വാഷിങ്ടൻ ∙ യുഎസിലെ തീവ്ര ഇടതുപക്ഷ പ്രസ്ഥാനമായ ആന്റിഫയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തീവ്ര വലതുപക്ഷ പ്രവർത്തകനും ട്രംപിന്റെ വിശ്വസ്തനുമായിരുന്ന ചാർലി കർക്കിന്റെ കൊലപാതകത്തെ തുടർന്നാണ് ‘ആന്റിഫ’ എന്ന പ്രസ്ഥാനം വീണ്ടും സജീവ ചർച്ചയിലെത്തുന്നത്.
ആന്റി ഫാഷിസ്റ്റ് എന്നതിന്റെ ചുരുക്കരൂപമാണ് ആന്റിഫ. ഈ സംഘടനയ്ക്ക് ഔദ്യോഗിക ഭാരവാഹികളോ നേതാക്കളോ ഉള്ളതായി സൂചനകളില്ല.
വലതുപക്ഷ മൂല്യങ്ങളും വംശീയതാ വിഷയങ്ങളുമുയർത്തി, ഫാഷിസത്തിനെതിരെ പ്രവർത്തിക്കുന്നവരാണ് കറുത്ത വസ്ത്രം ധരിക്കുന്ന ഈ സംഘം. ആക്രമണങ്ങൾ നടത്തുന്നത് സ്വയം പ്രതിരോധത്തിനായാണ് എന്നതാണ് ഇവരുടെ ന്യായീകരണം.
എന്താണ് ആന്റിഫ?
ഫാഷിസത്തിനെതിരായ നിലപാടുകളിൽനിന്ന് ഉദയം കൊണ്ട, എന്നാൽ കൃത്യമായ സംഘടനാ രൂപമോ അണികളോ ഇല്ലാത്ത കൂട്ടായ്മ – ഒറ്റ വാചകത്തിൽ ആന്റിഫയെ ഇങ്ങനെ വിശേഷിപ്പിക്കാം.
1932 ൽ ജർമൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ നാത്സിസത്തിനെതിരെ നിലപാടുറപ്പിച്ച ബഹുമുഖ മുന്നണിയായ ആന്റി ഫാഷിഷ്റ്റ്സേ അഥവാ ‘ആന്റി ഫാഷിസ്റ്റി’ൽ നിന്നാണ് ഈ സംഘടനയ്ക്ക് ‘ആന്റിഫ’ എന്ന പേരു വന്നതെന്നു കരുതപ്പെടുന്നു. ആന്റിഫ ഒരു കേന്ദ്രീകൃത സംഘടനയല്ല.
മറിച്ച്, ഒരു ആശയമോ പരസ്പരം ബന്ധമില്ലാത്ത ചെറു ഗ്രൂപ്പുകളുടെ ഒരു ശൃംഖലയോ ആണ്. ഇതിന് ഔദ്യോഗിക നേതാക്കളോ അംഗത്വ പട്ടികകളോ ഇല്ല.
2020 ലെ കോൺഗ്രഷണൽ റിസർച്ച് സർവീസ് റിപ്പോർട്ട് അനുസരിച്ച്, വ്യക്തമായ ഘടനയോ നേതാവോ അധികാരശ്രേണിയോ ഇല്ലാത്ത ഒരു വികേന്ദ്രീകൃത പ്രസ്ഥാനമാണിത്.
ആന്റിഫയെ സംഘടന എന്നതിനെക്കാൾ ഫാഷിസ്റ്റ് വിരുദ്ധ, വെള്ളക്കാരുടെ മേധാവിത്വ വിരുദ്ധ പ്രത്യയശാസ്ത്രമായി കാണുന്നതാണു നല്ലതെന്നു രാഷ്ട്രീയ തീവ്രവാദത്തെപ്പറ്റി പഠിക്കുന്ന ചില വിദഗ്ദ്ധരും മുൻ എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ റേയും വാദിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ, യുഎസ് ഭരണഘടനയുടെ ഒന്നാം ഭേദഗതി പ്രകാരം ഇവർക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സംരക്ഷണം ലഭിക്കും.
ഉദ്ഭവം എവിടെ?
20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യൂറോപ്പിലുണ്ടായിരുന്ന ഫാഷിസ്റ്റ് വിരുദ്ധ പ്രസ്ഥാനങ്ങളിലാണ് ആന്റിഫയുടെ വേരുകൾ.
യൂറോപ്പിലെ പല രാജ്യങ്ങളിലും അരനൂറ്റാണ്ട് മുൻപു തന്നെ ഒളിഞ്ഞും തെളിഞ്ഞും സാന്നിധ്യം ഉറപ്പിച്ച ഈ സംഘം കഴിഞ്ഞ കുറച്ചു വർഷങ്ങളായാണ് യുഎസിൽ ശ്രദ്ധിക്കപ്പെട്ടതും വാർത്തകളിൽ ഇടം പിടിച്ചതും. 2016 ൽ ട്രംപിന്റെ തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം ഇത് കൂടുതൽ ശക്തമായി.
കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ മിനിയപ്പലിസിൽ പൊലീസുകാർ വധിച്ച സംഭവത്തിൽ യുഎസിലെ 140 ൽ പരം നഗരങ്ങളാണ് കലാപകലുഷിതമായത്. അന്ന് ആ പ്രതിഷേധത്തിനു കോപ്പു കൂട്ടിയത് ആന്റിഫയാണെന്നാണ് ട്രംപ് പറഞ്ഞത്.
ഫാഷിസം, വംശീയത, വെള്ളക്കാരുടെ മേധാവിത്വം തുടങ്ങിയ തീവ്ര വലതുപക്ഷ ആശയങ്ങളെ എതിർക്കുക എന്നതാണ് ആന്റിഫയുടെ പ്രധാന ലക്ഷ്യം. പല ആന്റിഫ പ്രവർത്തകരും മുതലാളിത്തത്തിനും പൊലീസ് പോലുള്ള ഭരണകൂട
സ്ഥാപനങ്ങൾക്കും എതിരായാണ് നിലകൊള്ളുന്നത്.
1980 മുതൽ തന്നെ യുഎസിൽ ആന്റിഫയുടെ സാന്നിധ്യമുണ്ടെന്നാണു രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. എന്നാൽ 2016 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചതോടെയാണ് പ്രത്യക്ഷ സമരപരിപാടികളിലൂടെ ആന്റിഫ വാർത്തകളിൽ ഇടം നേടുന്നത്.
ട്രംപിന്റെ അതിതീവ്ര ദേശീയവാദം, വംശീയ പരാമർശങ്ങൾ തുടങ്ങിയവയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും നിറയുന്ന എതിർപ്പുകൾ ഏകോപിപ്പിക്കുന്നതിലും ആന്റിഫയുടെ കരങ്ങളുണ്ടാകാമെന്നാണ് റിപ്പബ്ലിക്കൻ പക്ഷം കുറ്റപ്പെടുത്തുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ് നാത്സി ജർമനിയിലും ഫാഷിസ്റ്റ് ഇറ്റലിയിലും ഉണ്ടായിരുന്ന പ്രതിഷേധ ഗ്രൂപ്പുകളുടെ സ്വാധീനം ആന്റിഫയിലുണ്ടെന്നും റിപ്പോർട്ടുണ്ട്.
1980–കളിൽ വംശീയ വിദ്വേഷികളായ സ്കിൻഹെഡുകൾ, കൂ ക്ലക്സ് ക്ലാൻ (കെകെകെ) അംഗങ്ങൾ, നിയോ-നാത്സികൾ എന്നിവർക്കെതിരെ അണിനിരന്നവരുടെ പിൻഗാമികളാണ് ഇവരെന്നും വിലയിരുത്തപ്പെടുന്നു.
പ്രവർത്തനം എങ്ങനെ?
ആന്റിഫയുടെ അനുയായികൾ നേരിട്ടുള്ള നടപടികളിൽ വിശ്വസിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. തെരുവു പ്രതിഷേധങ്ങൾ മുതൽ പൊലീസ് കാറുകൾ കത്തിക്കുന്നതും കെട്ടിട
ജനലുകൾ തകർക്കുന്നതും പോലുള്ള അക്രമാസക്ത പ്രതികരണങ്ങൾ വരെ ഇവരിൽനിന്നുണ്ടാകാം. ആന്റിഫ പ്രവർത്തകർ പലപ്പോഴും കറുത്ത വസ്ത്രം ധരിക്കുകയും മുഖം മറയ്ക്കുകയും ചെയ്യാറുണ്ട്.
നേരിട്ടോ എൻക്രിപ്റ്റ് ചെയ്ത മെസേജിങ് ആപ്പുകളിലൂടെയോ ആണ് ഇവർ പദ്ധതികളും തന്ത്രങ്ങളും പങ്കുവയ്ക്കുന്നത്. പരസ്പരം വിശ്വസിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന, മൂന്നു മുതൽ എട്ട് വരെ അംഗങ്ങളുള്ള അനൗപചാരിക യൂണിറ്റുകളായ അഫിനിറ്റി ഗ്രൂപ്പുകളായാണ് ആന്റിഫ പ്രവർത്തകർ പ്രതിഷേധങ്ങൾക്കായി ഒത്തുചേരുന്നത്.
വലതുപക്ഷ ഗ്രൂപ്പുകളെ നിരീക്ഷിക്കുക, വലതുപക്ഷ തീവ്രവാദികളായി കരുതുന്നവരുടെ വിവരങ്ങൾ ഓൺലൈനിലൂടെ പരസ്യപ്പെടുത്തുക എന്നിവയും ചെയ്യാറുണ്ട്.
ട്രംപ് എന്തിനാണ് ആന്റിഫയെ ലക്ഷ്യമിടുന്നത്?
ചാർലി കർക്കിന്റെ കൊലപാതകമാണ് ആന്റിഫയെ ഭീകരസംഘടനയായി പ്രഖ്യാപിക്കാനുള്ള ട്രംപിന്റെ നീക്കത്തിനു പിന്നിലെ ഏറ്റവും പുതിയ കാരണം. കർക്കിന്റെ കൊലപാതകവുമായി ആന്റിഫയെ ബന്ധിപ്പിക്കുന്ന പൊതുവായ തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല.
വെടിവയ്പ്പിനു പിന്നിലെ കാരണം ഇപ്പോഴും അജ്ഞാതമാണ്. പ്രതിയായ ടൈലർ റോബിൻസൺ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
എന്നിട്ടും, ‘അസുഖകരവും അപകടകരവും തീവ്ര ഇടതുപക്ഷ ദുരന്തവും’ എന്നാണ് ട്രംപ് ആന്റിഫയെ വിശേഷിപ്പിച്ചത്. ആന്റിഫ രാജ്യത്ത് കലാപവും അക്രമങ്ങളും വളർത്തുന്നുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
കർക്കിന്റെ കൊലപാതകത്തിനു പിന്നിൽ തീവ്ര ഇടതുപക്ഷ അക്രമികളാണെന്നാണ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി.
വാൻസും ആരോപിക്കുന്നത്. 2020 ൽ ജോർജ് ഫ്ലോയിഡിന്റെ മരണവുമായി ബന്ധപ്പെട്ടു നടന്ന പ്രതിഷേധങ്ങളിലെ അക്രമങ്ങൾക്ക് ട്രംപ് ആന്റിഫയെയാണു പ്രധാനമായും കുറ്റപ്പെടുത്തിയത്.
ആന്റിഫയ്ക്കെതിരായ നടപടിയിലൂടെ റാഡിക്കൽ ലെഫ്റ്റ് അഥവാ തീവ്ര ഇടതുപക്ഷ അക്രമങ്ങളെ നേരിടുന്ന ഒരു നേതാവായി സ്വയം ഉയർത്തിക്കാട്ടുകയാണ് ട്രംപ് ചെയ്യുന്നത്. ചാർലി കർക്കിന്റെ കൊലപാതകം ഒരു കാരണമായി ഉപയോഗിച്ച്, രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താനും രാഷ്ട്രീയ അജൻഡ നടപ്പാക്കാനും ട്രംപ് ശ്രമിക്കുകയാണെന്ന ആരോപണവും ഉയർന്നുകഴിഞ്ഞു.
സമൂഹമാധ്യമങ്ങളും ആന്റിഫയും
പരമ്പരാഗത സമരരീതികളിൽനിന്നു വ്യത്യസ്തമായി, ദേശവ്യാപകമായ പ്രതിഷേധത്തീക്ക് അതിവേഗം എണ്ണ പകരാൻ ആന്റിഫയെ സഹായിക്കുന്നത് സമൂഹമാധ്യമങ്ങളിലെ ശക്തമായ സാന്നിധ്യമാണെന്നാണു വിലയിരുത്തൽ.
ജോർജ് ഫ്ലോയ്ഡിന്റെ മരണത്തിനു പിന്നാലെ യുഎസ് ഭരണകൂടത്തിനും പൊലീസിനുമെതിരെ അതിവേഗമാണ് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം നിറഞ്ഞത്. തൊട്ടുപിന്നാലെ നഗരനിരത്തുകളിൽ അരങ്ങേറിയ കലാപങ്ങൾക്ക് ആക്കം കൂട്ടിയത് ആന്റിഫ അനുകൂലികളുടെ സാന്നിധ്യമാണെന്നാണ് വിമർശകർ പറയുന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]