
തിരുവനന്തപുരം: മലപ്പുറം എസ്പിയെ പൊതുവേദിയിൽ ആക്ഷേപിച്ച പിവി അൻവർ എംഎംഎയുടെ നിലപാടിനെ ന്യായീകരിച്ച് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. പൊലീസ് സംഘടന വേദികളിലെ വിമർശനം സ്വാഭാവികമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി സിആർ ബിജു കോഴിക്കോട് പറഞ്ഞു. മലപ്പുറത്തെ സംഭവം ആദ്യത്തേതല്ല. വിമർശനത്തിൽ അസഹിഷ്ണുതയില്ല. അൻവറിന്റെ വിമർശനം പരിശോധിക്കും. ഉൾക്കൊള്ളേണ്ട കാര്യമാണെങ്കിൽ ഉൾകൊള്ളുമെന്നും ഇല്ലെങ്കിൽ അവഗണിക്കുമെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.
ഇന്നലെ മലപ്പുറം എസ്പിയെ അന്‍വര്‍ പൊതുവേദിയില്‍ അധിക്ഷേപിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഐപിഎസ് അസോസിയേഷൻ അൻവറിനെതിരെ പ്രമേയം പാസാക്കിയിരുന്നു. അൻവർ മാപ്പ് പറയണമെന്നാണ് പ്രമേയത്തിലുള്ളത്. കൂടാതെ, എസ്പി ശശിധരനെതിരായ അധിക്ഷേപത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു തന്നെ പ്രതിഷേധം അറിയിക്കാനും തീരുമാനിച്ചിരുന്നു. ഈ നിലപാടിനെ തള്ളുകയാണ് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ.
മലപ്പുറം ജില്ലാ പൊലീസ് അസോസിയേഷൻ സമ്മേളന പരിപാടിക്ക് എത്താൻ വൈകിയതില്‍ പ്രകോപിതനായാണ് ജില്ലാ പൊലീസ് മേധാവിക്കെതിരെ പിവി അന്‍വര്‍ രൂക്ഷ വിമര്‍ശനം നടത്തിയത്. ഐപിഎസ് ഓഫീസര്‍മാരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് ആകെ നാണക്കേടാണെന്ന് പറഞ്ഞുകൊണ്ടാണ് പിവി അന്‍വര്‍ എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തിയത്. എംഎല്‍എയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്ന എസ്പി ശശിധരൻ പ്രസംഗത്തിന് തയ്യാറാവാനാവാതെ വേദി വിടുകയായിരുന്നു.
വാഹന പരിശോധന, മണ്ണ് എടുക്കലിന് ഉള്‍പ്പെടെ അനുമതി നല്‍കാത്തത്, തന്റെ പാര്‍ക്കിലെ റോപ് വേ ഉണ്ടാക്കി ഉപകരണങ്ങള്‍ ഉള്‍പ്പെടെ കാണാതായി പോയിട്ടും അന്വേഷണം ഉണ്ടായിട്ടില്ല തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് ഐപിഎസ് ഉദ്യോഗസ്ഥരെ പിവി അന്‍വര്‍ രൂക്ഷമായി വിമര്‍ശിച്ചത്. ചില പൊലീസുകാർ സ്വാർത്ഥ താല്പര്യത്തിന് വേണ്ടി പ്രവർത്തിക്കുകയാണ്. അതില്‍ റിസര്‍ച്ച് നടത്തുകയാണ് അവര്‍. സര്‍ക്കാരിനെ മോശമാക്കാൻ ചില പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണ്. കേരളത്തെ ബുദ്ധിമുട്ടിക്കുക എന്ന കേന്ദ്രത്തിന്റെ ആവശ്യത്തിന് കുടപിടിക്കുന്നതാണ് ഇത്. ഇപ്പോള്‍ നടക്കുന്ന ഈ പരിപാടിക്ക് താൻ എസ്പിയെ കാത്ത് ഒരുപാട് സമയം കാത്തിരിക്കേണ്ടി വന്നു. അദ്ദേഹം ജോലി തിരക്കുള്ള ആളാണ്. അതാണ് കാരണം എങ്കിൽ ഓക്കേ. അല്ലാതെ താൻ കുറച്ച് സമയം ഇവിടെ ഇരിക്കട്ടെ എന്നാണ് ഉദ്ദേശിച്ചതെങ്കില്‍ എസ്പി ആലോചിക്കണമെന്നും പിവി അന്‍വര്‍ എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തി. ഇങ്ങനെ പറയേണ്ടിവന്നതിൽ ബുദ്ധിമുട്ടുണ്ട്. പക്ഷേ പറയാതെ നിവൃത്തിയില്ല. പൊലീസിന് മാറ്റം ഉണ്ടായെ തീരു. അല്ലെങ്കില്‍ ജനം ഇടപെടുമെന്നും അൻവർ പറഞ്ഞു.
പി വി അൻവർ മാപ്പ് പറയണമെന്ന് ഐ പി എസ് അസോസിയേഷൻ പ്രമേയം; മുഖ്യമന്ത്രിക്ക് പരാതി നൽകും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]