സ്പൈനൽ മസ്കുലർ അട്രോഫി രോഗികൾക്കു കുറഞ്ഞ വിലയ്ക്കു മരുന്നു വിതരണം ചെയ്ത ഹൈദരാബാദ് കമ്പനിയായ നാറ്റ്കോ സിപിഎമ്മിനു സംഭാവനയായി ഒരു കോടിയിലേറെ രൂപ നൽകിയെന്ന് രേഖകൾ വ്യക്തമാക്കുന്നു. കമ്പനി കോൺഗ്രസിന് 13 കോടി രൂപ ഇലക്ടറൽ ബോണ്ട് നൽകിയെന്ന് സിപിഎം മുഖപത്രം ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് പാർട്ടിയും നാറ്റ്കോയിൽനിന്നു പണം കൈപ്പറ്റിയെന്ന വിവരം പുറത്തുവന്നിരിക്കുന്നത്.
കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷനു സിപിഎം സമർപ്പിച്ച സംഭാവനകളുടെ പട്ടികയിലാണ് ഈ വിവരങ്ങൾ ഉൾപ്പെട്ടിട്ടുള്ളത്. 2023-24 സാമ്പത്തിക വർഷത്തിൽ ചെക്ക് വഴി മൂന്നു തവണകളായി ഒരു കോടി രൂപയാണ് പാർട്ടി വാങ്ങിയത്.
ഇതിൽ രണ്ടു തവണ 30 ലക്ഷം രൂപ വീതവും ഒരു തവണ 40 ലക്ഷം രൂപയുമാണ് കമ്പനി നൽകിയിട്ടുള്ളത്. തുടർന്ന് 2024-25 വർഷത്തിൽ അഞ്ചു ലക്ഷം രൂപ കൂടി വാങ്ങിയതായും സിപിഎം വ്യക്തമാക്കിയിട്ടുണ്ട്.
നാറ്റ്കോയിൽനിന്നു മരുന്നു വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ ഇടതുസർക്കാരിന്റെ കാലത്തുതന്നെ ആരംഭിച്ചിരുന്നുവെന്ന് മുൻ ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ഇതു സംബന്ധിച്ച ടെൻഡർ നടപടികൾ പൂർത്തിയായത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നാറ്റ്കോയിൽനിന്നു മറ്റു മരുന്നുകൾ കേരളാ മെഡിക്കൽ സർവീസസ് കോർപറേഷൻ വാങ്ങിയിട്ടുമുണ്ട്. സ്വിസ് കമ്പനിയായ റോഷ് ബോട്ടിലിന് ആറുലക്ഷം രൂപയ്ക്കു നൽകിയിരുന്ന എസ്എംഎ മരുന്നായ റിസ്ഡിപ്ലാം 15000 രൂപയ്ക്ക് നൽകാൻ നാറ്റ്കോ രംഗത്തുവന്നതോടെയാണ് ഈ വിഷയത്തിലെ വിവാദം ശക്തമായത്.
കഴിഞ്ഞ ദിവസം എസ്എടി ആശുപത്രിയിൽനിന്നു നൽകിയ നാറ്റ്കോയുടെ മരുന്നിന്റെ പായ്ക്കറ്റിൽ ‘ക്ലിനിക്കൽ ട്രയൽ ഒൺലി’ എന്ന് രേഖപ്പെടുത്തിയിരുന്നത് രോഗികളുടെ മാതാപിതാക്കൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു. തുടർന്ന് അധികൃതർ ഇടപെട്ട് മരുന്നു മാറി നൽകുകയും ചെയ്തു.
എന്നാൽ കുഞ്ഞുങ്ങളെ പരീക്ഷണവസ്തുക്കളാക്കി മാറ്റുന്ന ക്രൂരതയാണ് നടക്കുന്നതെന്ന ഗുരുതര ആരോപണവുമായി സിപിഎമ്മിന്റെ മൂന്നു മുൻ ആരോഗ്യമന്ത്രിമാർ ഇന്നലെ വാർത്താസമ്മേളനം വിളിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

