ചെന്നൈ: അക്കൗണ്ടിംഗ് സ്ഥാപനമായ ഏണസ്റ്റ് ആൻഡ് യംഗിലെ ജോലി സമ്മർദ്ദം താങ്ങാനാകാതെ മലയാളിയായ 26കാരി അന്ന സെബാസ്റ്റ്യൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറുംമുമ്പ് ഏറെക്കുറെ സമാനമായ മറ്റൊരു സംഭവംകൂടി. ചെന്നൈയിൽ
ഐടി ജീവനക്കാരനായ കാർത്തികേയൻ എന്ന മുപ്പത്തെട്ടുക്കാരൻ സ്വയം ഷോക്കടിപ്പിച്ച് ജീവനൊടുക്കുകയായിരുന്നു. ശരീരത്തിൽ ഇലക്ട്രിക് വയർ ഘടിപ്പിച്ച് സ്വയം ഷോക്കേൽപ്പിച്ചാണ് ആത്മഹത്യചെയ്തത്. തേനി സ്വദേശിയാണ് കാർത്തികേയൻ. ഭാര്യയും രണ്ടു മക്കളുമുണ്ട്. ജീവനൊടുക്കിയതിന് പിന്നിൽ ജോലി സമ്മർദ്ദമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
ജോലി സ്ഥലത്തുനിന്ന് കടുത്ത സമ്മർദ്ദം നേരിടുന്നതായി കാർത്തികേയൻ പരാതിപ്പെട്ടിരുന്നെന്നും വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. ജോലി ചെയ്തിരുന്ന പല്ലാവരത്തെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്നു പൊലീസ് അറിയിച്ചു.
അന്ന സെബാസ്റ്റ്യൻ ജോലി സമ്മർദ്ദം താങ്ങാനാകാതെ രണ്ടു മാസം മുമ്പ് കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാർ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.ഹൃദയസ്തംഭനമായിരുന്നു അന്നയുടെ മരണകാരണം. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എക്സിലൂടെ നൽകിയ പരാതിയിലാണ് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്തലജെ അന്വേഷണം പ്രഖ്യാപിച്ചത്.
അന്നയുടെ മാതാവ് കമ്പനിക്കയച്ച പരാതി ദേശീയ മാദ്ധ്യമങ്ങളിലൂടെ കഴിഞ്ഞദിവസം പുറത്തുവന്നതോടെയാണ് പ്രശ്നം സമൂഹശ്രദ്ധ നേടിയത്. എറണാകുളം കങ്ങരപ്പടി പേരയിൽ സിബി ജോസഫിന്റെയും അനിത അഗസ്റ്റിന്റെയും മകളാണ് ഉന്നതനിലയിൽ പരീക്ഷകൾ ജയിച്ച അന്ന. ചാർട്ടേഡ് അക്കൗണ്ടൻസി പാസായതോടെ നാലുമാസം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. ആദ്യ ജോലിയുടെ ആവേശവുമായി മാർച്ച് 19ന് പൂനെയിലെ ഇ.വൈ ഓഫീസിലെത്തി. ജൂലായ് 20ന് അവിടെ ഹോസ്റ്റലിലായിരുന്നു അന്ത്യം. അരുൺ അഗസ്റ്റിനാണ് സഹോദരൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഉറങ്ങാൻപോലും സമയം കിട്ടാത്ത ജോലി. അനാരോഗ്യകരമായ തൊഴിൽമത്സരം. അതാണ് അന്നയെ തളർത്തിയതെന്നും സംസ്കാര ചടങ്ങിൽ പോലും കമ്പനിയിൽ നിന്നാരും പങ്കെടുത്തില്ലെന്നും സൂചിപ്പിച്ച് മാതാവ് ഇ.വൈ ഇന്ത്യ ചെയർമാൻ രാജീവ് മേമാനിക്കയച്ച കത്ത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലും രാജ്യമെങ്ങും ചർച്ചയുമായി.