ദില്ലി: ക്രൈസ്തവ സഭാ നേതാക്കളുമൊത്ത് ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് ആഘോഷം. സിബിസിഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തിൽ വിവിധ കത്തോലിക്ക സഭകളുടെ പ്രമുഖരടക്കം മൂന്നോറോളം പേര് പങ്കെടുത്തു. സഭാ നേതാക്കള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ കഴിഞ്ഞത് ഭാഗ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സ്നേഹവും സാഹോദര്യവുമാണ് ക്രിസ്തുവിന്റെ സന്ദേശം. അത് ശക്തിപ്പെടുത്താൻ ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും സമൂഹത്തിൽ അക്രമം നടത്തുന്ന ശ്രമങ്ങളിൽ വേദനയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ക്രിസ്മസ് ആഘോഷങ്ങളില്‍ സജീവമാകുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തോട് ചേര്‍ന്നിരിക്കുന്ന സിബിസിഐ ആസ്ഥാനത്തിന്റെ സുരക്ഷ ഇന്നലെ മുതല്‍ അര്‍ധ സൈനിക വിഭാഗം ഏറ്റെടുത്തിരുന്നു. ആസ്ഥാനത്തെ അങ്കണത്തില്‍ തീര്‍ത്ത പ്രത്യേക പന്തലിലാണ് പ്രധാനമന്ത്രി ക്രൈസ്തവ സഭ നേതാക്കളുമൊത്ത് ക്രിസ്മസ് ആഘോഷിച്ചത്. സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കര്‍ദ്ദിനാള്‍മാരായ മാര്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ ആന്റണി പൂല, മാര്‍ ബസേലിയോസ് ക്ലിമിസ്, മാര്‍ ജോര്‍ജ്ജ് കൂവക്കാട്ട്, മാര്‍ ജോര്‍ജ് ആലഞ്ചേരി, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ദില്ലി ആര്‍ച്ച് ബിഷപ്പ് മാര്‍ അനില്‍ കൂട്ടോ, സിബിസിഐ ഭാരവാഹികളായ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ആന്റണി സാമി, ബിഷപ്പ് ജോസഫ് മാര്‍ തോമസ്, ഡെപ്യൂട്ടി സെക്രട്ടറി ഫാ മാത്യു കോയിക്കല്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ബിജെപി നേതാക്കളായ ടോം വടക്കന്‍, അനില്‍ ആന്റണി, അനൂപ് ആന്റണി, ഷോണ്‍ ജോര്‍ജ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.
കഴിഞ്ഞ ക്രിസ്മസിന് ക്രൈസ്തവ സഭ നേതാക്കള്‍ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയിരുന്നു. തുടര്‍ച്ചയായി നടക്കുന്ന ഈ ഒത്തുചേരല്‍ ക്രൈസ്തവ സഭകളുമായുള്ള ബന്ധം ശക്തമാക്കാനുള്ള പ്രധാനമന്ത്രിയുടെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ്. ക്രിസ്മസ് തലേന്ന് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദ സേക്രഡ് ഹാര്ർട്ട് ദേവാലയം സന്ദര്‍ശിച്ചേക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]