തിരുവനന്തപുരം: കിഴക്കേക്കോട്ടയിലെ ബാറിൽ നിന്നും ബൈക്ക് മോഷ്ടിച്ച് കടന്ന രണ്ടു പേരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു .പേട്ട, പാൽക്കുളങ്ങര, മാനവ നഗർ വയലിൽ വീട്ടിൽ ഉണ്ണി (24 ), കോട്ടയം വൈക്കം കൊള്ളു പുരക്കൽ ഹൗസിൽ ജിനു ബേബി (28 ) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.
പത്തനംതിട്ട സ്വദേശിയായ ബാർ ജീവനക്കാരൻ്റെ ബൈക്കാണ് മോഷണം പോയത്.
ഒന്നാം പ്രതിയായ ഉണ്ണി ബാറിന്റെ പാർക്കിംഗ് ഏരിയയിൽ നിന്നും ബൈക്ക് ലോക്ക് പൊട്ടിച്ച് ഉരുട്ടി പുറത്തിറക്കി കിഴക്കേകോട്ട ഭാഗത്ത് എത്തിച്ച് രണ്ടാം പ്രതിയായ ജിനു ബേബിക്ക് നൽകുകയായിരുന്നു.
സുരക്ഷാ ജീവനക്കാരൻ ചോദിച്ചപ്പോൾ പെട്രോൾ തീർന്നെന്ന് പറഞ്ഞാണ് ഇയാൾ വാഹനവുമായി കടന്നത്. ജിനുവിന് 2500 രൂപയ്ക്ക് വാഹനം കൈമാറിയ ഉണ്ണി പണവുമായി മടങ്ങി.
ജിനു വാഹനം പൊളിച്ച് യന്ത്രഭാഗങ്ങളാക്കി വേർതിരിച്ച് സൂക്ഷിച്ച് അട്ടക്കുളങ്ങര ഭാഗത്തെ സ്ക്രാപ് കടയിൽ വിറ്റു. പൊലീസിൽ പരാതിയെത്തിയതിന് പിന്നാലെ സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ജിനു ബേബി എറണാകുളം ജില്ലയിലെ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്.
സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ആളുകളെപ്പറ്റിയും പഴയ വാഹനങ്ങൾ പൊളിച്ച് വിൽക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള ഇൻസ്പെക്ടർ എസ്.ബി.പ്രവീൺ, എസ്.ഐമാരായ അനു.എസ്.നായർ, സുജോ, ജോർജ് ആന്റണി, എ.എസ്.ഐ സിജു മോൻ, സി.പി.ഒ മാരായ സുനിൽകുമാർ, ഗിരീഷ്, ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

