
9:11 AM IST:
മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി. റിസോർട്ടിന് ഹോം സ്റ്റേ ലൈസൻസാണ് നൽകിയിരിക്കുന്നത്. ഹോം സ്റ്റേ ലൈസൻസ് ആണ് നിലവിൽ ഉണ്ടായിരുന്നത്. ഡിസംബർ 31 വരെയാണ് ലൈസൻസ് പുതുക്കി നൽകിയത്. അഞ്ചു വർഷത്തേക്കാണ് അപേക്ഷ നൽകിയിരുന്നത്.
9:10 AM IST:
മലപ്പുറം നിലമ്പൂർ ചുങ്കത്തറയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മുട്ടിക്കടവിൽ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ നിലമ്പൂർ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി.
9:09 AM IST:
കൊറിയർ മുഖേന മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികൾ ആലപ്പുഴയിൽ അറസ്റ്റിലായി. കൊല്ലം സ്വദേശികളായ അമീർഷാ ശിവൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് കൊറിയർ വഴി വരുത്തിയ ഡയാസ്പെം ഇഞ്ചക്ഷന്റെ 100 കുപ്പികൾ പിടിച്ചെടുത്തു. ഓൺലൈൻ വഴി മയക്കുമരുന്നുകൾ ഓർഡർ ചെയ്ത് വിൽക്കുകയായിരുന്നു.
9:07 AM IST:
തൃശൂരിലെ ബിനി ടൂറിസ്റ്റ് ഹോം ടെൻഡർ നടപടിയിൽ ക്രമക്കേട് ആരോപിച്ച് തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാന് ബിജെപി തൃശൂർ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോൻ പരാതി നൽകി. മേയർ, കോർപ്പറേഷൻ സെക്രട്ടറി എന്നിവർക്കെതിരെയാണ് പരാതി. ടെൻഡർ നടപടിയിൽ വലിയ ക്രമക്കേട് നടന്നതായി പരാതിയിൽ ആരോപിക്കുന്നു. ടെൻഡർ പ്രകാരം കോർപ്പറേഷനിൽ കെട്ടിവെക്കേണ്ട തുക കൗൺസിലിന്റെ അംഗീകാരമില്ലാതെ മേയർ കരാറുകാരന് തവണകളായി അടയ്ക്കാനുള്ള അവസരം ഒരുക്കിക്കൊടുത്തെന്നാണ് ആക്ഷേപം. മുനിസിപ്പൽ ആക്ട് പ്രകാരം മേയർ തന്റെ അധികാരപരിധി ലംഘിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
9:06 AM IST:
പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുന്നത് എന്തിനെന്ന് താന് വെളിപ്പെടുത്തുമന്ന് തൃണമൂല് കോണ്ഗ്രസ് എംപി ഡെറിക് ഒബ്രിയാൻ. ഇന്ന് ഉച്ചക്ക് 12 ന് വെളിപ്പെടുത്തുമെന്നാണ് സാമൂഹികമാധ്യമത്തിലൂടെയുള്ള അവകാശവാദം
9:05 AM IST:
സോളാർ കേസിലെ ഗൂഢാലോചനയിൽ കെബി ഗണേഷ് കുമാർ എംഎൽഎ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ മാസം 19 ന് രാവിലെ 10ന് എം എൽ എ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ കെസി രാജൻ അറിയിച്ചു. മാർച്ച് യുഡിഎഫ് സംസ്ഥാന കൺവീനർ എംഎം ഹസ്സൻ ഉദ്ഘാടനം ചെയ്യും. മാർച്ച് നെടുംമ്പുറത്ത് നിന്നും ആരംഭിക്കും.
9:03 AM IST:
അട്ടപ്പാടി പ്ലാമരത്ത് ലോറി മറിഞ്ഞ് അപകടം. തമിഴ്നാട്ടിലേക്ക് മരം കയറ്റി പോയ ലോറിയാണ് നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിഞ്ഞത്. ലോറിയുടെ ഡ്രൈവറെ ചില്ല് പൊട്ടിച്ച് പുറത്തെടുത്തു. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.
9:03 AM IST:
പുതിയ ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തുന്നു. കോയമ്പത്തൂരിലും ചെന്നൈയിലും പരിശോധന നടക്കുന്നുണ്ട്. കോയമ്പത്തൂരിൽ 23 ഇടത്തും ചെന്നൈയിൽ മൂന്നിടത്തുമാണ് റെയ്ഡ് നടക്കുന്നത്. ഭീകരവാദ പ്രവർത്തനത്തിന് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ പദ്ധതിയിട്ടുവെന്നും കണ്ടെത്തലുണ്ട്. കോയമ്പത്തൂരിലെ ഡിഎംകെ വനിതാ കൗൺസിലറുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.
9:00 AM IST:
യുവാവിനെ അർദ്ധരാത്രി വീട്ടിൽ കയറി നാലംഗം സംഘം വെട്ടി പരിക്കേൽപ്പിച്ചു. ഇടുക്കി വണ്ടിപ്പെരിയാർ വള്ളക്കടവ് കരിക്കിണ്ണം ചിറയിൽ അബ്ബാസ് ( 43) നാണ് പരിക്കേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ അബ്ബാസിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപതിയിലേക്ക് മാറ്റി. അബ്ബാസിന്റെ ഒരു കൈക്ക് ഒടിവുമുണ്ട്.
8:59 AM IST:
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇന്ത്യ സഖ്യത്തിൻ്റെ ചർച്ചകൾ നീണ്ടേക്കും. ഒക്ടോബർ അവസാനത്തോടെ സീറ്റ് വിഭജനം പൂർത്തിയാക്കണമെന്ന ധാരണ നടന്നേക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ട്രെൻഡ് കൂടി നോക്കണമെന്ന് കോൺഗ്രസിൽ അഭിപ്രായമുണ്ട്. പശ്ചിമ ബംഗാളിന് പുറമെ ബിഹാറിലും, മഹാരാഷ്ട്രയിലും സമവായ വെല്ലുവിളിയുണ്ട്.
8:58 AM IST:
മുതലപ്പൊഴിയിൽ വീണ്ടും കടലാക്രമണം. വള്ളത്തിൽ മുഖമിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ശാന്തിപുരം സ്വദേശിയായ മനോജിനാണ് പരിക്കേറ്റത്. മനോജിനെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ആറരയോടെ ആയിരുന്നു സംഭവം. ശക്തമായ തിരമാലകളിൽ പെട്ട് വള്ളം തകർന്നു
8:22 AM IST:
കനേഡിയൻ വ്യാപാര വകുപ്പ് മന്ത്രിയുടെ ഇന്ത്യ സന്ദർശനം മാറ്റി. ഒക്ടോബറിൽ നടക്കാനിരുന്ന ചർച്ചകൾക്കായുള്ള സന്ദർശനം മാറ്റുന്നതായി കാനഡ അറിയിച്ചു. സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നിർത്തിയതിന് പിന്നാലെയാണ് നടപടി. രാഷ്ട്രീയ വിഷയങ്ങളിലെ ഭിന്നത പരിഹരിച്ചിട്ട് മാത്രം ചർച്ചയെന്നാണ് ഇന്ത്യൻ നിലപാട്. വ്യാപാര രംഗത്ത് ഇന്ത്യയുടെ പത്താമത്തെ വലിയ പങ്കാളിയാണ് കാനഡ.