പലപ്പോഴും പല നഗരങ്ങളിലും അപരിചിതരെത്തിയാൽ നേരിടുന്ന പ്രധാന പ്രശ്നമാണ് പറ്റിക്കപ്പെടുക എന്നത്. അതിപ്പോൾ ടാക്സി ഡ്രൈവർമാർ മുതൽ കച്ചവടക്കാർ വരെ ആളുകളെ പറ്റിക്കുന്നവരിൽ പെടാം. എന്നാൽ, അടുത്തിടെയായി ആളുകൾ ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ ചെയ്യാറുണ്ട്. പ്രത്യേകിച്ചും യാത്രകൾക്കിടയിൽ വ്ലോഗർമാരും മറ്റുമാണ് പറ്റിക്കപ്പെടാതാരിക്കാൻ ശ്രദ്ധിക്കണം എന്ന മുന്നറിയിപ്പോടെ ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുന്നത്.
അതുപോലെ, അടുത്തിടെ ഒരു വിദേശി ഇന്ത്യയുടെ തലസ്ഥാനമായ ദില്ലിയിൽ വച്ച് പറ്റിക്കപ്പെട്ടു എന്ന് പറഞ്ഞുകൊണ്ട് ഒരു വീഡിയോ ചെയ്തത് വൈറലായി മാറിയിരുന്നു. ഏഷ്യയിലെ തട്ടിപ്പുകാരുടെ നഗരം എന്നാണ് ഇയാൾ ദില്ലിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ബാക്ക് പാക്കർ ബെൻ എന്ന് അറിയപ്പെടുന്ന ബെൻ ഫ്രയർ ആണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇയാൾ തന്റെ അനുഭവം വിവരിച്ചിരിക്കുന്നത്. തനിക്ക് അധികമൊന്നും ഇഷ്ടമല്ലാത്ത നഗരമാണ് ദില്ലി. ഒരിക്കൽ വന്നപ്പോൾ ഇനി ഒരിക്കലും വരില്ല എന്നാണ് കരുതിയത്. എന്നാൽ, മറ്റൊരു സഞ്ചാരിയുടെ കൂടെ ചെല്ലാമോ എന്ന് ചോദിച്ചപ്പോഴാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യയ്ക്ക് മാറ്റമുണ്ടോ എന്ന് നോക്കാമെന്ന് കരുതി എന്നാണ് ബെൻ പറയുന്നത്.
പിന്നീട് ദില്ലിയിൽ നിന്നുള്ള വിവിധ അനുഭവങ്ങൾ വീഡിയോയിൽ പറയുന്നുണ്ട്. അതിനിടയിൽ ഒരു കളിപ്പാട്ട വിൽപ്പനക്കാരൻ തന്നെ എങ്ങനെയാണ് പറ്റിച്ചത് എന്നും പറയുന്നുണ്ട്. കളിപ്പാട്ടം വാങ്ങി. ബാക്കി 300 രൂപയാണ് തരേണ്ടത്. അപ്പോഴേക്കും മറ്റൊരു കളിപ്പാട്ട വില്പനക്കാരൻ കൂടി അടുത്തെത്തി. അവസാനം 300 ബാക്കി തരേണ്ടുന്നതിന് പകരം 200 രൂപ തന്ന് തനിക്ക് വേണ്ടാത്ത ഒരു കളിപ്പാട്ടം കയ്യിൽ പിടിപ്പിച്ചു എന്നാണ് യുവാവ് പറയുന്നത്. ആ കളിപ്പാട്ടം അയാൾ റോഡിലേക്ക് വലിച്ചെറിയുന്നതും കാണാം.
എന്തായാലും, ഇയാളുടെ വീഡിയോ പിന്നീട് വൈറലായി മാറി. നിരവധിപ്പേർ ഇന്ത്യയിൽ ഇതുപോലെ അനുഭവമുണ്ടായി എന്ന് കമന്റ് നൽകി. അതേസമയം, ഇത് ദില്ലിയിൽ മാത്രമല്ല, പല നഗരങ്ങളിലും അപരിചിതരോടുള്ള സമീപനം ഇങ്ങനെയൊക്കെ തന്നെയാണ് എന്ന് കമന്റ് നൽകിയവരും ഉണ്ട്. അത് മാത്രമല്ല, ഇയാൾ ഒപ്പം യാത്ര ചെയ്തിരുന്ന ബെഞ്ചമിൻ റിച്ച് ഇതുപോലെ തന്നെ ഇന്ത്യ വളരെ വൃത്തികെട്ട സ്ഥലമാണ് എന്നും ഇവിടം സന്ദർശിക്കരുത് എന്നും ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇരുവരും മനപ്പൂർവം ഇന്ത്യയ്ക്കെതിരെ ഇത്തരം പരാമർശങ്ങൾ നടത്തുകയാണ് എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]