
11:45 AM IST:
സിനിമ – ടെലിവിഷൻ താരം ഷിയാസ് കരീമിനെതിരായ പീഡന പരാതിയിൽ അന്വേഷണം എറണാകുളത്തേക്കും. കാസർകോട് ചന്തേര പൊലീസ് എടുത്ത കേസിൽ പരാതിക്കാരിയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
11:44 AM IST:
രാഹുൽ ഗാന്ധി വീണ്ടും കേരളത്തിൽ മത്സരിക്കണമെന്ന് പ്രവർത്തക സമിതി യോഗത്തിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ്. കേരളത്തിൽ 20 ൽ 19 സീറ്റും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിക്കാൻ കാരണമായത് രാഹുൽ ഗാന്ധിയുടെ സാന്നിധ്യമാണെന്ന് കൊടിക്കുന്നിൽ സുരേഷ് അഭിപ്രായപ്പെട്ടു.
9:23 AM IST:
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിയുടെ ഐജിഎസ്ടി പരിശോധനയില്‍ അന്വേഷണ റിപ്പോർട്ട് നീളുന്നു. സാങ്കേതിക നടപടി ബാക്കിയുണ്ടെന്നാണ് നികുതി വകുപ്പിന്റെ വിശദീകരണം. നികുതി അടച്ചെന്ന് ആവേശത്തോടെ പറഞ്ഞ ഇടത് നേതാക്കൾ വിഷയം ഇപ്പോൾ തൊടുന്നില്ല. സിഎംആര്‍എല്ലില്‍ നിന്നും വാങ്ങിയ 1.72 കോടിയുടെ ഐജിഎസ്ടി അടച്ചില്ലെന്നായിരുന്നു മാത്യു കുഴൽനാടന്റെ പരാതി.
9:22 AM IST:
കരുവന്നൂരിന് പിന്നാലെ തൃശൂരിലെ മറ്റ് സഹകരണ ബാങ്കുകളിലേക്കും ഇഡിയുടെ പരിശോധന. മുഖ്യപ്രതി വെളപ്പായ സതീശന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ച അയ്യന്തോള്‍ സഹകരണ ബാങ്കില്‍ പത്ത് കൊല്ലത്തിനിടെ നടന്ന ഇടപാടുകളില്‍ കള്ളപ്പണം വെളുപ്പിച്ചോ എന്നാണ് പരിശോധനിക്കുന്നത്. ഇഡി ശേഖരിച്ച സതീശന്റെ ബാങ്ക് രേഖകളുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
9:21 AM IST:
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിമൂന്നാം പിറന്നാൾ. രാജ്യം നിർണായകമായ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കടുക്കുമ്പോൾ മൂന്നാം തവണയും പ്രധാനമന്ത്രി സ്ഥാനം ഉറപ്പിക്കാൻ കരുക്കൾ നീക്കുകയാണ് മോദി.
9:21 AM IST:
സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
9:20 AM IST:
സംസ്ഥാനത്ത് നിപ ജാഗ്രത തുടരുന്നു. ഇന്നലെ പുതിയ നിപ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ പരിശോധിച്ച എല്ലാ സാമ്പിളുകളുടെയും ഫലം നെഗറ്റീവായിരുന്നു. രോഗവ്യാപനം രണ്ടാം തരംഗത്തിലേക്ക് കടന്നിട്ടില്ലന്നും, നിയന്ത്രണ വിധേയമാണെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. നിലവിൽ നാല് ആക്ടിവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. രോഗലക്ഷണങ്ങളുള്ള 5 പേരെ കൂടി ഐസൊലേഷനിലാക്കിയിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. 1,192 പേരാണ് സമ്പർക്കപട്ടികയിലുള്ളത്.