
ടൊറന്റോ: കാനഡയിൽ ബന്ധുക്കളുള്ള ഗാസ സ്വദേശികൾക്ക് താൽക്കാലിക വിസ നൽകുമെന്ന് പ്രഖ്യാപിച്ച് കാനഡ. കാനഡയുടെ ഇമിഗ്രേഷന്‍ മന്ത്രി മാർക് മില്ലറാണ് കാനഡയിൽ ബന്ധുക്കളുള്ള പാലസ്തീന് അഭയാർത്ഥികൾക്ക് താൽക്കാലിക വിസ നൽകുമെന്ന് വ്യാഴാഴ്ച വ്യക്തമാക്കിയത്. എന്നാൽ വിസ നൽകുന്നവരെ സുരക്ഷിതമായി പാലസ്തീനിന് പുറത്തേക്ക് എത്തിക്കാനാവുമോയെന്ന കാര്യത്തിൽ കാനഡ ഉറപ്പ് നൽകുന്നില്ല. ജനുവരി ഒന്‍പത് മുതലാകും പാലസ്തീൻ അഭയാർത്ഥികൾക്ക് താൽക്കാലിക വിസ നൽകുക.
അതുവരെ ഗാസയിലുള്ള 660 കാനഡ സ്വദേശികളേയും അവരുടെ കുടുംബങ്ങളേയും പുറത്ത് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് മാർക് മില്ലർ വ്യക്തമാക്കുന്നത്. കാനഡയിലുള്ളവരുടെ രക്ഷിതാക്കൾ, മുത്തച്ഛൻ മുത്തശ്ശി, സഹോദരങ്ങൾ, പേരക്കുട്ടികൾ എന്നിവരടക്കമുള്ളവർക്ക് താൽക്കാലിക വിസ നൽകുമെന്നാണ് കാനഡ വിശദമാക്കുന്നത്. മൂന്ന് വർഷത്തേക്കാവും ഈ താൽക്കാലിക വിസയുടെ കാലാവധി. ഇതിലേക്ക് എത്ര പേർ അപേക്ഷിക്കുമെന്ന് അറിയില്ലെന്നും എന്നാൽ നൂറ് കണക്കിന് പേർ ഈ അവസരം ഉപയോഗിക്കുമെന്ന വിലയിരുത്തലിലാണ് കാനഡ സർക്കാരുള്ളത്.
അതേസമയം ഇസ്രയേലിൽ നിന്നുള്ളതും ഇസ്രയേൽ ഉടമകളുടേതുമായ കപ്പലുകൾക്ക് മലേഷ്യ വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇസ്രയേൽ ബന്ധമുള്ള കപ്പലുകൾക്ക് വിലക്ക് പ്രഖ്യാപിച്ചതായി ബുധനാഴ്ചയാണ് മലേഷ്യന്‍ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം വ്യക്തമാക്കിയത്. പാലസ്തീന് ജനതയോട് മാനുഷിക സമീപനം കാണിക്കുന്നില്ലെന്ന് വിശദമാക്കിയാണ് മലേഷ്യയുടെ നടപടി. ഗാസയിലെ മരണസംഖ്യ വർധിക്കുകയും പാലസ്തീനെ പിന്തുണച്ച് രാജ്യത്ത് പ്രതിഷേധങ്ങൾ പതിവാകുകയും ചെയ്തതിന് പിന്നാലെയാണ് നടപടി. പാലസ്തീനിയന്‍ ജനതയോടുള്ള ക്രൂരതയാണ് നിലവിലെ കൂട്ടക്കുരുതിയെന്നാണ് പ്രഖ്യാപനം അറിയിച്ച് കൊണ്ട് മലേഷ്യന്‍ പ്രധാനമന്ത്രി വ്യക്തമാക്കിയത്.
Last Updated Dec 22, 2023, 1:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]