
ആലുവ: നിർധന കുടുംബത്തിലെ പെൺകുട്ടി. പഠനാവശ്യത്തിനായി പിതാവിന്റെ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നു. പതിയെ അതിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറന്നു. പഠനത്തിൽ മിടുക്കിയായതിനാൽ ഫോൺ നോക്കുന്നത് മാതാപിതാക്കൾ കാര്യമാക്കിയില്ല. കുറെകഴിഞ്ഞപ്പോൾ പഠനത്തിൽ പിന്നിലാകുകയും സംസാരം കുറയുകയും ചെയ്തു. സംശയം തോന്നിയ വീട്ടുകാർ വിശദമായി അന്വേഷിച്ചു. ഞെട്ടിക്കുന്ന വിവരമാണ് ലഭിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആൺസുഹൃത്ത് മുഖേന ആ പ്ളസ് വൺ വിദ്യാർത്ഥിനി മയക്ക്മരുന്നിന് അടിമയായിരിക്കുന്നു! കൗൺസിലിംഗിലൂടെയും ചികിത്സയിലൂടെയും മകളെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് വീട്ടുകാർ.
ആൺ- പെൺ വ്യത്യാസമില്ലാതെ പുതുതലമുറ മയക്കുമരുന്നിന് അടിമകളാകുന്നത് എങ്ങനെ എന്നതിന്റെ ഒരു ഉദാഹരണം മാത്രമാണിത്. മദ്യപാനവും പുകവലിയുമല്ല, ഉപയോഗിച്ചാൽ ഗന്ധം മൂലം മറ്റുള്ളവർക്ക് തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധമുള്ള കൂടിയ ഇനം മയക്കുമരുന്നിലാണ് പുതുതലമുറ മയങ്ങിയിരിക്കുന്നത്.
ഒഡീഷ ഉൾപ്പെടെയുള്ള അന്യസംസ്ഥാനങ്ങളിൽ നിന്നും കുറഞ്ഞ തുകയ്ക്ക് കഞ്ചാവ് വാങ്ങി ട്രെയിനിൽ വരുന്നവർ ആലുവയിലേക്ക് ടിക്കറ്റ് എടുക്കുമെങ്കിലും തൃശൂരിൽ ഇറങ്ങും. അന്യസംസ്ഥാനക്കാർ അരങ്ങുവാഴുന്ന പെരുമ്പാവൂരിലേക്കാണ് ഭൂരിഭാഗം കഞ്ചാവുകളും എത്തുന്നതെങ്കിലും ആലുവ റെയിൽവേ സ്റ്റേഷനിൽ പൊലീസ് - ആർ.പി.എഫ് പരിശോധന ശക്തമായതിനാലാണ് തൃശൂരിൽ ഇറങ്ങുന്നത്. പിന്നീട് ബസ് മാർഗം അങ്കമാലി വഴി പെരുമ്പാവൂരിലെത്തും. ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 3000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് കേരളത്തിലെത്തിച്ച് മൊത്ത വിൽപ്പന നടത്തിയാൽ 25,000 രൂപയും ചില്ലറ വിൽപ്പനയാണെങ്കിൽ അര ലക്ഷവും ലഭിക്കും. അന്യസംസ്ഥാനക്കാരിൽ നിന്ന് ലഹരി വസ്തുക്കൾ വാങ്ങി വിൽക്കുന്നവരിൽ മലയാളികളുമുണ്ട്.
ശക്തം ഓപ്പറേഷൻ ക്ലീൻ
‘ഓപ്പറേഷൻ ക്ലീൻ” പദ്ധതിയുമായി ബന്ധപ്പെട്ട് എറണാകുളം റൂറൽ ജില്ലയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 2037 മയക്ക് മരുന്ന് കേസുകളാണ്. ഇതിൽ 10 എണ്ണം കൊമേഷ്യൽ ക്വാണ്ടിറ്റിയുള്ളവ. 100 കിലോഗ്രാം കഞ്ചാവാണ് തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മാത്രം പിടികൂടിയത്. മയക്കുമരുന്ന് വില്പനയും ഉപയോഗവും തടയുന്നതിനായി പിറ്റ് എൻ.ഡി.പി.എസ് പ്രകാരം 12 പേരെ കരുതൽ തടങ്കലിലാക്കി.
രാസലഹരി നിർമ്മാണ വിപണന ശൃംഖലയിലെ പ്രധാന കണ്ണിയായ കോംഗോ വംശജൻ ഹംഗാര പോളിനെ ബംഗളൂരുവിൽ ചെന്ന് സാഹസികമായാണ് പിടികൂടിയത്.വാട്ടർ ഹീറ്ററിൽ ഒളിപ്പിച്ച് 50 ലക്ഷത്തിലേറെ വില വരുന്ന എം.ഡി.എം.എയുമായി ഡൽഹിയിൽ നിന്ന് തീവണ്ടി മാർഗം ആലുവയിലെത്തിയ സർമീൻ അക്തർ എന്ന യുവതിയെയും പിടികൂടിയിരുന്നു.
കഞ്ചാവ് – 270 കിലോഗ്രാം
എം.ഡി.എം.എയും, മെത്താഫിറ്റാമിനും- 2.5 കിലോഗ്രാം
ഹെറോയിൻ – 230 ഗ്രാം
ഹാഷിഷ് ഓയിൽ -90 ഗ്രാം
ബ്രൗൺ ഷുഗർ -180 ഗ്രാം
എൽ.എസ്.ഡി സ്റ്റാമ്പ് – 8 എണ്ണം
കഞ്ചാവ് ബീഡി – 1650 എണ്ണം
ഗ്രോബാഗിൽ വളർത്തിയ കഞ്ചാവ് ചെടികൾ – 13എണ്ണം