
ഐപിഎല്ലിൽ ലഖ്നൌ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 210 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്നൌ 8 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് നേടി. നിക്കോളാസ് പൂരന്റെയും മിച്ചൽ മാർഷിന്റെയും തകർപ്പൻ പ്രകടനമാണ് ലഖ്നൌവിന് മികച്ച സ്കോർ സമ്മാനിച്ചത്. ഓപ്പണാറായി ക്രീസിലെത്തിയ മാർഷ് 36 പന്തിൽ നിന്നും 72 റൺസും പൂരാൻ 30 പന്തിൽ 75 റൺസും നേടി.
തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിക്കുകയെന്ന അജണ്ടയുമായാണ് ലഖ്നൌ താരങ്ങൾ കളത്തിലിറങ്ങിയത്. 5 ഓവറിൽ 50 കടന്ന ടീം സ്കോർ പവർ പ്ലേ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 64ൽ എത്തിയിരുന്നു. 7-ാം ഓവറിൽ മാർഷ് ആദ്യ പന്ത് തന്നെ സിക്സറിന് പറത്തുകയും രണ്ടാം പന്തിൽ സിംഗിളിലൂടെ അർധ സെഞ്ച്വറി തികയ്ക്കുകയും ചെയ്തു. വെറും 22 പന്തിലായിരുന്നു മാർഷ് അർധ സെഞ്ച്വറി തികച്ചത്. തുടർന്ന് പൂരാൻ മൂന്ന് സിക്സറുകൾ കൂടി പറത്തിയതോടെ 7-ാം ഓവറിൽ 25 റൺസാണ് പിറന്നത്. ഇതിനിടെ പൂരാന്റെ ക്യാച്ച് സമീർ റിസ്വി നഷ്ടമാക്കുകയും ചെയ്തു. തൊട്ടടുത്ത ഓവറിൽ ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് 50 റൺസ് പിന്നിട്ടു.
8.2 ഓവറിൽ ടീം സ്കോർ 100 റൺസ് തികഞ്ഞു. 12-ാം ഓവറിൽ മിച്ചൽ മാർഷിനെ പുറത്താക്കി മുകേഷ് കുമാർ ഡൽഹിയ്ക്ക് പ്രതീക്ഷ നൽകി. 36 പന്തിൽ 6 സിക്സറുകളും 6 ബൌണ്ടറികളും സഹിതം 72 റൺസ് അടിച്ചുകൂട്ടിയ ശേഷമാണ് മാർഷ് മടങ്ങിയത്. എന്നാൽ, തൊട്ടടുത്ത ഓവറിൽ തന്നെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത നിക്കോളാസ് പൂരാൻ ഡൽഹിയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. ട്രിസ്റ്റൻ സ്റ്റബ്സ് എറിഞ്ഞ 13 -ാം ഓവറിൽ 4 സിക്സറുകളും ഒരു ബൌണ്ടറിയും സഹിതം പൂരാൻ അടിച്ചെടുത്തത് 28 റൺസ്. 14-ാം ഓവറിൽ കുൽദീപ് യാദവ് റിഷഭ് പന്തിനെ പുറത്താക്കി. ഓഫ് സ്റ്റംപിന് പുറത്തേയ്ക്ക് വന്ന പന്തിനെ ലോംഗ് ഓഫിന് മുകളിൽ കൂടി പായിക്കാനുള്ള ഡൽഹി നായകന്റെ ശ്രമം പാളി. ഫാഫ് ഡുപ്ലസിയുടെ ക്യാച്ചിൽ പന്ത് പൂജ്യത്തിന് പുറത്ത്.
15-ാം ഓവറിൽ മടങ്ങിയെത്തിയ മിച്ചൽ സ്റ്റാർക്ക് മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. വെറും 8 റൺസ് മാത്രം വഴങ്ങിയ സ്റ്റാർക്ക് അപകടകാരിയായ നിക്കോളാസ് പൂരന്റെ കുറ്റി തെറിപ്പിക്കുകയും ചെയ്തു. വെറും 30 പന്തുകളിൽ നിന്ന് 75 റൺസ് നേടിയാണ് പൂരാൻ മടങ്ങിയത്. 6 ബൌണ്ടറികളും 7 സിക്സറുകളുമാണ് പൂരാന്റെ ബാറ്റിൽ നിന്ന് പിറന്നത്. 16-ാം ഓവറിൽ അക്സർ പട്ടേൽ വെറും 6 റൺസ് മാത്രം വഴങ്ങി ഡൽഹിയുടെ സമ്മർദ്ദം കുറച്ചു. തൊട്ടടുത്ത ഓവറിൽ തന്നെ ആയുഷ് ബദോനിയെ കുൽദീപ് പുറത്താക്കി. ക്രീസിന് പുറത്തിറങ്ങി കുൽദീപിനെ അതിർത്തി കടത്താനുള്ള ബദോനിയുടെ (4) ശ്രമം ട്രിസ്റ്റൻ സ്റ്റബ്സിന്റെ കൈകളിൽ അവസാനിച്ചു. ഇതേ ഓവറിൽ ശാർദ്ദൂൽ ഠാക്കൂർ റണ്ണൌട്ടാകുകയും ചെയതു. വെറും 2 റൺസ് മാത്രമാണ് കുൽദീപ് വഴങ്ങിയത്.
ഒരറ്റത്ത് ഡേവിഡ് മില്ലർ നിലയുറപ്പിച്ചെങ്കിലും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചില്ല. 19 പന്തിൽ 27 റൺസുമായി മില്ലർ പുറത്താകാതെ നിന്നു. അവസാന ഓവറുകളിൽ മറുഭാഗത്ത് വിക്കറ്റുകൾ നിരന്തരമായി വീണതാണ് ലഖ്നൌവിന് തിരിച്ചടിയായത്. മാർഷും പൂരനും പുറത്തായതിന് പിന്നാലെയെത്തിയ ആർക്കും മികച്ച പ്രകടനം പുറത്തെടുക്കാനാകാതെ പോയതോടെ ലഖ്നൌവിന്റെ ഇന്നിംഗ്സ് 209ൽ ഒതുങ്ങുകയായിരുന്നു.
READ MORE: നിർണായക ടോസ് വിജയിച്ച് ഡൽഹി ക്യാപിറ്റൽസ്; ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ഫീൽഡിംഗ് തിരഞ്ഞെടുത്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]