
കോഴിക്കോട്: ആശാ വർക്കർമാർ നടത്തുന്ന സമരത്തെ വിമർശിച്ച് സിപിഎം മുഖപത്രം. ഏതാനും ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന സമരമാണിതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം എഴുതിയ ലേഖനത്തിൽ പറയുന്നു. ആർക്കുവേണ്ടിയാണ് ഈ സമര നാടകം എന്ന തലക്കെട്ടോടെയാണ് ലേഖനം എഴുതിയിരിക്കുന്നത്.
മൂന്നാറിലെ ടാറ്റ ടീ എസ്റ്റേറ്റിലെ ഒരുവിഭാഗം തൊഴിലാളിരളെ സംഘടിപ്പിച്ച് ‘പൊമ്പിളൈ ഒരുമ’ എന്ന പേരിൽ നടത്തിയ സമരത്തിന്റെ തനിയാവർത്തനമാണിത്. ഇതേ മാതൃകയിൽ ചില അരാജക സംഘടനകൾ ഏതാനും ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് ആരംഭിച്ചതാണ് ഇപ്പോഴത്തെ സമരമെന്നും ലേഖനത്തിൽ പറയുന്നു.
ലേഖനത്തിൽ പറയുന്നത്:
2005ലാണ് ആശാ എന്ന സ്കീം ആരംഭിച്ചത്. ഗ്രാമീണ ജനതയെ പൊതു ആരോഗ്യ പ്രസ്ഥാനവുമായി കൂട്ടിയിണക്കി ശിശു മരണ നിരക്ക് കുറയ്ക്കാനും ഗർഭിണികളുടെ സുരക്ഷയ്ക്കും താഴെത്തലം വരെ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിനും ലക്ഷ്യം വച്ചാണ് പദ്ധതി തുടങ്ങിയത്. സേവനത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകളെ സന്നദ്ധ പ്രവർത്തകരായാണ് കണക്കാക്കേണ്ടതെന്നാണ് എൻഎച്ച്എം വ്യവസ്ഥ. ഈ കാരണത്താൽ ന്യായമായ ശമ്പളമോ മിനിമം വേതനം എന്ന തത്വമോ ബാധകമല്ല. ആശ, അങ്കണവാടി, എൻഎച്ച്എം, എംഎൻആർഇജി തുടങ്ങിയവയെല്ലാം ഇത്തരം കേന്ദ്ര പദ്ധതികളാണ്.
കേന്ദ്ര പദ്ധതികൾ വ്യവസ്ഥയ്ക്കനുസരിച്ച് നടപ്പാക്കാനേ സംസ്ഥാനങ്ങൾക്ക് അധികാരമുള്ളു. സംസ്ഥാന സർക്കാർ നിയമിക്കുന്നവർക്ക് മാത്രമേ നിയമാനുസൃതം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ കഴിയൂ.
സംസ്ഥാനത്ത് ആരോഗ്യവകുപ്പിന് കീഴില്‍ സേവനമനുഷ്ഠിക്കുന്നവരായതുകൊണ്ട് മറ്റ് ജീവനക്കാരെ പോലെ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കണമെന്ന ആവശ്യം നിയമപ്രകാരം നടപ്പാക്കാന്‍ ഒരു സര്‍ക്കാരിനും സാദ്ധ്യമല്ല. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇപ്പോള്‍ നടക്കുന്ന സമരത്തെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് ഇക്കാര്യം നടപ്പാക്കിയിരുന്നോ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്ന സമയത്താണ് ആശാ സ്കീം വരുന്നത്. എന്നിട്ടുപോലും കേരളത്തിൽ ഇത് കൊണ്ടുവന്നില്ല. പിന്നീട് വിഎസ് സർക്കാരാണ് ആശാ പദ്ധതി കൊണ്ടുവന്നതും. ഓണത്തിന് 500 രൂപ വീതം ഉത്സവബത്ത നൽകിയതും. തുടർന്ന് 3000 രൂപ ഓണറേറിയം നൽകാനും തീരുമാനിച്ചു. 2011ൽ യുഡിഎഫ് സർക്കാർ അധികാരമേറ്റ് 14 മാസം പിന്നിട്ടിട്ടും ഓണറേറിയമോ ഇൻസെന്റീവോ നൽകിയില്ല. 2016ൽ ആരോഗ്യമന്ത്രിയായിരുന്ന കെകെ ശൈലജ മുൻകയ്യെടുത്ത് ആശമാർക്ക് അനുകൂല നിലപാട് സ്വീകരിച്ചു. കേന്ദ്രം പണം നൽകാതിരുന്നപ്പോഴും സംസ്ഥാന ഫണ്ടിൽ നിന്ന് ചെലവാക്കി. ആശമാർക്കുള്ള ആശ്വാസകിരൺ ഇൻഷ്വറൻസ് പദ്ധതി കേന്ദ്രം റദ്ദാക്കിയപ്പോഴും സിഐടിയു അല്ലാതെ ഒരു സംഘടനയും ശബ്ദമുയർത്തിയില്ല.
അതേസമയം, ആശാ വർക്കർമാർ സമരം ജില്ലാ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്. 27ന് ആലപ്പുഴ, മലപ്പുറം ജില്ലകളിലും 28ന് കോഴിക്കോട്ടും സമരം നടത്തും. കൂടുതൽ ജില്ലകളിലും സമരം വ്യാപിപ്പിക്കും. ചെയ്ത ജോലിയുടെ റിപ്പോർട്ട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് നൽകേണ്ടെന്നാണ് തീരുമാനം. ഓണറേറിയം കുടിശിക കിട്ടിയത് ഡിസംബർ മാസത്തെ മാത്രമാണ്. മുഴുവൻ കുടിശിക നൽകി എന്നത് തെറ്റായ പ്രചരണമെന്നും സമരസമിതി വ്യക്തമാക്കി.