രാജസ്ഥാനിലെ ജോധ്പുരിലുള്ള മണ്ഡോർ തുറന്ന ജയിൽ ബുധനാഴ്ച വ്യത്യസ്തമായ ഒരു ചടങ്ങിന് വേദിയായി. കൊലപാതകക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വരുന്ന തടവുകാരാണ് ജയിലിൽ വെച്ച് വിവാഹിതരായത്.
നാഗ്പുർ സ്വദേശിയായ മൂലാറാം ഭാട്ടി (33), മുംബൈ സ്വദേശിനിയായ സീമ ഘട്സെ (31) എന്നിവരാണ് വിവാഹിതരായത്. രാജസ്ഥാൻ ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു ഈ അപൂർവ്വ വിവാഹം.
ഏതാനും മണിക്കൂറുകൾക്കായി ജയിൽ പ്രദേശം ഒരു വിവാഹമണ്ഡപമായി മാറി. തടവുകാരുടെ കയ്യിലെ കയ്യാമത്തിനു പകരം വരണമാല്യങ്ങൾ ഇടംപിടിച്ചു.
പുരോഹിതൻ ചൊല്ലിയ വിവാഹമന്ത്രങ്ങളുടെ അകമ്പടിയോടെ ഇരുവരും ചടങ്ങുകൾ പൂർത്തിയാക്കി. പൊലീസ് ഉദ്യോഗസ്ഥരും ജയിൽ ജീവനക്കാരുമടക്കം 21 പേർ മാത്രമാണ് ഈ ചടങ്ങിന് സാക്ഷിയായി സന്നിഹിതരായിരുന്നത്.
കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് വ്യത്യസ്ത ജയിലുകളിൽ കഴിഞ്ഞിരുന്ന മൂലാറാമിനെയും സീമയെയും നല്ല നടപ്പ് കണക്കിലെടുത്താണ് മണ്ഡോറിലെ തുറന്ന ജയിലിലേക്ക് മാറ്റിയത്. തുടർന്ന് ഇരുവരും പരിചയത്തിലാവുകയും ആ ബന്ധം പിന്നീട് പ്രണയമായി വളരുകയും ചെയ്യുകയായിരുന്നു.
വിവാഹം കഴിക്കാനുള്ള തീരുമാനം ജയിൽ അധികൃതരെ അറിയിച്ചെങ്കിലും തടവുകാരായതിനാൽ കോടതിയുടെ അനുമതി ആവശ്യമായിരുന്നു. തുടർന്ന് ഇരുവരും രാജസ്ഥാൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വിവിധ നിയമവശങ്ങൾ വിശദമായി പരിശോധിച്ച ശേഷം ജസ്റ്റിസ് പി.എസ്.ഭാട്ടി, ജസ്റ്റിസ് പ്രവീർ ഭട്ട്നഗർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിവാഹത്തിന് അനുമതി നൽകി ഉത്തരവിടുകയായിരുന്നു. പ്രായപൂർത്തിയായ രണ്ടുപേർ പരസ്പര സമ്മതത്തോടെ വിവാഹം കഴിക്കുന്നത് അവരുടെ മൗലികാവകാശമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഈ ഉത്തരവ്.
അയൽക്കാരനെ കൊലപ്പെടുത്തിയ കേസിലാണ് 2017-ൽ മൂലാറാം ശിക്ഷിക്കപ്പെട്ടത്. എന്നാൽ നേരത്തെ വിവാഹിതയായിരുന്ന സീമ തന്റെ മുൻ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റിലായി ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

