കൊളംബോ: ശ്രീലങ്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൂർണം. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ 75 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇന്ന് പുലർച്ചെയോടെ ആദ്യ ഫലസൂചനകൾ വ്യക്തമായേക്കും. പ്രസിഡന്റ് റെനിൽ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ, ജനതാ വിമുക്തി പെരമുന സ്ഥാനാർത്ഥി അനുര കുമാര ദിസനായകെ എന്നിവർ തമ്മിൽ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. ദിസനായകെ മുന്നിലെത്തുമെന്നും വിക്രമസിംഗെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടേക്കുമെന്നുമാണ് ഒടുവിൽ പുറത്തുവന്ന സർവേ ഫലം സൂചിപ്പിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെയും കലാപത്തിന്റെയും പശ്ചാത്തലത്തിൽ മുൻ പ്രസിഡന്റ് ഗോതബയ രാജപക്സ രാജിവച്ചതോടെ 2022 ജൂലായിലാണ് 75കാരനായ റെനിൽ അധികാരമേറ്റത്. കടക്കെണിയിൽ മുങ്ങിയ രാജ്യത്തിന്റെ സാമ്പത്തികനില തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ റെനിൽ ആരംഭിച്ചിരുന്നു.