
ഒരുപാട് കർഷകരെ നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാൽ, ഇങ്ങനെ ഒരു കർഷകനെ അധികം കാണാൻ ചാൻസില്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ പച്ചക്കറികൾ വളർത്തിയെടുക്കുന്നവരിൽ ഒരാളാണ് പീറ്റർ ഗ്ലേസ്ബ്രൂക്ക്. ഏറ്റവും ഭാരമുള്ള ഉരുളക്കിഴങ്ങ് (4.98 കിലോ), ഏറ്റവും ഭാരമുള്ള കോളിഫ്ളവർ (27.48 കിലോ), ഏറ്റവും ഭാരമേറിയ വഴുതന (3.362 കിലോ), ഏറ്റവും ഭാരമുള്ള കാപ്സിക്കം (750 ഗ്രാം) ഇവയെല്ലാം വളർത്തിയെടുത്ത് ഗിന്നസ്ബുക്കിൽ കയറിയ ആള് കൂടിയാണ് അദ്ദേഹം.
യുകെയിലെ നോട്ടിംഗ്ഹാംഷെയറിലെ താമസക്കാരനാണ് 79 -കാരനായ പീറ്റർ. തന്റെ നാട്ടിൽ മാത്രമല്ല, വ്യത്യസ്തമായ പച്ചക്കറികൾ നട്ടുവളർത്തി ലോകമെമ്പാടും അറിയപ്പെടുന്ന ആളാണ് പീറ്റർ. അര ഏക്കർ സ്ഥലമുണ്ട് പീറ്ററിന്. അവിടെയാണ് അദ്ദേഹം തന്റെ പച്ചക്കറി കൃഷി നടത്തുന്നത്. ആധുനിക യന്ത്രങ്ങൾ ഒന്നും തന്നെ ഉപയോഗിക്കാതെയാണ് കൃഷി ചെയ്യുന്നത്. തന്റെ റൂഫിൽ വീഴുന്ന മഴവെള്ളം ശേഖരിച്ച് അതാണ് ചെടികൾക്ക് നനയ്ക്കുന്നത്. ഓട്ടോമാറ്റിക് വാട്ടറിംഗ് സംവിധാനം താൻ ഉപയോഗിക്കുന്നില്ല എന്ന് പീറ്റർ പറയുന്നു.
കെട്ടിട സർവേയറായി വിരമിച്ചയാളാണ് പീറ്റർ. കക്കിരി, ഉള്ളി, വഴുതന തുടങ്ങിയവയാണ് അദ്ദേഹം ഇന്ന് കൃഷി ചെയ്യുന്നത്. നേരത്തെ മത്തൻ പോലെയുള്ള വലിയ വലിപ്പം വയ്ക്കുന്ന പച്ചക്കറികളും അദ്ദേഹം കൃഷി ചെയ്തിരുന്നു. എന്നാൽ, അവ വളർത്താനും മത്സരത്തിന് വേണ്ടി ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് ചുമക്കാനും ഒക്കെ ബുദ്ധിമുട്ടായതുകൊണ്ട് തന്നെ അവ വളർത്തുന്നത് അവസാനിപ്പിക്കുകയായിരുന്നു.
എങ്ങനെ ഇതുപോലെ വലിയ, ഗുണമേന്മയുള്ള പച്ചക്കറികൾ വളർത്തിയെടുക്കാം എന്ന ചോദ്യത്തിന് പീറ്റർ നൽകുന്ന മറുപടി വിത്ത് തിരഞ്ഞെടുക്കുമ്പോൾ മുതൽ നാം ശ്രദ്ധിച്ച് തുടങ്ങണം എന്നാണ്. വലിയ വലിയ പച്ചക്കറികൾ വളർത്തിയെടുക്കുന്ന കർഷകരുടെ അടുത്തുനിന്നും അത്തരത്തിലുള്ള വിത്തുകൾ കിട്ടും. പിന്നെ ഇത്തരം മത്സരവേദികളും ഷോകളിലും പോവുക. അവിടെ വലിയ പച്ചക്കറികൾ വിൽക്കുന്നവരിൽ നിന്നും മത്സരത്തിൽ വിജയിക്കുന്നവരിൽ നിന്നുമൊക്കെ വിത്തുകൾ വാങ്ങുക എന്നും പീറ്റർ പറയുന്നു.
എന്തായാലും, ഈ പ്രായത്തിലും ഓടിനടന്ന് തന്റെ കൃഷി ശ്രദ്ധിക്കുകയാണ് പീറ്റർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Jan 23, 2024, 12:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]