
തിരുവനന്തപുരം: ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും ക്ഷീരകര്‍ഷകരുടെ വരുമാന വര്‍ധനവും ലക്ഷ്യമാക്കി ഇന്‍സ്റ്റന്റ് ബട്ടര്‍ ഇടിയപ്പം, ഇന്‍സ്റ്റന്റ് ഗീ ഉപ്പുമാവ് എന്നീ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച് മില്‍മ. കനകക്കുന്നില്‍ സംഘടിപ്പിച്ചിരിക്കുന്ന സഹകരണ എക്സ്പോയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പുതിയ ഉത്പന്നങ്ങളുടെ വിപണോദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി. എന്‍ വാസവന്, ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവര്‍ നിര്‍വഹിച്ചു. മില്‍മ ഇന്‍സ്റ്റന്റ് ബട്ടര്‍ ഇടിയപ്പം മന്ത്രി വി. എന്‍ വാസവനും മില്‍മ ഇന്‍സ്റ്റന്റ് ഗീ ഉപ്പുമാവ് മന്ത്രി ജെ. ചിഞ്ചുറാണിയുമാണ് പുറത്തിറക്കിയത്.
മില്‍മ ചെയര്മാന് കെ. എസ് മണി, അഡ്വ.കെ. പ്രേംകുമാര്‍ എംഎല്‍എ, കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാര്‍ ഡോ. ഡി. സജിത് ബാബു ഐഎഎസ്, ക്ഷീരവികസന വകുപ്പ് ഡയറക്ടറും മില്‍മ മാനേജിംഗ് ഡയറക്ടറുമായ ആസിഫ് കെ യൂസഫ് ഐഎഎസ്, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, മലബാര്‍ റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന് എംഡി കെ സി ജെയിംസ്, തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന് എംഡി ഡോ. പി മുരളി, മില്‍മ ഭരണസമിതി അംഗങ്ങള്‍, മലബാര്‍ റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന് ബോര്‍ഡ് അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.
ഉത്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം ഉറപ്പിച്ച സഹകരണ സ്ഥാപനമാണ് മില്‍മയെന്ന് മന്ത്രി വി. എന്‍ വാസവന് പറഞ്ഞു. കേരളത്തിന്റെ ജൈവവൈവിധ്യത്തെ പ്രയോജനപ്പെടുത്തി ഗുണമേന്മയുള്ളതും ഉപഭോക്താക്കള്‍ക്ക് ലാഭകരവുമായ 400 ലധികം ഉത്പന്നങ്ങള്‍ സഹകരണമേഖല പുറത്തിറക്കുന്നത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശ വിപണിയിലടക്കം മില്‍മയുടെ ഉത്പന്നങ്ങള്‍ക്കുള്ള സ്വീകാര്യതയും കയറ്റുമതി വര്‍ധനയും അഭിമാനകരമാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. സമീപകാലത്ത് മില്‍മ അവതരിപ്പിച്ച റെഡി ടു കുക്ക് വിഭവങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ പ്രചാരം നേടിയിട്ടുണ്ട്. മില്‍മയില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ക്ഷീരകര്‍ഷകരുടെ വരുമാനം വര്‍ദ്ധിക്കാന്‍ സഹായകമാണ്. തിരക്ക് പിടിച്ച ഇന്നത്തെ ജീവിത ക്രമത്തില്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും പോഷകമൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്ത ആരോഗ്യപ്രദവുമായ ഉത്പന്നങ്ങളാണ് മില്‍മ അവതരിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വൈവിധ്യവത്ക്കരണത്തിന്റെ ഭാഗമായി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും മില്‍മയുടെ ഉപഭോക്താക്കളാക്കുന്നതിനായി 100-150 ഉത്പന്നങ്ങള്‍ മില്‍മ പുറത്തിറക്കുന്നുണ്ടെന്ന് മില്‍മ ചെയര്മാന് കെ. എസ് മണി പറഞ്ഞു. മത്സരാധിഷ്ഠിത വിപണിയില്‍ പുതിയ തലമുറയുടെ ഭക്ഷണരീതിയ്ക്ക് അനുയോജ്യമായതും ആകര്‍ഷണീയവുമായ ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതിനൊപ്പം വ്യത്യസ്തങ്ങളായ വിഭവങ്ങള്‍ വിപണിയിലെത്തിക്കുന്നതിനാണ് മില്‍മ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് പുതിയ ഉത്പന്നങ്ങളായ ഇന്‍സ്റ്റന്റ് ബട്ടര്‍ ഇടിയപ്പവും ഇന്‍സ്റ്റന്റ് ഗീ ഉപ്പുമാവും പുറത്തിറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുത്തന്‍ വിപണി ലക്ഷ്യമാക്കി മില്‍മയുടെ നെയ്യ്, ബട്ടര്‍ എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയിട്ടുള്ള രണ്ട് പുതിയ ഉത്പന്നങ്ങളാണ് മില്‍മ ഇന്‍സ്റ്റന്റ് ബട്ടര്‍ ഇടിയപ്പം, മില്‍മ ഇന്‍സ്റ്റന്റ് ഗീ ഉപ്പുമാവ് എന്നിവ. ജനപ്രിയ ഭക്ഷണങ്ങളായ ഇടിയപ്പം (നൂല്‍പ്പുട്ട്), ഉപ്പുമാവ് എന്നിവയില്‍ ശുദ്ധമായ മില്‍മ ബട്ടര്‍, മില്‍മ നെയ്യ് എന്നിവ ചേര്‍ക്കുന്നതിലൂടെ പാലിന്റെ പോഷക ഗുണങ്ങള്‍ക്കൊപ്പം വെണ്ണ, നെയ്യ് എന്നിവയുടെ മണവും രുചിയും അനുഭവവേദ്യമാകും.
ഇടിയപ്പത്തിന് ഒരു വര്‍ഷത്തോളവും ഉപ്പുമാവിന് ആറുമാസത്തോളവും സൂക്ഷിപ്പ് കാലാവധിയുണ്ട്. വളരെപ്പെട്ടെന്ന് തയ്യാറാക്കാനാകുന്ന ഈ വിഭവങ്ങളില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടില്ല. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഇന്‍സ്റ്റന്റ് ബട്ടര്‍ ഇടിയപ്പവും മില്‍മ ഇന്‍സ്റ്റന്റ് ഗീ ഉപ്പുമാവും തയ്യാറാക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
മില്‍മ ഉത്പന്നങ്ങളുടെ ഡിസൈനും അളവും വിലയും ഏകീകരിക്കുന്ന ‘റീപൊസിഷനിംഗ് മില്‍മ 2023’ പദ്ധതിയുടെ ഭാഗമായി പാല്, തൈര്, നെയ്യ് എന്നീ ഉത്പന്നങ്ങളെ കൂടാതെ വിപണിയിലെ മാറ്റങ്ങള്‍ക്കും ഉപഭോക്താക്കളുടെ മാറുന്ന അഭിരുചിക്കും അനുസൃതമായി ഒട്ടനവധി പുതിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. വിവിധ ഫ്ളേവറുകളിലുള്ള ഐസ്ക്രീമുകള്‍, ഫ്ളേവേര്‍ഡ് മില്‍ക്കുകള്‍, വിവിധ തരം പേഡകള്‍, പനീര്‍ ബട്ടര്‍ മസാല, ഇന്‍സ്റ്റന്റ് പുളിശ്ശേരി, ടെണ്ടര്‍ കോക്കനട്ട് വാട്ടര്‍, മില്‍മ കാഷ്യു വിറ്റ എന്നിവ അവയില്‍ ചിലതാണ്.
ഉപഭോക്താക്കള്‍ക്ക് വളരെ ഉപകാരപ്രദമായ നിരവധി ഇന്‍സ്റ്റന്റ് പ്രോഡക്റ്റുകളും മില്‍മ അവതരിപ്പിക്കുന്നുണ്ട്. പനീര്‍ ബട്ടര്‍ മസാല, ഇന്‍സ്റ്റന്റ് പുളിശ്ശേരി മിക്സ്, റെഡി-ടു-ട്രിങ്ക് പാലട പായസം എന്നിവയും ഉപഭോക്താക്കള്‍ക്കായി മില്‍മ വിപണിയിലവതരിപ്പിച്ചിരുന്നു. മില്‍മ ഉത്പന്നങ്ങളുടെ പാക്കിംഗ്, ഡിസൈന്‍, ഗുണനിലവാരം, വിപണനം എന്നിവയില്‍ സമഗ്രമായ മാറ്റം വരുത്തി സംസ്ഥാനമൊട്ടാകെ ഏകീകരിച്ച് വിപണിയില്‍ അവതരിപ്പിക്കുന്ന പദ്ധതിയാണ് ‘റീപൊസിഷനിംഗ് മില്‍മ’. സംസ്ഥാനത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ പോലും മില്‍മയുടെ എല്ലാ ഉത്പന്നങ്ങളും ലഭ്യമാക്കുന്ന രീതിയില്‍ വിപണനശൃംഖല വികസിപ്പിക്കുവാനും സംസ്ഥാനത്ത് പാലുത്പാദനവും വിപണനവും മെച്ചപ്പെടുത്താനും വിപണിസാധ്യത പ്രയോജനപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]