
തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി. എറണാകുളം സ്വദേശി കൊല്ലപ്പെട്ടു എന്ന വാർത്ത അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കും. ആവശ്യമായ എല്ലാ കാര്യങ്ങളും സർക്കാർ നേതൃത്വത്തിൽ നിർവഹിക്കും.
ഹൈക്കോടതി ജസ്റ്റിസുമാരായ ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത്കുമാർ, ജസ്റ്റിസ് ഗിരീഷ് എന്നിവർ ജമ്മു കശ്മീരിൽ യാത്രക്കായി പോയിട്ടുള്ളതാണ്. നിലവിൽ ജസ്റ്റിസുമാർ ശ്രീനഗറിലുള്ള ഹോട്ടലിൽ സുരക്ഷിതരാണെന്ന് അറിയുന്നു. ഇന്ന് നാട്ടിലേക്കു തിരിക്കും എന്നാണറിഞ്ഞത്. എംഎൽഎമാരായ എം. മുകേഷ്, കെ പി എ മജീദ്, ടി. സിദ്ദീഖ്, കെ.ആൻസലൻ എന്നിവർ ശ്രീനഗറിൽ ഉണ്ട്. ഇവരും സുരക്ഷിതരാണ്. ജമ്മു കാശ്മീരിൽ വിനോദയാത്രയ്ക്കായി എത്തിയിട്ടുള്ള എല്ലാ മലയാളികൾക്കും വേണ്ട സഹായങ്ങൾ ലഭ്യമാക്കാൻ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നോർക്ക റൂട്സിന് നിർദ്ദേശം നൽകി.
നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങിയിട്ടുണ്ട്. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിൻ്റെ 18004253939 (ടോൾ ഫ്രീ നമ്പർ ), 00918802012345 (മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. കാശ്മീരിൽ കുടുങ്ങി പോയ, സഹായം ആവശ്യമായവർക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെൽപ്പ് ഡെസ്ക്ക് നമ്പരിൽ വിളിച്ച് വിവരങ്ങൾ നൽകാം. ദില്ലിയിലും ആവശ്യമായ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി കേരള ഹൗസിന് നിർദ്ദേശം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]