
കോഴിക്കോട്: വീട്ടിലെ പ്രശ്നങ്ങളെ തുടർന്ന് ഭാര്യ നൽകിയ പരാതിയെ തുടര്‍ന്ന് വിളിപ്പിച്ചതിന് പൊലീസ് സ്റ്റേഷനില്‍ മധ്യവയസ്കന്റെ പരാക്രമം. താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ ഇന്ന് രാവിലെ ഒന്‍പതോടെയാണ് സംഭവം ഉണ്ടായത്. കുടുംബ പ്രശ്നത്താല്‍ ആലപ്പിടമ്മല്‍ ഷാജി (53) എന്നയാളുടെ ഭാര്യ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു പൊലീസ്. രാവിലെയോടെ സ്റ്റേഷനില്‍ എത്തിയ ഇയാള്‍ ബഹളമുണ്ടാക്കുകയും ലാൻഡ് ഫോണും കംപ്യൂട്ടറും ഉള്‍പ്പെടെയുള്ളവ തകര്‍ത്തതായും എസ് ഐ ജിതേഷ് പറഞ്ഞു.
ഇയാളുടെ പരാക്രമത്തില്‍ പരുക്കേറ്റ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷിജു ആശുപത്രിയില്‍ ചികിത്സ തേടി. വിവരമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും തിരിഞ്ഞ പ്രതി എന്തിനാണ് തന്റെ ഫോട്ടോയെടുക്കുന്നതെന്ന് ആക്രോശിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്നടുത്തു. തുടര്‍ന്ന് പൊലീസുകാര്‍ ഇയാളെ പിടികൂടി ജീപ്പില്‍ കയറ്റുകയായിരുന്നു.
പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസിന്റെ കൃത്യനിര്‍വണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനും പി ഡി പി പി 332, 294 (ബി), 341 തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. മജിസ്ട്രേറ്റിന് മുന്പില് ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതിനിടെ വയനാട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത അമ്പലവയലിൽ മദ്യലഹരിയിൽ ഗൃഹനാഥനേയും മകളേയും കുത്തിപ്പരിക്കേൽപ്പിച്ചയാൾ പിടിയിലായി എന്നതാണ്. ഓട്ടോ ഡ്രൈവർ ഷോബിഷിനെയാണ് അമ്പലവയൽ പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റിക്കൈതയിൽ വാടകയ്ക്ക് താമസിക്കുന്ന പൗലോസ്, മകൾ നിഷ എന്നിവരെയാണ് പ്രതി ആക്രമിച്ചത്. ഗുരുതരമായ പരിക്കുകളോടെ ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കറിക്കത്തികൊണ്ടായിരുന്നു ആക്രമണം. നിഷ താമസിച്ചിരുന്ന കുറ്റിക്കൈതയിലെ വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയും നിഷയും നേരത്തെ സുഹൃത്തുക്കളായിരുന്നു. പ്രതി ആദ്യം നിഷയെ ആക്രമിച്ചു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് അച്ഛനെയും കറിക്കത്തികൊണ്ട് ആക്രമിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]