ദേശീയപാത 85-ൽ നടന്നുവരുന്ന വികസന പ്രവർത്തനങ്ങൾക്കായി അധികമായി 160 കോടി രൂപ അനുവദിക്കുന്നതിനുള്ള ശുപാർശയ്ക്ക് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) അംഗീകാരം നൽകിയതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. അടിമാലി ടൗണിനെ നാലുവരിപ്പാതയായി വികസിപ്പിക്കുന്നത് ഉൾപ്പെടെയുള്ള സുപ്രധാന നിർദേശങ്ങളാണ് ഈ അധിക ഫണ്ടിലൂടെ നടപ്പിലാക്കുന്നത്.
നിലവിൽ 10 മീറ്റർ വീതിയിൽ ‘ടു ലൈൻ വിത്ത് പേവ്ഡ് ഷോൾഡർ’ എന്ന നിലയിലാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. എന്നാൽ, പല സ്ഥലങ്ങളിലും പുറമ്പോക്ക് കയ്യേറ്റങ്ങൾ മൂലം 10 മീറ്റർ വീതി ഉറപ്പാക്കുന്നതിൽ തടസ്സങ്ങൾ നേരിട്ടിരുന്നു.
അധിക ഫണ്ട് ലഭ്യമായതോടെ, നിർമാണം നടക്കുന്ന 78 കിലോമീറ്റർ ഭാഗത്തും 10 മീറ്റർ വീതി ഉറപ്പാക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പദ്ധതിയുടെ പ്രധാന സവിശേഷതകൾ:
* വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിന്റെ ഇടത്താവളമെന്ന നിലയിൽ അടിമാലി ടൗണിനെ നാലുവരിപ്പാതയാക്കി മാറ്റും.
* മൂന്നാർ ഉൾപ്പെടെയുള്ള ഏഴ് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വ്യൂ പോയിന്റുകളോട് ചേർന്ന് ഇന്റർലോക്ക് പാകും.
* പ്രധാന വളവുകളിൽ വീതി കൂട്ടുന്നതിനായി ഒരു കിലോമീറ്റർ ദൂരം പ്രത്യേകമായി കണ്ടെത്തിയിട്ടുണ്ട്.
* ആറാം മൈൽ മുതൽ മൂന്നാർ വരെയുള്ള ഭാഗത്തെ 19 എണ്ണം ഉൾപ്പെടെ ആകെ 36 ബസ് ഷെൽറ്ററുകൾ നിർമിക്കും.
ഇതോടൊപ്പം വാട്ടർ അതോറിറ്റിയുടെ യുട്ടിലിറ്റി ഷിഫ്റ്റിങ്ങിനായി അടിമാലി സെക്ഷനിൽ 44.32 കിലോമീറ്റർ, മൂവാറ്റുപുഴ മുനിസിപ്പൽ പരിധിയിൽ 5.3 കിലോമീറ്റർ, കോതമംഗലം മുനിസിപ്പൽ പരിധിയിൽ 13 കിലോമീറ്റർ എന്നിങ്ങനെ തുക അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെ വിവിധയിടങ്ങളിലായി 2.5 കിലോമീറ്റർ ദൂരത്തിൽ നടപ്പാതകൾക്കും അംഗീകാരം ലഭിച്ചു.
നിലവിൽ 10 മീറ്റർ വീതി ലഭ്യമല്ലാത്ത ആറ് കിലോമീറ്റർ ദൂരത്തിൽ ഭൂമി ഏറ്റെടുക്കൽ ആവശ്യമായി വരുന്നുണ്ട്. ഇതിനായി പ്രത്യേക ശുപാർശ സമർപ്പിച്ചിട്ടുണ്ടെന്നും എംപി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

