ഹിസാർ: ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികൾക്ക് മുകളിലേക്ക് ഇഷ്ടിക ചൂളയുടെ മതിൽ ഇടിഞ്ഞുവീണ് നാല് പേർ മരിച്ചു. ഒരു കുട്ടിയ്ക്ക് ഗുരുതര പരിക്കേറ്റു. ഹരിയാനയിലെ ഹിസാറിലുള്ള ബുദാന ഗ്രാമത്തിലായിരുന്നു സംഭവം. മാതാപിതാക്കൾ ജോലി ചെയ്യവെ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.
നിഷ (മൂന്ന് മാസം പ്രായം), സൂരജ് (9 വയസ്), നന്ദിനി (5 വയസ്), വിവേക് (9 വയസ്) എന്നിവരാണ് മരിച്ചത്. ഉത്തർപ്രദേശ് സ്വദേശികളായ കുട്ടികളുടെ മാതാപിതാക്കൾ ഇഷ്ടിക നിർമാണ കേന്ദ്രത്തിൽ ജോലി ചെയ്യാനായി ഹിസാറിൽ എത്തിയതായിരുന്നു. രാത്രി ജോലികൾ നടന്നു കൊണ്ടിരിക്കവെയാണ് അപകടമുണ്ടായത്. തൊഴിലാളികളിൽ കുറച്ച് പേരും കുട്ടികളും ചൂളയുടെ പുകക്കുഴലിന് അടുത്തുള്ള മതിലിന് താഴെ കിടന്നുറങ്ങുകയായിരുന്നു.
സൂരജും നന്ദിനിയും വിവേകും അപകട സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് നിഷ മരിച്ചത്. അഞ്ച് വയസുകാരി ഗൗരിയെ ഗുരുതരമായ പരിക്കുകളോടെ ഹിസാർ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി അപകട നില തരണം ചെയ്തിട്ടില്ല. മരിച്ച കുട്ടികളെല്ലാവരും ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിൽ നിന്നുള്ളവരാണ്. സംഭവത്തിൽ ആരും ഇതുവരെ പരാതി നൽകിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]