കോട്ടയം ∙ നിയമസഭാ തിരഞ്ഞെടുപ്പിനു കേരളത്തിൽ ഭരണം പിടിക്കാൻ അരയും തലയും മുറുക്കി കോൺഗ്രസ് ഹൈക്കമാൻഡ്. തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിഹാർ മോഡലിൽ
നയിക്കുന്ന യാത്ര സംസ്ഥാനത്ത് നടത്താനാണ് ആലോചന.
14 ജില്ലകളിലൂടെയും സഞ്ചരിക്കുന്ന യാത്രയിൽ രാഹുലിനൊപ്പം വയനാട് എംപി കൂടിയായ പ്രിയങ്ക ഗാന്ധിയും ഉണ്ടാകും. ഇതുസംബന്ധിച്ച ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ലെങ്കിലും യാത്ര നടത്താൻ ധാരണ ആയതായാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം.
മുഖ്യമന്ത്രിമാരും പാർട്ടിയുടെ ദേശീയനേതാക്കളും താരപ്രചാരകരായി യാത്രയുടെ ഭാഗമാകും.
തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി തിരുവനന്തപുരത്തും കൊച്ചിയിലും വീട് വാടകയ്ക്കെടുത്തു. വരുംദിവസങ്ങളിൽ സംസ്ഥാനത്ത് ക്യാംപ് ചെയ്ത് പ്രവർത്തിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
തിരുവനന്തപുരത്ത് ഇന്ദിരാഭവനിൽ നിന്ന് ഒന്നരകിലോമീറ്റർ അകലെ മരുതംകുഴിയിലാണ് വീട് വാടകയ്ക്കെടുത്തത്. കൊച്ചിയിൽ വിമാനത്താവളത്തിൽ നിന്ന് അഞ്ചു കിലോമീറ്റർ അപ്പുറം അങ്കമാലിയിലാണ് വീട്.
മലബാറിൽ താമസിച്ച് പ്രവർത്തിക്കുന്നതിനായി കോഴിക്കോട്ടും ഒരു വീട് നോക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ചുമതലയുള്ള മൂന്ന് എഐസിസി സെക്രട്ടറിമാരും ഈ വീടുകളിലായിരിക്കും താമസിക്കുക എന്നാണ് വിവരം.
വീടുകളുടെ പരിപാലന ചുമതല കെപിസിസിക്ക് ആയിരിക്കും.
കാലാകാലങ്ങളായി സംസ്ഥാനത്ത് എത്തുന്ന എഐസിസി ജനറൽ സെക്രട്ടറിമാരെല്ലാം ഹോട്ടലുകളിലാണ് തങ്ങിയിരുന്നത്. വീരപ്പ മൊയ്ലി, ഗുലാം നബി ആസാദ്, മധുസൂദനൻ മിസ്ത്രി തുടങ്ങി പ്രമുഖ നേതാക്കളെല്ലാം സംസ്ഥാനത്ത് എത്തിയാൽ നിശ്ചയിച്ചിരുന്ന പരിപാടികളിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു പതിവ്.
താരിഖ് അൻവറും മുകുൾ വാസ്നിക്കുമെല്ലാം കേരളം മൊത്തത്തിൽ യാത്ര നടത്തിയിട്ടുണ്ടെങ്കിലും പല ഘട്ടങ്ങളിലായി ഡൽഹിയിൽ നിന്നെത്തി രണ്ടും മൂന്നും ഷെഡ്യൂളുകളായിട്ടായിരുന്നു പര്യടനം. എന്നാൽ ഇവരിൽ നിന്നെല്ലാം വിപരീതമായി സംസ്ഥാനത്ത് കൂടുതൽ ദിവസം നിൽക്കുകയും രണ്ടാംനിര നേതാക്കളോട് അടക്കം ആശയവിനിമയം നടത്തുകയുമാണ് ദീപദാസ് മുൻഷി.
തലസ്ഥാനത്ത് മാത്രം കേന്ദ്രീകരിക്കാതെ വിവിധ ജില്ലകളിലെ ഡിസിസി നേതൃയോഗങ്ങളിലും മറ്റും പങ്കെടുക്കുന്നുമുണ്ട്. കോൺഗ്രസ് അധികാരത്തിലെത്തിയ തെലങ്കാനയിലും ദീപാദാസ് മുൻഷി വീട് എടുത്താണ് താമസിച്ചിരുന്നത് എന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
ഇവിടെ മാത്രമേ മുന്നണി ഭരണത്തിലെത്തിയാൽ പാർട്ടിക്ക് മുഖ്യമന്ത്രിയെ ലഭിക്കുകയുള്ളൂ. കേരളത്തിൽ ഭരണം വീണ്ടും നഷ്ടപ്പെടുത്തുന്നത് ആത്മഹത്യാപരമായിരിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
‘ഡൂ ഓർ ഡൈ’ എന്നാണ് ഹൈക്കമാൻഡ് പ്രതിനിധിയായ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നേതാക്കൾക്ക് നൽകിയിരിക്കുന്ന സന്ദേശം.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]