
വിമാനങ്ങൾ വൈകുന്നത് ഇപ്പോൾ ഒരു പുതിയ വാർത്തയല്ല. നിരവധി യാത്രക്കാരാണ് ഇതുമൂലം ദുരിതമനുഭവിക്കാറുള്ളത്. എന്നാൽ ഇപ്പോൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിമാനകമ്പനികൾക്ക് ഒരു പുതിയ നിർദേശവുമായി എത്തിയിരിക്കുകയാണ്. വിമാനങ്ങൾ വൈകിയാൽ വിമാന കമ്പനി യാത്രക്കാർക്ക് ഭക്ഷണം നൽകേണ്ടി വരും.
ഉത്തരേന്ത്യയിൽ ശൈത്യകാലത്ത് ദൂരക്കാഴ്ച കുറവായതിനാൽ വിമാന സർവീസുകൾ വൈകിയിരുന്നു. ഒരു സെക്ടറിൽ ഒരു ഫ്ലൈറ്റ് വൈകിയാൽ അത് എയർലൈനിൻ്റെ നെറ്റ്വർക്കിൽ മറ്റെല്ലാ റൂട്ടുകളിലും കാലതാമസം ഉണ്ടാക്കുന്നുണ്ട്. വിമാനങ്ങൾ വൈകുന്നത് തുടരുന്നതിനാലാണ് ഫ്ലൈറ്റ് വൈകുമ്പോൾ യാത്രക്കാർക്ക് സൗകര്യങ്ങൾ ഒരുക്കാൻ വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടത്. അപ്രതീക്ഷിതമായ തടസങ്ങൾ യാത്രയിൽ ഉണ്ടാകുമ്പോൾ യാത്രക്കാരുടെ സൗകര്യത്തിന് മുൻഗണന നൽകുന്നതിനാണ് ഈ നടപടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഡിജിസിഎ നിർദേശം അനുസരിച്ച് രണ്ട് മണിക്കൂർ വരെ വിമാനം വൈകിയാൽ യാത്രക്കാർക്ക് എയർലൈനുകൾ കുടിവെള്ളം നൽകണം. രണ്ട് മുതൽ നാല് മണിക്കൂർ വരെ വൈകിയാൽ ലഘുഭക്ഷണം, ചായയോ കാപ്പിയോ നൽകണം. നാല് മണിക്കൂറിൽ കൂടുതൽ കാലതാമസം ഉണ്ടായാൽ പ്രധാന ഭക്ഷണം ഉറപ്പാക്കണം.
കാത്തിരിപ്പ് സമയങ്ങളിൽ യാത്രക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റേണ്ടത് പ്രധാനമാണ്. ഇതിലൂടെ യാത്രക്കാർക്ക് മികച്ച അനുഭവം പ്രദാനം ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]