തിരുവനന്തപുരം∙
വീടിനു നേരെ പടക്കമെറിയുകയും വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്ത ഗുണ്ടാസംഘത്തെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് മണ്ണന്തല പൊലീസ്. രണ്ടു ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിനു പിന്നിലെന്നാണു പൊലീസ് കരുതുന്നത്.
തിങ്കളാഴ്ച അര്‍ധരാത്രിയാണ് മേഖലയില്‍ ഗുണ്ടാവിളയാട്ടം ഉണ്ടായത്. കടയിലെത്തിയ സംഘം പഴം പഴുത്തിട്ടില്ലെന്നു പറഞ്ഞ കടയുടമയെ വെട്ടിപ്പരുക്കേല്പ്പിച്ചതായും പരാതിയുണ്ട്.
നിരവധി കേസുകളില്‍ പ്രതിയായ ശരത്തും കൂട്ടരുമാണ് ആക്രമണം നടത്തിയത്.
ശരത്തും സംഘവും ബൈക്കില്‍ അമിതവേഗത്തില്‍ പോയതു ചോദ്യം ചെയ്തതാണു പ്രശ്നങ്ങളുടെ തുടക്കം. പല കേസുകളില്‍ പ്രതിയായിരുന്ന രാജേഷ് ആണ് ശരത്തിനോടും കൂട്ടാളികളോടും വേഗത കുറച്ചു പോകാന്‍ പറഞ്ഞത്.
ഇതില്‍ പ്രകോപിതരായ സംഘം രാജേഷിന്റെ വീട്ടിലേക്കു പടക്കമെറിഞ്ഞു. തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളും രണ്ടു കാറുകളും ഒരു ബൈക്കും അടിച്ചുതകര്‍ത്തു.
ഇതിനു മുന്‍പ് ഇവര്‍ തൊട്ടടുത്തുള്ള കട ആക്രമിക്കുകയും കടയുടമയായ പൊന്നയ്യനെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.
കടയിലെത്തിയ സംഘം ആദ്യം ബീഡി വാങ്ങി.
തുടര്‍ന്ന് പഴം എടുത്തപ്പോള്‍ അതു നന്നായി പഴുത്തിട്ടില്ലെന്ന് പൊന്നയ്യന്‍ പറഞ്ഞത് സംഘത്തിന് ഇഷ്ടപ്പെട്ടില്ല. ഇതോടെ പഴക്കുലകള്‍ വെട്ടിനശിപ്പിക്കുകയും വാളും വെട്ടുകത്തിയും ഉപയോഗിച്ച് പൊന്നയ്യനെ ആക്രമിക്കുകയുമായിരുന്നു.
പൊന്നയ്യന്റെ കയ്യിലും മുഖത്തുമാണു പരുക്കേറ്റത്. രണ്ടു സ്കൂട്ടറിലും ബൈക്കിലുമായാണ് സംഘം പ്രദേശത്ത് എത്തിയത്.
ആക്രമണത്തില്‍ പരുക്കേറ്റവര്‍ മണ്ണന്തല പൊലീസില്‍ പരാതി നല്കി. മുൻപു ബോംബ് നിര്‍മാണത്തിനിടെ അതു പൊട്ടി ശരത്തിനു പരുക്കേറ്റിരുന്നു. മണ്ണന്തലയിലെ ഗുണ്ടാ വിളയാട്ടവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നു പൊലീസ് അറിയിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]