വിനായകന്റെ അഭിനയ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട നാഴികക്കല്ലാണ് തമിഴ് ചിത്രം ജയിലര്‍. കമ്മട്ടിപ്പാടത്തിലെ ഗംഗയായി മലയാളികളെ അദ്ദേഹം നേരത്തേ ഞെട്ടിച്ചിട്ടുണ്ടെങ്കിലും രജനികാന്ത് ചിത്രത്തിലെ പ്രതിനായക വേഷം അദ്ദേഹത്തിന് നേടിക്കൊടുത്ത റീച്ച് ചില്ലറയല്ല. തമിഴിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ കൂട്ടത്തില്‍ ഇടംപിടിച്ച ചിത്രത്തിലൂടെ വിനായകന് തമിഴരും മലയാളികളുമല്ലാത്ത പ്രേക്ഷകരിലേക്കും എത്തി. അദ്ദേഹത്തിന്റെ അടുത്ത പ്രധാന റിലീസും തമിഴില്‍ ആണ്. വിക്രത്തെ നായകനാക്കി ഗൌതം വസുദേവ് മേനോന് സംവിധാനം ചെയ്ത ധ്രുവനച്ചത്തിരം ആണ് ചിത്രം.
നവംബര്‍ 24 ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിലും ഒരു പ്രധാന വേഷത്തിലാണ് വിനായകന് എത്തുന്നത്. ഇപ്പോഴിതാ വിനായകനെക്കുറിച്ചും അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചും സംവിധായകന് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. “ജയിലറില്‍ വിനായകന്റെ പ്രകടനം മികച്ചതായിരുന്നു. പ്രേക്ഷകര്‍ നന്നായി സ്വീകരിച്ചു ആ വേഷം. എന്നാല്‍ ഞാന്‍ അദ്ദേഹത്തെ മറ്റൊരു രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ജയിലറിലെ ഒരു സീനില്‍ അദ്ദേഹം വിനയാന്വിതനായി നില്‍ക്കുന്നുണ്ട്. മുട്ടുകാലില്‍ നിന്ന് യാചിക്കുന്നുണ്ട്. വിനായകനെ ഞാന്‍ അങ്ങനെയല്ല വിഭാവനം ചെയ്തത്. പരിഷ്കാരിയും സ്റ്റൈലിഷുമായ ഒരു കഥാപാത്രമാണ് അത്. പ്രാദേശിക ഭാഷാ ശൈലിയിലാണ് ഈ കഥാപാത്രം സംസാരിക്കുക”, ഗൌതം മേനോന് പറയുന്നു.
കമല്‍ ഹാസന് നായകനായ വിക്രം കണ്ടതിന് ശേഷം ധ്രുവനച്ചത്തിരത്തില്‍ ചില്ലറ രംഗങ്ങള്‍ ഒഴിവാക്കേണ്ടിവന്നതായും ഗൌതം മേനോന് പറയുന്നു. “വിക്രത്തില്‍ സന്താന ഭാരതിയുടെയും വാസന്തിയുടെയും കഥാപാത്രങ്ങളെ ലോകേഷ് പരിചയപ്പെടുത്തിയ ഒരു രീതിയുണ്ട്. ധ്രുവനച്ചത്തിരത്തിലെ ചില കഥാപാത്രങ്ങളെ ഞങ്ങള്‍ അവതരിപ്പിച്ചതുമായി സമാനതയുണ്ടായിരുന്നു അതിന്. വിക്രം കണ്ടതിന് ശേഷം ചില കാര്യങ്ങള്‍ ഒഴിവാക്കി”, ഗൌതം മേനോന് പറയുന്നു.
ഗൌതം മേനോന്റെ സിനിമാജീവിതത്തില്‍ റിലീസ് ഏറ്റവും നീണ്ടുപോയ പ്രോജക്റ്റ് ആണ് ധ്രുവനച്ചത്തിരം. 2013 ല്‍ ആലോചിച്ച് 2016 ല്‍ ചിത്രീകരണം തുടങ്ങിയ സിനിമയാണ് ഇത്. ഗൌതം മേനോന് തന്നെ നിര്‍മ്മിക്കുന്ന ചിത്രം അദ്ദേഹത്തിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ മൂലം 2023 വരെ നിര്‍ത്തിവെക്കേണ്ടിവന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Last Updated Nov 21, 2023, 9:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]