
തിരുവനന്തപുരം: വട്ടപ്പാറയിൽ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്ത്താവ് തൂങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജയകുമാരിയെ കൊലപ്പെടുത്തിയശേഷം ബാലചന്ദ്രൻ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ്. ഭാര്യയുടെ രോഗം മൂർച്ചിച്ചതിൽ മനംനൊന്തായിരിക്കാം ഇവരെ കൊലപ്പെടുത്തിയ ശേഷം ബാലചന്ദ്രൻ ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ നിഗമനം. പ്രമേഹ രോഗം മൂർച്ഛിച്ച് ജയകുമാരി ഏറെ നാളായി കിടപ്പിലായിരുന്നു.
ഉയർന്ന പ്രമേഹം മൂലം കാഴ്ച മങ്ങിത്തുടങ്ങിയ ജയകുമാരിയെ ഭർത്താവ് ബാലചന്ദ്രൻ താങ്ങിയെടുത്ത് വീടിന്റെ ഉമ്മറത്ത് കൊണ്ടിരുത്തും. പുറം കാഴ്ചകളും വിശേഷങ്ങളും പങ്കുവയ്ക്കും. ഭാര്യയ്ക്ക് പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയായിട്ടും താങ്ങായിരുന്ന ബാലചന്ദ്രന് അതൊരു പ്രശ്നമായിരുന്നില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. മസ്തിഷ്കത്തിന്റെ തകരാറിനുകാരണമാകുന്ന പാർക്കിൻസൺസ് രോഗം മൂർച്ചിച്ചതോടെ പ്രിയപ്പെട്ട പങ്കാളിയുടെ വേദന കണ്ട് മടുത്തിട്ടാവാം ബാലചന്ദ്രൻ ഈ കടുംകൈ ചെയ്തതെന്നും ഇവർ പറയുന്നു.
വട്ടപ്പാറ കുറ്റ്യാനി സ്വദേശി ബാലചന്ദ്രൻ, ഭാര്യ ജയകുമാരി എന്നിവരാണ് ഇന്നലെ ഉച്ചയോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ തമ്മിൽ കാര്യമായ വഴക്കോ, മറ്റ് തർക്കങ്ങളോ ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. കൂലിപ്പണിക്കാരനായിരുന്ന ബാലചന്ദ്രന് പ്രായം അറുപത്തിയേഴായെങ്കിലും ഭാര്യയോടുള്ള സ്നേഹത്തിനും കരുതലിനും ഒരു കുറവും ഉണ്ടായിട്ടില്ലെന്നാണ് അയൽവാസികൾ പറയുന്നത്.
ജയകുമാരിയുടെ കഴുത്തറുത്ത് അതേ മുറിയിൽ തൂങ്ങിയ നിലയിലാണ് ഇരുവരുടെയും മൃതദേഹം പൊലീസ് കണ്ടെടുത്തത്. പോസ്റ്റുമോർട്ടത്തിന് ശേഷമേ കൂടുതൽ എന്തെങ്കിലും പറയാൻ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥനും ഓട്ടോ ഡ്രൈവറുമായ രണ്ട് ആൾമക്കളാണ് ഇവർക്കുള്ളത്. ഇതിൽ മൂത്തയാളിന്റെ ഭാര്യ ഭക്ഷണവുമായി എത്തിയപ്പോഴാണ് ഇവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
Read More : ‘ന്യായം കൊള്ളാം’; ടിപി ശ്രീനിവാസൻ പറഞ്ഞത് ഇതാ, പോസ്റ്റ് തർജ്ജമ ചെയ്ത് തുമ്മാരുക്കുടി, എസ്എഫ്ഐക്ക് വിമർശനം
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]