
കൊല്ലം : ശക്തികുളങ്ങരയിൽ ജനനേന്ദ്രിയത്തിലും കാറിലും ഒളിപ്പിച്ച് 90.45 ഗ്രാം എംഡിഎംഎ കടത്തിയ കേസിലെ പ്രതി അനില രവീന്ദ്രൻ ബംഗളൂരിൽ നിന്ന് എംഡിഎംഎ എത്തിച്ചത് കൊല്ലം നഗരത്തിലെ വിതരണക്കാരന് കൈമാറാനെന്ന് പൊലീസ്. വിദ്യാർത്ഥികളെയടക്കം ലക്ഷ്യമിട്ട് ലഹരിമരുന്ന് കച്ചവടം നടത്തുന്ന ഇയാളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. യുവതിക്ക് ലഹരി മരുന്ന് വിൽപന നടത്തിയയാളെയും ഇടനില നിന്നയാളെയും കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി. റിമാൻഡിൽ കഴിയുന്ന പ്രതി അനില രവീന്ദ്രനെ വിശദമായ ചോദ്യംചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങും. സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ്റെ മേൽനോട്ടത്തിലാണ് അന്വേഷണം.
നഗരത്തിലേക്ക് വൻ തോതിൽ ലഹരി മരുന്ന് എത്തുന്നുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ കിരൺ നാരായണന് നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് പരിശോധന ശക്തമായിരുന്നു. ശക്തികുളങ്ങരയിൽ നിന്നാണ് എംഡിഎംഎയുമായി പെരിനാട് ഇടവട്ടം സ്വദേശി അനില രവീന്ദ്രനെ പിടികൂടിയത്. കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു 50 ഗ്രാം എംഡിഎംഎ. വൈദ്യ പരിശോധനയ്ക്കായി പ്രതിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ജനനേന്ദ്രിയത്തിനുള്ളിൽ എംഡിഎംഎ ഒളിപ്പിച്ചിട്ടുണ്ടെന്ന് സ്കാനിങ്ങിൽ സ്ഥിരീകരിച്ചത്. 40.45 ഗ്രാം എംഡിഎംഎയാണ് പുറത്തെടുത്തത്. ഇതോടെ യുവതിയിൽ നിന്ന് ആകെ 90.45 ഗ്രാം എംഡിഎംഎ
പിടിച്ചെടുത്തു. നഗരത്തിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പ്രതി എംഡിഎംഎ എത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. ലഹരി സംഘത്തിൽപ്പെട്ട കൂടുതൽ പേരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടങ്ങി. അനില രവീന്ദ്രൻ നേരത്തെയും ലഹരി മരുന്ന് കേസിൽ പ്രതിയായിട്ടുണ്ട്.
എംഡിഎംഎ വിഴുങ്ങിയ ഫായിസിന് ഇന്ന് ശസ്ത്രക്രിയ
പൊലീസ് പിടികൂടാൻ എത്തിയപ്പോൾ എംഡിഎംഎ വിഴുങ്ങിയ താമരശ്ശേരി സ്വദേശി ഫായിസിനെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ സാധ്യത. എംഡിഎംഎ വിഴുങ്ങിയെന്ന് ഫായിസ് തന്നെയാണ് പൊലീസിനോട് പറഞ്ഞത്. പരിശോധനിലും ഇതു സംബന്ധിച്ച സൂചനകൾ കിട്ടിയിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ വയറിനകത്ത് ക്രിസ്റ്റൽ രൂപത്തിൽ തരികൾ കണ്ടെത്തിയിരുന്നു. ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]