
2012 മേയ് 4. കേരളം നടുങ്ങിയ ദിനം.
അന്നു രാത്രിയിലായിരുന്നു ഇരുളിന്റെ മറപറ്റിയെത്തിയ അക്രമിസംഘത്തിന്റെ 51 വെട്ടേറ്റ് റെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി നേതാവ് ടി.പി.ചന്ദ്രശേഖരൻ വടകരയ്ക്കു സമീപം വള്ളിക്കാവിൽ ദാരുണമായി കൊല്ലപ്പെട്ടത്. ആ അരുംകൊലയിൽ നാടാകെ മരവിച്ചുനിന്നു.
കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിനു വച്ച ടിപിയുടെ മൃതദേഹത്തിനരികെ കനത്ത ഹൃദയഭാരത്തോടെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന
എത്തി.
ടിപിയുടെ ഭൗതികദേഹത്തിൽ റീത്ത് വച്ചു പുറത്തിറങ്ങിയ വിഎസിനെ മാധ്യമപ്രവർത്തകർ പൊതിഞ്ഞു. അവരുടെ തുടർച്ചയായ ചോദ്യങ്ങൾക്കുള്ള പ്രതികരണമായി വിഎസ് പറഞ്ഞു: ‘‘ചന്ദ്രശേഖരൻ ധീരനായ കമ്യൂണിസ്റ്റ് പോരാളിയായിരുന്നു.’’ വിശ്രമമില്ലാത്ത പോരാട്ടങ്ങൾക്ക് വിഎസ് തുടക്കമിട്ട
ആലപ്പുഴയുടെ മണ്ണിൽ അന്ത്യവിശ്രമത്തിനായി അദ്ദേഹത്തിന്റെ ഭൗതികദേഹം എത്തുമ്പോൾ കയറ്റിറക്കങ്ങളുടെ പരമ്പര സൃഷ്ടിച്ച ആ സമരജീവിതത്തിലെ ഒട്ടേറെ ഓർമച്ചിത്രങ്ങളാണ് കോഴിക്കോടിനുള്ളത്.
∙ ‘ഉപതിരഞ്ഞെടുപ്പു ദിനത്തിലെ ആ ചിത്രം’
2011 ഓഗസ്റ്റിൽ ഒഞ്ചിയത്തെ സിപിഎം വിമത നേതാവ് ടി.പി.ചന്ദ്രശേഖരൻ അന്നു പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദനുമായി തിരുവനന്തപുരത്തു കൂടിക്കാഴ്ച നടത്തിയതു സിപിഎമ്മിൽ വലിയ ചർച്ചയ്ക്കിടയാക്കിയിരുന്നു. ഒഞ്ചിയത്തെ സിപിഎം വിമതരിൽ ചിലർ തിരുവനന്തപുരത്ത് ഒത്തുചേർന്ന് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിക്കാൻ തീരുമാനമെടുത്തതിനു പിന്നാലെയായിരുന്നു ആ കൂടിക്കാഴ്ച.
പാർട്ടിയിൽനിന്ന് പുറത്തായ ബെർലിൻ കുഞ്ഞനന്തൻ നായരെ വിഎസ് കണ്ടതിനു ശേഷമായിരുന്നു ഈ കൂടിക്കാഴ്ചയെന്നത് പാർട്ടിക്കുള്ളിൽ പല അഭ്യൂഹങ്ങൾക്കും ഇടയാക്കി. എന്നാൽ പ്രാദേശികമായ വിഷയം സംസാരിക്കാനെത്തിയ ഒരു അഭിഭാഷകനൊപ്പം ചന്ദ്രശേഖരനും വന്നതാണെന്നാണ് വിഎസിനോട് അടുത്തവൃത്തങ്ങൾ അറിയിച്ചത്.
ഈ വിശദീകരണത്തിൽ പാർട്ടിക്കുള്ളിലെ വിവാദം ഏറക്കുറെ കെട്ടടങ്ങിയെങ്കിലും ടിപിയെ അനുനയിപ്പിച്ച് പാർട്ടിയിലേക്ക് തിരികെയെത്തിക്കാനുള്ള വിഎസിന്റെ ശ്രമമായിരുന്നു അതെന്നു കരുതുന്നവരും ചുരുക്കമല്ല.
കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരനെ സൂചിപ്പിച്ച് ‘കുലംകുത്തി’യെന്ന് പിന്നീട് അഭിപ്രായപ്രകടനം നടത്തിയ പിണറായി വിജയനെ തിരുത്തുന്ന നിലപാടായിരുന്നു വിഎസിന്റേത്.
‘ചന്ദ്രശേഖരൻ കുലംകുത്തിയാണെന്ന് പിണറായി വിജയൻ ആവർത്തിച്ചിട്ടുണ്ടല്ലോ, വിഎസിന് അങ്ങനെയൊരു അഭിപ്രായമുണ്ടോ?’ എന്ന ചോദ്യത്തോടായിരുന്നു വിഎസിന്റെ വ്യക്തമായ മറുപടി. ‘‘അത് വിജയന്റെ അഭിപ്രായം.
പാർട്ടിക്ക് അങ്ങനെ അഭിപ്രായമില്ല. ഞാൻ ആ അഭിപ്രായക്കാരനേ അല്ല.
പാർട്ടിയിൽനിന്നു പോയവരുടെയും പാർട്ടിയുടെയും സമീപനങ്ങളിൽ ആരോഗ്യകരമായ മാറ്റം വരുമ്പോൾ അവർ ക്രമേണ പാർട്ടിയിലേക്കു തന്നെ വരിക എന്നതാണ് കേരളത്തിലെയും ഇന്ത്യയിലെയും രീതി. അതുപോലെ റവലൂഷനറി മാർക്സിസ്റ്റ് പാർട്ടി സഖാക്കളുടെ ഭിന്നാഭിപ്രായം മാറ്റുന്നതിന് പാർട്ടി ക്രിയാത്മക സമീപനം സ്വീകരിക്കുന്ന മുറയ്ക്ക് അവരെ ക്രമേണ പാർട്ടിയിലേക്കു കൊണ്ടുവരാൻ കഴിയും.
അല്ലെങ്കിൽത്തന്നെ അവർ ഒരു സ്വതന്ത്ര പാർട്ടിയായിട്ടു നിന്നാലെന്താ? എം.വി.രാഘവൻ പാർട്ടിയുണ്ടാക്കിയില്ലേ? ഗൗരിയമ്മ പാർട്ടിയുണ്ടാക്കിയില്ലേ? അവരെല്ലാം ഓരോ പാർട്ടിയായി പ്രവർത്തിക്കുന്നതു കൊണ്ട് നമുക്കെന്താ? ചെറിയ പാർട്ടികൾ, വലിയ പാർട്ടികൾ, ഇടത്തരം പാർട്ടികൾ. ഇതൊക്കെ കേരളത്തിലുള്ളതാണ്.
ഇതൊരു അദ്ഭുതമല്ല. സിപിഐ പറഞ്ഞതാണു ശരി.
സ്നേഹവും രാഷ്ട്രീയ നയവും വിശദീകരിച്ച് ജനങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതാണു കമ്യൂണിസ്റ്റ് രീതി. ടിപി ചന്ദ്രശേഖരന്റെ കൊലപാതകം അന്വേഷിച്ചു കുറ്റവാളികളെ പുറത്തു കൊണ്ടുവരണം.’’- ഏറെ വിശദമായിത്തന്നെ നിലപാടുറപ്പിച്ച് വിഎസ് അന്നു പറഞ്ഞതിങ്ങനെ.
ടി.പി.ചന്ദ്രശേഖരൻ വധത്തിൽ താൻ പാർട്ടിയുടെ ‘ഔദ്യോഗിക’ സമീപനത്തിനൊപ്പമല്ലെന്നു വ്യക്തമാക്കി വി.എസ്.അച്യുതാനന്ദൻ ഒഞ്ചിയത്തെ ചന്ദ്രശേഖരന്റെ വീട് സന്ദർശിച്ചതാണ് കേരള മനഃസാക്ഷിക്കുമുന്നിൽ നിറവോടെ നിൽക്കുന്ന ഒരു ഓർമച്ചിത്രത്തിന് ഹേതുവായത്.
ടിപിയുടെ വീട്ടുമുറ്റത്തു മുദ്രാവാക്യം വിളികൾ ഉച്ചസ്ഥായിയിലെത്തിയപ്പോൾ തൊഴുകൈകളോടെ വിഎസ് ആ വീട്ടിലേക്കു കയറിച്ചെന്നു. കൂപ്പുകൈയോടെ നിന്ന ടിപിയുടെ ഭാര്യ കെ.കെ.രമയുടെ കൈപിടിച്ചു.
ആ കൈകൾ തന്റെ മുഖത്തോടു ചേർത്ത് രമ വിഎസിന്റെ തോളിലേക്കു ചാഞ്ഞു. ടിപിയുടെ വിയോഗത്തിനു ശേഷം ഒന്നുറക്കെ കരയാത്ത രമ എല്ലാ നിയന്ത്രണവുംവിട്ടു പൊട്ടിക്കരയുകയായിരുന്നു ആ നിമിഷം.
കൈ തട്ടി കണ്ണിൽനിന്നു നെറ്റിയിലേക്കുയർന്നുമാറിയ കണ്ണട തിരിച്ചുവയ്ക്കുക പോലും ചെയ്യാതെ വിഎസ് ഹൃദയവായ്പോടെ രമയുടെ കൈകൾ ചേർത്തുപിടിച്ചുനിന്നു.
‘‘എനിക്കറിയാം, എനിക്ക് എല്ലാമറിയാം’’ എന്നായിരുന്നു വിഎസിന്റെ അന്നത്തെ ആശ്വാസവചനം. ചന്ദ്രശേഖരന്റെ കുഴിമാടത്തിലെത്തി പുഷ്പാർച്ചന കൂടി നടത്തിയ ശേഷമാണ് അന്നു വിഎസ് മടങ്ങിയത്.
നെയ്യാറ്റിൻകരയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുകയായിരുന്ന 2012 ജൂൺ രണ്ടിനായിരുന്നു വിഎസിന്റെ ഈ ഒഞ്ചിയം യാത്രയെന്നതും അപ്രതീക്ഷിതമായിരുന്നു. പുറപ്പെടുന്നതിന് ഏതാനും മിനിറ്റു മുൻപു മാത്രമാണ് വിഎസ് യാത്രാവിവരം പുറത്തുവിട്ടത്.
അന്നു രാവിലെ കോഴിക്കോട്ടെ ഗസ്റ്റ് ഹൗസിൽ വിഎസിന്റെ മുറിയിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനോ പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ളയ്ക്കോ സൂചന പോലും നൽകാതെയായിരുന്നു നീക്കം.
തൊട്ടുതലേന്ന് വയനാട്ടിലെ പരിപാടികൾക്കു ശേഷം ഔദ്യോഗിക പരിപാടികളൊന്നുമില്ലായിരുന്നെങ്കിലും വിഎസ് അന്നു കോഴിക്കോട്ടു തങ്ങുകയായിരുന്നു. ഒഞ്ചിയം സന്ദർശനത്തിനു ശേഷം വൈകിട്ട് 6.10ന്റെ വിമാനത്തിൽ അദ്ദേഹം തിരുവനന്തപുരത്തേക്കു മടങ്ങിയെന്നതും അത് അദ്ദേഹം തീരുമാനിച്ചുറപ്പിച്ച യാത്രയായിരുന്നുവെന്നത് വ്യക്തമാക്കി.
ഒഞ്ചിയത്തു പോയതു മകൻ നഷ്ടപ്പെട്ട അമ്മയെയും ഭർത്താവ് നഷ്ടപ്പെട്ട
വിധവയെയും കാണാനാണെന്നായിരുന്നു പിന്നീട് വി.എസ് നൽകിയ വിശദീകരണം.
മാധ്യമങ്ങൾക്കെതിരെ കേസും പൊലീസിനെതിരെ ഭീഷണിയും മുഴക്കി ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി മറികടക്കാൻ കച്ചമുറുക്കിയ സിപിഎം നേതൃത്വത്തിന് എങ്ങനെ പ്രതികരിക്കണമെന്നു പോലും തീരുമാനിക്കാനാകാത്ത അവസ്ഥയാണ് വിഎസിന്റെ ഒഞ്ചിയം യാത്ര സൃഷ്ടിച്ചത്.
ടിപി വധത്തിൽ സിബിഐ അന്വേഷണം വേണമെന്നും മറ്റും സൂചിപ്പിച്ച് പാർട്ടിക്കുളളിൽ തുടർന്നും ശക്തമായ നിലപാട് വിഎസ് സ്വീകരിച്ചെങ്കിലും കൊലപാതകത്തിൽ പാർട്ടിക്കു പങ്കില്ലെന്നും രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്നതിൽ പാർട്ടി വിശ്വസിക്കുന്നില്ലെന്നുമാണ് സിപിഎം കേന്ദ്ര കമ്മിറ്റി 2012 ജൂലൈ 22 ന് പ്രഖ്യാപിച്ചത്. 2014 ൽ, ഈ വിഷയത്തിൽ പാർട്ടി നിലപാടിൽനിന്നു ഭിന്നമായി പരസ്യ നിലപാട് വി.എസ്.അച്യുതാനന്ദൻ സ്വീകരിക്കരുതെന്ന സിപിഎം സംസ്ഥാന കമ്മിറ്റിയുടെ അന്ത്യശാസനത്തിലേക്കും ഇതു വഴിതെളിച്ചു.
പിന്നീടൊരിക്കലും വി.എസിന് പാർട്ടിയുടെ ഉയർന്നതലങ്ങളിൽ സ്ഥാനം ലഭിക്കാതെ പോയതിനു പിന്നിലും ഒഞ്ചിയത്തെ പ്രിയ നേതാവിനും തന്റെ നിലപാടിനുമൊപ്പം അചഞ്ചലമായി നിലകൊണ്ടുവെന്ന നിശ്ചയദാർഢ്യമാകാം.
∙ ‘രണ്ടാം ഇന്നിങ്സി’ന് തുടക്കമിട്ട കോഴിക്കോട്
1980 മുതൽ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന വിഎസ് അച്യുതാനന്ദന് ആ പദവി നഷ്ടപ്പെടുന്നത് കോഴിക്കോട്ടു വച്ചാണ്.
1991ൽ കോഴിക്കോട്ടെ സിപിഎം സംസ്ഥാന സമ്മേളനത്തിൽ പാർട്ടിക്കുള്ളിൽ നിന്നുണ്ടായ പ്രഹരമാണ് കരുതിക്കൂട്ടിയുള്ള കരുനീക്കങ്ങളിലേക്കും ജാഗ്രതയോടെയുള്ള രാഷ്ട്രീയ നിലപാടുകളിലേക്കും വി.എസിനെ നയിച്ചത്. അത്തരത്തിൽ രാഷ്ട്രീയത്തിലെ ‘രണ്ടാം ഇന്നിങ്സി’ന് വിഎസ് തുടക്കമിടുന്നത് കോഴിക്കോടു നിന്നാണെന്നു പറയാം.
സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് മത്സരത്തിനു വഴിതുറന്ന 1991ലെ സിപിഎം സംസ്ഥാന സമ്മേളനത്തിൽ രണ്ടു വോട്ടിന് വി.എസിനെ പരാജയപ്പെടുത്തിയത് മുഖ്യമന്ത്രി പദത്തിൽ നിന്ന് സംഘടനാചുമതലകളിലേക്ക് മടങ്ങിയെത്തിയ ഇ.കെ.നായനാർ ആയിരുന്നു.
പാർട്ടിക്കുളളിലെ മത്സരത്തിൽ കോഴിക്കോട്ട് നേരിട്ട ആ ‘പരാജയത്തീപ്പൊരി’യാണ് പിന്നീട് ആളിക്കത്തി പാർട്ടിയെ പൂർണമായും ചൊൽപ്പടിയിലാക്കിയ വി.എസിന്റെ നീക്കങ്ങൾക്ക് തുടക്കമിട്ടത്.
പിന്നീടൊരിക്കലും സംസ്ഥാന സെക്രട്ടറി പദമേറാൻ കൂട്ടാക്കാതിരുന്ന വിഎസ് പിന്നണിയിൽനിന്ന് സ്വന്തം അനുയായികളെ ആ പദവിയിൽ അവരോധിച്ചതിലൂടെ സെക്രട്ടറിക്കും മുകളിലുളള ‘കിങ് മേക്കറായി’ പാർട്ടിയിൽ പിടിമുറുക്കുന്ന കാഴ്ച രാഷ്ട്രീയ കേരളം കണ്ടു.
ഇ.കെ.നായനാർ പാർട്ടി സെക്രട്ടറിയായിരുന്നതിനാൽ 1996ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിപദം തന്നെയാണ് വിഎസ് അനുകൂലികൾ ഉന്നംവച്ചതും പ്രതീക്ഷിച്ചതും. എന്നാൽ 1996ൽ മാരാരിക്കുളത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി അദ്ദേഹത്തിന് അടിപതറി.
പാർട്ടിക്കുളളിൽ തന്നെയുളള ചില ചരടുവലികളാണ് അതിനിടയാക്കിയതെന്ന തിരിച്ചറിവോടെയായിരുന്നു പാർട്ടിക്കുള്ളിൽ പിന്നീട് വിഎസ് നടത്തിയ ‘വെട്ടിനിരത്തലുകൾ’.
നായനാർ മുഖ്യമന്ത്രിയായതോടെ 1996 ൽ വി.എസിന്റെ പിന്തുണയോടെ ചടയൻ ഗോവിന്ദൻ സെക്രട്ടറിയായി. ചടയൻ ഗോവിന്ദന്റെ അകാലമരണത്തെ തുടർന്ന് 1998ൽ പാലക്കാട്ടു ചേർന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ ‘സിഐടിയു ലോബി’ എന്നു പേരുകേട്ട
എം.എം.ലോറൻസ്, കെ.എൻ.രവീന്ദ്രനാഥ് തുടങ്ങിയവരെ വെട്ടിനിരത്തിയാണ് വിഎസ് പാർട്ടിയിൽ പൂർണമായും പിടിമുറുക്കിയത്. വി.എസിന്റെ ആശീർവാദത്തോടെ അന്ന് സെക്രട്ടറിയായ പിണറായി വിജയൻ പാർട്ടിക്കുള്ളിൽ ‘പകരം വയ്ക്കാനില്ലാത്ത നേതാവാ’യി മാറുന്നതും ‘വിഎസ് – പിണറായി’ എന്നിങ്ങനെ പാർട്ടിക്കുള്ളിൽ പക്ഷങ്ങൾ കളംമാറുന്നതും പിന്നീട് കാലം കാത്തുവച്ച കാഴ്ചയായി.
∙ പിബിയിൽ ഇടംനേടാതെ മടക്കം
അച്ചടക്കനടപടികൾക്ക് വിധേയനായെങ്കിലും വി.എസിനു വീണ്ടും സിപിഎമ്മിലെ പരമോന്നതതലമായ പൊളിറ്റ് ബ്യൂറോയിൽ ഇടം ലഭിച്ചേക്കുമെന്ന പ്രതീക്ഷയുടെ വേരറ്റതും കോഴിക്കോട്ടു വച്ചാണ്.
2012ൽ കോഴിക്കോട് ആതിഥേയത്വം വഹിച്ച സിപിഎമ്മിന്റെ ഇരുപതാം പാർട്ടി കോൺഗ്രസായിരുന്നു ആ വേദി. തന്നെ ഉൾപ്പെടുത്താതെയുള്ള 15 അംഗ പൊളിറ്റ് ബ്യൂറോയെ അന്നത്തെ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രഖ്യാപിക്കുമ്പോൾ നിർവികാരനായാണ് വേദിയിൽ വിഎസ് അത് കേട്ടിരുന്നത്.
എം.എ.ബേബി, സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ.കെ.
പത്മനാഭൻ ഉൾപ്പെടെ മൂന്നു പുതുമുഖങ്ങളെ ഉൾപ്പെടുത്തി വിപുലീകരിച്ച പിബിയെക്കുറിച്ച് വിശദീകരിച്ച് കാരാട്ടിന്റെ പ്രസംഗത്തിനു പിന്നാലെ പിബി അംഗം കൂടിയായ എസ്. രാമചന്ദ്രൻ പിള്ള പ്രസംഗിക്കാൻ എഴുന്നേറ്റെങ്കിലും അതു കേൾക്കാൻ നിൽക്കാതെ സമ്മേളനം അവസാനിക്കും മുൻപു തന്നെ വിഎസ് ഹാൾ വിട്ടു.
കാറിൽ കയറുന്നതിനു മുൻപ് ദൃശ്യമാധ്യമങ്ങൾ മൈക്ക് നീട്ടിയെങ്കിലും വിഎസ് പ്രതികരിച്ചില്ല. വൈകിട്ടു നടന്ന റാലിയിൽ പങ്കെടുക്കാതെയാണ് അദ്ദേഹം അന്ന് മടങ്ങിയത്.
വിഎസ് മടങ്ങിയെങ്കിലും ചടങ്ങിൽ അദ്ദേഹത്തിന്റെ പേരുയർന്നപ്പോഴൊക്കെ പ്രവർത്തകർ കയ്യടിച്ചും ആരവമുയർത്തിയും ആരാധന തുറന്നു കാട്ടി. വീണ്ടും സെക്രട്ടറിയായ പ്രകാശ് കാരാട്ടിനോ പിബിയിലേക്കുയർത്തപ്പെട്ട
എം.എ. ബേബിക്കോ കിട്ടാത്ത കരഘോഷമായിരുന്നു അസാന്നിധ്യത്തിലും അന്ന് കോഴിക്കോട്ട് വി.എസിനു ലഭിച്ചത്.
‘‘പിബിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടവരൊക്കെ പാർട്ടിയെ നന്നായി നയിക്കുന്നവരാണ്.
സിപിഎമ്മിനെ ശക്തിപ്പെടുത്തുന്ന തീരുമാനങ്ങളാണ് പാർട്ടി കോൺഗ്രസിൽ ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്തേക്കു തിരിച്ചുപോകാനുള്ളതുകൊണ്ടു സമാപനസമ്മേളനത്തിനു നിൽക്കുന്നില്ല.
പാർട്ടിയുടെ ജനപിന്തുണ പൊതുസമ്മേളനം വ്യക്തമാക്കും.’’ – വിഎസ് കോഴിക്കോട്ട് അന്നു പ്രതികരിച്ചതിങ്ങനെ. പാർട്ടി കോൺഗ്രസ് വേദിയിൽ നിന്ന് അഞ്ചരയോടെ തൃശൂരിലെ രാമനിലയത്തിൽ എത്തിയ വിഎസ് അന്ന് അവിടെയെത്തിയ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ തുടക്കത്തിൽ മടിച്ചു.
പൊളിറ്റ് ബ്യൂറോയിൽ നിന്നു തഴഞ്ഞതു സംബന്ധിച്ച പ്രതികരണം തൃശൂരിൽ രണ്ടു വാചകങ്ങളിൽ ഒതുങ്ങി – ‘‘ചെറുപ്പക്കാരൊക്കെ വരികയല്ലേ, നിങ്ങൾ വിശേഷിച്ച് എഴുതി വലുതാക്കേണ്ട’’. 2019ൽ ലോക്സഭാ തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം അവസാനമായി കോഴിക്കോട്ടെത്തിയത്.
∙ ജീരകപ്പാറയിലെ പ്രതിരോധം, നിയമപ്പോരാട്ടങ്ങളിലെ ‘ഐസ്ക്രീം’
കോഴിക്കോട്ടെ കോടഞ്ചേരി പഞ്ചായത്തിലെ ജീരകപ്പാറയിൽ വനംകയ്യേറ്റത്തിനെതിരായ പ്രതിഷേധത്തിൽ സജീവമായി വിഎസ് ഇടപെട്ടിരുന്നു.
തുഷാരഗിരി വെള്ളച്ചാട്ടം ഉൾപ്പെടുന്ന ഈ മേഖലയിലെ കാടുകയ്യേറുന്നതിനെതിരെ ജില്ലാ വനസംരക്ഷണ സമിതി നടത്തിയ സമരങ്ങളിലാണ് വിഎസ് എൺപതാം വയസ്സിലും മലകയറിയെത്തിയത്. വനസംരക്ഷണസമിതി കൺവീനറായ സിപിഎം നേതാവ് മത്തായി ചാക്കോ എംഎൽഎ ഉൾപ്പെടെയുള്ളവരുമായി മലനിരകളിലേക്ക് കടന്നെത്തിയായിരുന്നു വിഎസ് ഈ പ്രതിഷേധത്തിന് തിരികൊളുത്തിയത്.
മാവൂർ ഗ്രാസിം ഗ്വാളിയർ റയോൺസിന്റെ ഭൂമി സർക്കാർ ഏറ്റെടുത്ത് പുതിയ വ്യവസായം തുടങ്ങണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിലും വിഎസ് സജീവമായി പങ്കെടുത്തു. വൻകിട
പദ്ധതികൾക്കായി പുതുതായി ഭൂമി കണ്ടെത്താതെ സർക്കാർ അധീനതയിലും മറ്റുമുള്ള ഭൂമി അതിനായി വകയിരുത്തി ചെലവു കുറയ്ക്കണമെന്ന നിലപാടായിരുന്നു എന്നും വി.എസിന്റേത്. മുഖ്യമന്ത്രിയായിരിക്കെ നടപ്പാക്കിയ പല പദ്ധതികളും ഇത്തരത്തിലുളള ഭൂമിയിലാണെന്നത് ആ കാഴ്ചപ്പാടിന്റെ തെളിവായി.
ഗ്രാസിം ഭൂമി ഏറ്റെടുത്ത് പുതിയ വ്യവസായം തുടങ്ങണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവായിരിക്കെ വിഎസ് പ്രക്ഷോഭം നയിച്ചെങ്കിലും ഇന്നും ഗ്രാസിം ഭൂമി കാടുപടർന്നു കിടക്കുകയാണ്.
സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഐസ്ക്രീം പാർലർ പെൺവാണിഭ കേസിൽ വി.എസിന്റെ നിയമപോരാട്ടത്തിന് തുടക്കം കുറിച്ചത് കോഴിക്കോട്ടെ കോടതിയിൽ നിന്നായിരുന്നു. കേസ് അട്ടിമറിക്കപ്പെട്ടതിനെതിരായ നിയമപ്പോരാട്ടത്തിൽ വിഎസ് അവസാനനിമിഷം വരെ സജീവമായി നിലകൊണ്ടു.
ഹൈക്കോടതി, സുപ്രീംകോടതി എന്നിവിടങ്ങളിലെല്ലാം വിഎസ് ഈ കേസിലെ ഹർജികളുമായെത്തി. പൊലീസ് റിപ്പോർട്ട് അംഗീകരിച്ച് കോടതി കേസ് അവസാനിപ്പിച്ചതിനെതിരെയായിരുന്നു വി.എസിന്റെ സുദീർഘമായ ഈ നിയമ ഇടപെടൽ.
നൂറുകണക്കിനു കുടുംബങ്ങൾക്ക് കിടപ്പാടമൊരുക്കി അമ്പായത്തോട് മിച്ചഭൂമിയിൽ നടന്ന സമരവും വി.എസ്.അച്യുതാനന്ദനെക്കുറിച്ചുള്ള കോഴിക്കോടിന്റെ ഓർമകളിലുണ്ട്.
താമരശ്ശേരിയിലെ പഴയ കെടവൂർ, രാരോത്ത് വില്ലേജുകളിൽപ്പെട്ട അമ്പായത്തോട് മിച്ചഭൂമിയിൽ കിടപ്പാടത്തിനുള്ള സ്ഥലംതേടി കുടിൽകെട്ടി സമരംചെയ്ത സാധാരണക്കാർ സമരത്തിനൊപ്പം നിലയുറപ്പിച്ച് അതുനേടികൊടുത്ത നേതാവായാണ് വി.എസിനെ സ്മരിക്കുന്നത്.
∙ കോഴിക്കോടിന് ഉണർവേകിയ വിഎസ് സ്പർശം
മുഖ്യമന്ത്രി സ്ഥാനമേറ്റ ശേഷം 2006 ജൂണിൽ മലബാറിൽ വി.എസിന്റെ ആദ്യ പൊതുപരിപാടി തന്നെ വികസനത്തിന്റെ പാലം തുറന്നുകൊണ്ടായിരുന്നു.
കോഴിക്കോടിനും കണ്ണൂരിനുമിടയിൽ പൂർത്തിയായ നാലാമത്തെ മേൽപ്പാലമായ വെങ്ങളം മേൽപ്പാലമാണ് അദ്ദേഹം അന്ന് ഉദ്ഘാടനം ചെയ്തത്.
കോഴിക്കോട്ടെ കേരള സോപ്സ് വീണ്ടും തുറന്നതും കോഴിക്കോട് ആസ്ഥാനമായി മലബാർ ദേവസ്വം ബോർഡ്, കുന്നമംഗലത്ത് കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ്, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ എന്നിവയ്ക്കു തുടക്കമിടുന്നതും വിഎസ് മുഖ്യമന്ത്രിയായിരിക്കുമ്പോൾ. ബോട്ട് ക്ലബ്, നടപ്പാത ഓപ്പൺ എയർ തിയറ്റർ എന്നിവയുമായി മലബാറിന്റെ വിനോദസഞ്ചാരവികസനത്തിന് പുത്തൻ ഉണർവുമായി സരോവരം ബയോപാർക്ക് പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തും വിഎസ് തന്നെ.
മാവൂർ റോഡിൽ കോഴിക്കോടിന്റെ വാതായനങ്ങളിലൊന്നായി മാറിയ കെഎസ്ആർടിസി സമുച്ചയത്തിന് തുടക്കമിട്ടതും വിഎസാണ്.
അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ 2009 മാർച്ച് ഒന്നിനാണ് കെഎസ്ആർടിസിയുടെ ഈ ഇരട്ടക്കെട്ടിടങ്ങളുടെ നിർമാണത്തിന് തുടക്കമായത്. കോഴിക്കോട്ടെ ഐടി ഹബ്ബാക്കാൻ ലക്ഷ്യമിട്ട് ഗവ.സൈബർപാർക്ക്, യുഎൽ സെബർപാർക്ക് എന്നിവ തുടങ്ങാൻ പ്രേരണയായതും വി.എസിന്റെ ഇടപെടലുകളാണ്.
2008 ൽ വിഎസ് മുഖ്യമന്ത്രിയായിരിക്കെ പാലാഴിയിലെ കാച്ചിലാട്ടുകുന്നിൽ ഏറ്റെടുത്ത 70 ഏക്കറാണ് പിന്നീട് സൈബർലോകത്തേക്ക് കോഴിക്കോട് ജില്ലയിൽ ഏറ്റവുമധികം പേർ ഇന്നു ജോലിചെയ്യുന്ന സൈബർ പാർക്കായി രൂപാന്തരപ്പെട്ടതും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]