണ്ട ഒൻപതു വര്‍ഷത്തെ ചര്‍ച്ചകൾക്കൊടുവിൽ ലോക ബാങ്കിന്റെ മധ്യസ്ഥതയിലായിരുന്നു സിന്ധു നദീജല ഉടമ്പടി അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി പാക്കിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാനും ചേർന്ന് ഒപ്പുവച്ചത്.
സിന്ധു നദീതടത്തിലെ പ്രധാന കിഴക്കൻ–പടിഞ്ഞാറൻ നദികളെ ഇരു രാജ്യങ്ങൾക്കുമിടയിൽ വിഭജിച്ചുകൊണ്ടാണ് ഈ ഉടമ്പടി നിലവിൽ വന്നത്. ഇതുപ്രകാരം, കിഴക്കുനിന്നുള്ള സത്ലജ്, രവി, ബിയാസ് എന്നീ നദികളിലെ വെള്ളം പ്രധാനമായും ഇന്ത്യക്കും, പടിഞ്ഞാറുനിന്നുള്ള ഝലം, സിന്ധു, ചെനാബ് നദികളിലെ വെള്ളത്തിനുള്ള അവകാശം പ്രധാനമായും പാക്കിസ്ഥാനുമാണ്. രണ്ടു രാജ്യങ്ങളുടെ ജലത്തിന്റെ ആവശ്യകതയ്ക്കും കൃഷിക്കും ഈ സഹകരണം ഏറെ പ്രധാനവും സഹായകവുമാണ്. കാർഷിക–ഗാർഹിക–വ്യാവസായിക ഉപയോഗത്തിനും ജലവൈദ്യുത ഉത്പാദനത്തിനും ഈ നദികളിലെ വെള്ളം ഉപയോഗിക്കുന്നതിനു നിയന്ത്രണങ്ങൾ ഈ ഉടമ്പടിയിലുണ്ട്. ജലത്തിന്റെ ഉപഭോഗമില്ലാത്ത ജലവൈദ്യുതോത്പാദനം, ജലഗതാഗതം എന്നീ ഉപയോഗങ്ങൾക്കും ചില നിയന്ത്രണങ്ങളോടെ കൃഷിക്കും ഇന്ത്യക്ക് പടിഞ്ഞാറൻ നദികൾ പരിമിതമായി ഉപയോഗിക്കാം. നദികളിൽ ഒഴുക്കു തടസ്സപ്പെടുത്താത്ത രീതിയിൽ വേണം ജലവൈദ്യുതി പദ്ധതികൾ നടപ്പിലാക്കാൻ. കരാറുമായി ബന്ധപ്പെട്ട ഡേറ്റാ കൈമാറ്റം, പ്രശ്നപരിഹാരം തുടങ്ങി കാര്യങ്ങൾക്കായി പെർമനന്റ് ഇന്‍ഡസ് കമ്മിഷൻ എന്ന പേരിൽ ഒരു സ്ഥിര കമ്മിഷനും രൂപീകരിച്ചിട്ടുണ്ട്.
∙ ഉടമ്പടി നിർത്തലാക്കിയാല്‍ എന്തു സംഭവിക്കും?
ഉടമ്പടി പാലിക്കാതെ വന്നാൽ, ഏറ്റവും ഗുരുത ആഘാതം പാക്കിസ്ഥാനാണു നേരിടേണ്ടി വരിക. സാമ്പത്തികവും കാർഷികവുമായ ആഘാതമാണ് പാക്കിസ്ഥാനു പ്രധാനമായും ഉണ്ടാവുക. പാക്കിസ്ഥാന്റെ പഞ്ചാബ്, സിന്ധ് പ്രവിശ്യകളെ കാര്യമായി ബാധിക്കും. ആകെ ഒഴുകുന്ന ജലത്തിന്റെ 80 ശതമാനവും പാക്കിസ്ഥാനാണ് ലഭിക്കുന്നത്. ഇവയുപയോഗിച്ച് ജലസേചനം, കൃഷി, കുടിവെള്ളം തുടങ്ങിയ ആവശ്യങ്ങൾ പാക്കിസ്ഥാൻ നിറവേറ്റുന്നു. നദീതടത്തിന്റെ മുകൾഭാഗത്തുള്ള രാജ്യം എന്ന നിലയിൽ പാക്കിസ്ഥാനിലേക്കുള്ള നദികളിലെ ജലപ്രവാഹം നിയന്ത്രിക്കാൻ ഇന്ത്യയ്ക്കു കൂടുതൽ സാധിക്കും. പടിഞ്ഞാറൻ നദികളിൽനിന്നുള്ള വെള്ളത്തെ വളരെയധികം ആശ്രയിക്കുന്ന പാക്കിസ്ഥാന്റെ കാർഷിക, വൈദ്യുതി മേഖലകൾ പ്രതിസന്ധിയിലാവുകയും കുടിവെള്ള ക്ഷാമത്തിനും ഭക്ഷ്യ അരക്ഷിതാവസ്ഥയ്ക്കും കാരണമാകുകയും ചെയ്യും. ഇതിനെല്ലാം ഉപരിയായി സാമ്പത്തിക നഷ്ടവും നേരിടേണ്ടി വരും. പാക്കിസ്ഥാന്റെ ദേശീയ വരുമാനത്തിന്റെ 23 ശതമാനമാണ് കൃഷിയിൽനിന്ന് ലഭിക്കുന്നത്. അനിയന്ത്രിതമായ ജല ഉപയോഗമുണ്ടായാൽ വെള്ളപ്പൊക്കത്തിലേക്കും പലയിടത്തെയും മണ്ണില്‍ ഉപ്പിന്റെ അളവു വർധിക്കുന്നതുപോലെയുള്ള പരിസ്ഥിതി പ്രശ്നങ്ങളിലേക്കും നയിക്കാം. പ്രദേശത്തെ ഉപജീവനമാർഗങ്ങളെയും ഇതു ദോഷകരമായി ബാധിക്കും.
ഉടമ്പടി നിര്‍ത്തലാക്കുന്നതോടെ ഇന്ത്യയ്ക്കും പല ഗുണങ്ങളുണ്ട്. ഉടമ്പടിയില്ലെങ്കിൽ ഇന്ത്യയ്ക്കു നിയന്ത്രണങ്ങളോ പരിമിതികളോ ഇല്ലാതെ ജലം ഉപയോഗിക്കാം എന്ന സ്വാതന്ത്ര്യം ലഭിക്കും. ഊർജ സ്രോതസ് വർധിപ്പിക്കാൻ ജലവൈദ്യുത പദ്ധതികൾ വഴി സാധ്യമാകും. അണക്കെട്ടുകളും നിർമിക്കാനാകും. പ്രദേശത്ത് ഇന്ത്യ നടപ്പിലാക്കുന്ന പദ്ധതികളുടെ വിവരങ്ങൾ പാക്കിസ്ഥാനുമായി പങ്കുവയ്ക്കേണ്ടി വരില്ല, അനുവാദങ്ങളോ ഔപചാരികതകളോ ഒഴിവാക്കാം. എന്നാൽ, പാക്കിസ്ഥാനുമായി ഉഭയകക്ഷി സംഘർഷങ്ങൾക്ക് ഇതു കാരണമാകും. സമാധാനപരമായ സംഭാഷണങ്ങള്‍ക്കും തർക്ക പരിഹാരത്തിനുമുള്ള ഒരു ചട്ടക്കൂടാണു തകരുന്നത്. ഇതു ഭാവിയിലെ സംഘർഷ പരിഹാര ശ്രമങ്ങളെ സങ്കീർണമാക്കിയേക്കാം. ഇരു രാജ്യങ്ങളിലെയും അതിര്‍ത്തി മേഖലകളിലെ ജീവിതത്തെ സാരമായി ബാധിക്കും. രാജ്യാന്തര തലത്തിൽ വിമർശനങ്ങളുണ്ടായേക്കാം. നയതന്ത്ര ബന്ധങ്ങൾ സങ്കീർണമാക്കുകയും ചെയ്തേക്കാം.
∙ ഇന്ത്യയ്ക്ക് ഒറ്റയ്ക്കു ഉടമ്പടി നിർത്തലാക്കാൻ സാധിക്കുമോ?
ലഭ്യമായ വിവരങ്ങൾ പ്രകാരം, ഈ ഉടമ്പടിയിൽ ഒരു എക്സിറ്റ് ക്ലോസോ നിശ്ചിത കാലാവധിയോ ഇല്ല. ഒരു തർക്ക പരിഹാര സംവിധാനം ഇതിലുണ്ട്. എന്നാലും, ഒരു രാജ്യത്തിന് ഒറ്റയ്ക്കു തീരുമാനമെടുത്ത് ഇതില്‍നിന്നു പുറത്തുപോകാൻ സാധിക്കില്ല. കരാറിൽ മാറ്റങ്ങൾ വരുത്താനോ അവസാനിപ്പിക്കാനോ ഇരുപക്ഷത്തിന്റെയും സമ്മതവും മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പുതിയ ഉടമ്പടി ഒപ്പുവയ്ക്കുകയും വേണം. എന്നാൽ ഇങ്ങനെയൊരു വിഷയത്തിൽ പ്രശ്ന പരിഹാരത്തിന് ഇന്ത്യയ്ക്കെതിരെ പരാതി നൽകാൻ പാക്കിസ്ഥാന് രാജ്യാന്തര നീതിന്യായ കോടതിയെ സമീപിക്കാനും സാധിക്കില്ല എന്ന തിരിച്ചടിയും പാക്കിസ്ഥാനുണ്ട്. എന്നാൽ ഇന്ത്യ ഇന്നു തീരുമാനിച്ചാലും പെട്ടെന്ന് ജലത്തിന്റെ ഒഴുക്കു തടയാനാവില്ല. ഇതിനുള്ള സംവിധാനം ഒരുക്കാനും മറ്റും വർഷങ്ങളെടുത്തേക്കും. വലിയ റിസർവോയർ ഉണ്ടാക്കേണ്ടിവരും. ഇതിന് വ്യാപകമായ തരത്തിൽ പഠനങ്ങളും മറ്റും നടത്തണം. നിലവിൽ പാക്കിസ്ഥാനെ സമ്മർദത്തിലാക്കി പല അനുകൂല തീരുമാനങ്ങളും എടുപ്പിക്കുക എന്നതാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.