ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടി ഡ്രെഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ തുടരുന്നു. ഇന്നത്തെ തെരച്ചിലിൽ മണ്ണിടിച്ചിലിൽ പൊട്ടി വീണ ഇലക്ട്രിക് ടവറിന്റെ ഒരുഭാഗവും ഒരു കെട്ട് കയറും കണ്ടെത്തി. നാവിക സേന സംഘം മാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് കയര്‍ കിട്ടിയത്. കണ്ടെത്തിയത് കയർ അർജുൻ ഓടിച്ച ലോറിയുടേതാണെന്ന് വാഹനത്തിന്റെ ഉടമ മനാഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇനിയും നീളത്തിൽ കയർ ഉണ്ട്. ഇതിൻ്റെ അറ്റം പിടിച്ച് പോയാൽ ലോറിയിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ തെരയുന്ന ഭാഗത്ത് തന്നെ ലോറി ഉണ്ടാകുമെന്ന് കരുതുന്നുവെന്നും മനാഫ് പറഞ്ഞു.
അതേസമയം, തെരച്ചിലിന് വീണ്ടും കാലാവസ്ഥ വെല്ലുവിളിയാവുകയാണ്. അടുത്ത മൂന്ന് ദിവസം ഉത്തര കന്നഡ ജില്ലയിലും തീരദേശ കർണാടകയിലെ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്നത്. ഇത് ഷിരൂരിലെ തെരച്ചിൽ പ്രതിസന്ധിയിലാക്കിയേക്കും. ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചിലിനും തടസമാകും. ഉത്തര കന്നഡ ജില്ലയിലും തീരദേശ കര്‍ണാടകയിലെ ജില്ലകളിലും അടുത്ത മൂന്ന് ദിവസം ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ തുടര്‍ന്നാല്‍ ഡ്രഡ്ജിങ് എളുപ്പമാകില്ല. ഗംഗാവലി പുഴയിലെ അടിയൊഴുക്കും വര്‍ധിച്ചാൽ ഡ്രഡ്ജര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും തടസം നേരിടാം.
ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടർന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ ഇന്നലെ തെരച്ചിൽ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇന്നലെ രാവിലെ തന്നെ തെരച്ചിലിൽ ഏകോപനത്തിന്റെ അഭാവം പ്രകടമായിരുന്നു. നാവിക സേന മാർക്ക് ചെയ്ത സ്ഥലത്ത് ഈശ്വർ മാൽപെ ഇറങ്ങി മുങ്ങാൻ ശ്രമിച്ചെങ്കിലും ഡ്രഡ്ജിങ് കമ്പനിക്കാർ തടഞ്ഞു. പിന്നീട് ഇത് ഒരു തർക്കമായി. പിന്നീട് ഈശ്വർ മാൽപെ ഇന്നലെ ടാങ്കർ ക്യാബിൻ കണ്ടെത്തിയ സ്ഥലത്താണ് ഇറങ്ങി മുങ്ങിയത്. അവിടെ നിന്ന് ഒരു ആക്ടീവ സ്കൂട്ടറും അർജുന്റെ ലോറിയിലുണ്ടായിരുന്നുവെന്ന് കരുതുന്ന അക്കെഷ്യ മരത്തടികളും കണ്ടെടുത്തു. ഈ വിവരങ്ങൾ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെയാണ് പൊലീസ് ഇടപെട്ടതും ജില്ലാ ഭരണകൂടത്തെ വിവരങ്ങൾ ആദ്യം അറിയിക്കണമെന്നും പറഞ്ഞത്. ഇതോടെയാണ് മാൽപെ പിണങ്ങി ഇറങ്ങിപ്പോയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]