
കോഴിക്കോട്: വിനോദ യാത്രാ സംഘത്തിൽപ്പെട്ട യുവാവ് കാൽവഴുതി കൊക്കയിൽ വീണ് മരിച്ചു. താമരശേരി ചുരത്തിൽ ഒൻപതാം വളവിന് താഴെ കുപ്പിക്കഴുത്തിന് സമീപം മിനി വ്യൂ പോയിന്റിൽ ഇന്ന് പുലർച്ചെ ഒന്നേമുക്കാലോടെയാണ് സംഭവം. വടകര വളയം തോടന്നൂർ വരക്കൂർ സ്വദേശി അമൽജിത്ത് (23) ആണ് മരിച്ചത്. മൂത്രമൊഴിക്കുന്നതിനായി റോഡരികിൽ നിൽക്കവേ കാൽവഴുതി വീഴുകയായിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അമൽജിത്ത്. സഹപ്രവർത്തകർക്കൊപ്പം വയനാട്ടിലേയ്ക്ക് യാത്ര പോകവേയായിരുന്നു അപകടമുണ്ടായത്. അമൽ അടക്കം 13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കാൽവഴുതി യുവാവ് അറുപതടിയോളം താഴ്ചയിലേക്കാണ് പതിച്ചത്. പിന്നാലെ അമൽജിത്തിനെയും രക്ഷിക്കാനിറങ്ങിയ അമൽദാസ്, പ്രസാദ് എന്നിവരെയും കൽപ്പറ്റ ഫയർഫോഴ്സ് എത്തിയാണ് മുകളിലെത്തിച്ചത്.
അടിവാരം ഔട്ട് പോസ്റ്റ് പൊലീസും താമരശേരി ഹൈവേ പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അമൽജിത്തിന് തലയ്ക്ക് ഉൾപ്പെടെ പരിക്കേറ്റിരുന്നു. മുകളിലെത്തിച്ചതിന് പിന്നാലെ താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താമരശേരി പൊലീസ് ഇൻക്വസ്റ്റ് നടത്തിയതിനുശേഷം മൃതദേഹം കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി. പിതാവ്: രവി, മാതാവ്: സുമ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]