
വാഷിംഗ്ടൺ: ഖാലിസ്ഥാൻ അനുകൂല സിഖ് വംശജരുമായി കൂടിക്കാഴ്ച നടത്തി വൈറ്റ് ഹൗസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ യു.എസിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു ചർച്ച. അമേരിക്കൻ പൗരന്മാരെ രാജ്യത്തിന് പുറത്ത് നിന്നുള്ള അക്രമങ്ങളിൽ നിന്ന് സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് വൈറ്റ് ഹൗസ് കൂടിക്കാഴ്ചയ്ക്കിടെ അറിയിച്ചു. ആദ്യമായാണ് ഖാലിസ്ഥാൻ അനുകൂലികളുമായി വൈറ്റ് ഹൗസ് ചർച്ച നടത്തുന്നത്. യു.എസിലും കാനഡയിലും ഖാലിസ്ഥാൻവാദികളുടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ ആശങ്ക ഉയർത്തുന്നതിനിടെയാണ് സംഭവം. അതേ സമയം, ഖാലിസ്ഥാൻ വാദത്തെ പിന്തുണയ്ക്കുന്നതായി യു.എസ് പ്രഖ്യാപിച്ചിട്ടില്ല.