മാര്‍ക്കോയിലൂടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്കുള്ള കുതിപ്പ് ആരംഭിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്. അഭിനയിച്ച ചിത്രങ്ങളില്‍ ഏറ്റവും വലിയ ഓപണിംഗ് ആണ് ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തിലൂടെ അദ്ദേഹത്തിന് ലഭിച്ചത്. ഇപ്പോഴിതാ മാര്‍ക്കോയുടെ വിജയത്തില്‍ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് രണ്ട് സംവിധായകര്‍, പത്മകുമാറും വിനയനുമാണ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരുടെയും കുറിപ്പുകള്‍.
പത്മകുമാറിന്റെ കുറിപ്പ്
അത്യുത്സാഹികളും കഠിനാദ്ധ്വാനികളുമായവർ ഉയരങ്ങളിലേക്കുള്ള പടവുകൾ കയറിപ്പോകുന്നത് കൗതുകമുള്ള കാഴ്ചയാണ്. ഏതെങ്കിലും വിധത്തിൽ നമ്മളോടടുത്തു നിൽക്കുന്ന, അല്ലെങ്കിൽ നമുക്ക് പ്രിയപ്പെട്ട ആരെങ്കിലുമാണെങ്കിൽ പ്രത്യേകിച്ചും. പൃഥ്വിരാജും ജോജു ജോർജുമൊക്കെ ചേർന്ന ആ ഗണത്തിലാണ് ഉണ്ണി മുകുന്ദനും. ഉണ്ണിയെ ഞാനാദ്യം കാണുന്നതും പരിചയപ്പെടുന്നതും ബാബു ജനാർദനൻ എഴുതി സംവിധാനം ചെയ്ത ‘ബോംബെ മാർച്ച് 12 ‘ൻ്റെ ലൊക്കേഷനിലാണ്. കാണാൻ കൗതുകമുള്ള, ഭംഗിയായി ചിരിക്കുന്ന, ജോലിയിൽ അർപ്പണബോധമുള്ള ആ ചെറുപ്പക്കാരൻ പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഭാഗമായി. ‘മല്ലുസിംഗി’ലൂടെ ഉണ്ണിയുടെ മറ്റൊരു ഭാവം നമ്മൾ കണ്ടു. പിന്നെയും ഒരുപാട് സിനിമകൾക്ക് ശേഷം ‘മാളികപ്പുറം’ എന്ന സൂപ്പർഹിറ്റ് സിനിമ ഉണ്ണിയെ കരിയറിലെ ഉയരങ്ങളിൽ എത്തിച്ചു. ഇപ്പോൾ ഇതാ ഉണ്ണി മുകുന്ദൻ എന്ന നടൻ ‘വേറെ ലെവൽ’ എന്ന് പറയാവുന്ന ഒരു ശ്രേണിയിലേക്ക് എത്തിച്ചേരുന്നു, ‘മാര്‍ക്കോ’ എന്ന മാസ് ചിത്രത്തിലൂടെ. സ്വന്തം ആരാധകവൃന്ദത്തിൻ്റെ എണ്ണം പത്തിരട്ടിയും നൂറിരട്ടിയുമാക്കി മാര്‍ക്കോ’ എന്ന നായകൻ കുതിച്ചുകയറുന്നു. നിറഞ്ഞു കവിഞ്ഞ തിയറ്ററില്‍ അതിന് സാക്ഷിയാവാൻ കഴിഞ്ഞതിൻ്റെ അതിരില്ലാത്ത ആഹ്ലാദം ഞാനിവിടെ പങ്കുവെക്കുന്നു. പരാജയങ്ങൾ പഴങ്കഥകൾ മാത്രമാവട്ടെ.. കീഴടക്കാനുള്ള ഉയരങ്ങളത്രയും ഉണ്ണിമുകുന്ദൻ എന്ന അര്‍പ്പണബോധമുള്ള നടനു മുന്നിൽ തലകുനിക്കട്ടെ! അഭിനന്ദനങ്ങൾ ഉണ്ണി, ഷെറീഫ്, ഹനീഫ് അദേനി ആന്‍ഡ് ടീം.
വിനയന്റെ കുറിപ്പ്
അർപ്പണ ബോധവും കഠിനാധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിച്ചിരിക്കും എന്നതിന്റെ തെളിവാണ് ‘മാർക്കോ’ എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദൻ നേടിയ വിജയം. ഒരു സിനിമയുടെ തുടക്കം മുതൽ അത് തിയറ്ററിൽ എത്തിക്കഴിഞ്ഞൂം ഒരു സംവിധായകനേക്കാളും നിർമ്മാതാവിനെക്കാളും ആത്മാർത്ഥതയോടെ ആ സിനിമയുടെ കൂടെ സഞ്ചരിക്കുവാനും പ്രമോഷൻ കൊടുക്കുവാനും ഒക്കെ ഉണ്ണി കാണിക്കുന്ന ഉത്സാഹവും മനസ്സും മറ്റു യുവനടൻമാർക്കും അനുകരണീയമാണ്. നിതാന്തമായ പരിശ്രമമാണല്ലോ വിജയത്തിനാധാരം. ഒരു പാനിന്ത്യൻ താരം ഉദിക്കട്ടെ. ആശംസകൾ.
ALSO READ : മാല പാർവ്വതിക്കൊപ്പം മനോജ് കെ യു; ‘ഉയിര്’ ടീസര്‍ എത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]