ഇടുക്കി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ വാഗമണ്ണിൽ നിന്നും കൊച്ചി സിറ്റി പൊലീസ് പിടികൂടി. പുതുവൈപ്പ് കുരിശുപറമ്പിൽ ആൻ്റണി സിജിനെ (31)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മട്ടാഞ്ചേരി മുണ്ടംവേലി സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിലാണ് അറസ്റ്റ്. വാഗമണ്ണിൽ മൂന്ന് സ്ത്രീകൾക്കൊപ്പം നിൽക്കെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ഈ സമയം ഒപ്പമുണ്ടായിരുന്ന സ്ത്രീകളെയും ഇയാൾ പറ്റിക്കാൻ ശ്രമിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം. ഇവർക്കും വിദേശത്ത് ജോലിയും വിസയും വാഗ്ദാനം ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു.
എന്നാൽ ഈ സ്ത്രീകൾ പരാതി നൽകാൻ തയ്യാറായില്ല. മട്ടാഞ്ചേരി മുണ്ടംവേലി സ്വദേശിക്ക് യുകെയിൽ ഡ്രൈവർ ജോലിയാണ് പ്രതി വാഗ്ദാനം ചെയ്തത്.
പൊലീസുകാരനാണെന്ന പേരിലാണ് പരാതിക്കാരനെ പ്രതി ബന്ധപ്പെട്ടത്. ഈ വർഷം ഏപ്രിൽ 30 മുതൽ പല തവണയായി പരാതിക്കാരനിൽ നിന്ന് 52810 രൂപ പ്രതി കൈപ്പറ്റി.
എന്നാൽ ജോലിയോ വിസയോ ലഭിച്ചില്ല. പ്രതിയെ പിന്നീട് ബന്ധപ്പെടാൻ സാധിച്ചില്ലെന്നും പരാതിക്കാരൻ പൊലീസിനോട് പറഞ്ഞു.
തുടർന്ന് സൈബർ സെൽ പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. വാഗമണ്ണിൽ സുഹൃത്തുക്കൾക്കൊപ്പം ഒളിവിൽ കഴിയുകയായിരുന്നു പ്രതിയെന്നാണ് സൈബർ സെല്ലിൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.
ഇതോടെ ഫോർട്ടുകൊച്ചി പൊലീസ് സംഘം ഇവിടേക്ക് തിരിച്ചു. ഇവിടെ വച്ച് മൂന്ന് സ്ത്രീകൾക്കൊപ്പം സംസാരിച്ചുനിൽക്കുമ്പോഴാണ് പൊലീസുകാർ പ്രതിയെ അറസ്റ്റ് ചെയ്തത്.
പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത് കണ്ട് ഈ സ്ത്രീകൾ അമ്പരന്നു. അവരും പൊലീസിനോട് തങ്ങളെയും പ്രതി പറ്റിക്കാൻ ശ്രമിച്ചെന്ന് പറഞ്ഞത്.
പൊലീസ് പരാതി നൽകാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ തയ്യാറായില്ല. മുളവുകാട്, പള്ളുരുത്തി സ്വദേശികളെയും പ്രതി പറ്റിച്ചെന്നാണ് പൊലീസിന് കിട്ടിയ വിവരം.
ഇത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം പകർത്തിയ ഫോട്ടോകളും മറ്റും കാണിച്ചാണ് പ്രതി ആളുകളെ തെറ്റിദ്ധരിപ്പിച്ചതെന്നാണ് സൂചന.
മട്ടാഞ്ചേരി അസിസ്റ്റൻ്റ് കമ്മീഷണർ ഉമേഷ് ഗോയലിൻ്റെ നേതൃത്വത്തിൽ ഫോർട്ട്കൊച്ചി പൊലീസ് ഇൻസ്പെക്ടർ എം.എസ് ഫൈസൽ, എസ്ഐ നവീൻ എസ്, എസ് സി പി ഒ മാരായ സുരേഷ്, മഹേഷ്, ശ്രീജിത്ത് ടിപി, സിപിഒമാരായ രാജേഷ്, പ്രജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]