
അന്തർവാഹിനികളിൽനിന്ന് തൊടുത്ത് ടൊമഹോക്ക് മിസൈലുകൾ, തകർത്തത് ഇറാന്റെ 3 ആണവകേന്ദ്രങ്ങൾ; യുഎസ് പ്രഹരം ഇങ്ങനെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാഷിങ്ടൻ∙ ഇറാന്റെ ആണവ നിലയങ്ങളിലേക്ക് യുഎസ് അന്തർവാഹിനികളിൽനിന്നുള്ള മിസൈലുകളും പ്രയോഗിച്ചെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞതായി ‘ഫോക്സ് ന്യൂസ്’ റിപ്പോർട്ടു ചെയ്തു. നതാൻസ്, ഇസ്ഫഹാൻ നിലയങ്ങൾക്കു നേരെയാണ് ടൊമഹോക്ക് മിസൈലുകൾ പ്രയോഗിച്ചത്. താഴ്ന്നു പറക്കുന്നതിനാൽ റഡാറുകളുടെ കണ്ണിൽപ്പെടാനാകില്ല ഈ മിസൈലുകൾക്ക്. ദീർഘദൂരം സഞ്ചരിച്ച് കരയിലെ ലക്ഷ്യങ്ങളെ കൃത്യമായി ആക്രമിച്ച് തകർക്കാനുള്ള ശേഷിയുണ്ട് ഈ സബ്സോണിക് ക്രൂസ് മിസൈലിന്. ഫൊർദോ നിലയവും ആക്രമിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
മദർ ഓഫ് ഓൾ ബോംബ്സ് എന്നറിയപ്പെടുന്ന ജിബിയു– 43/ബി മാസ്സിവ് ഓർഡ്നൻസ് എയർ ബ്ലാസ്റ്റ് (എംഒഎബി) ബോംബുകൾ ആറെണ്ണം പ്രയോഗിച്ചതായും ട്രംപിനെ ഉദ്ധരിച്ച് ഫോക്സ് റിപ്പോർട്ട് ചെയ്തു. ഇറാൻ–ഇസ്രയേൽ സംഘർഷം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് യുഎസും ആക്രമണത്തിൽ പങ്കാളിയാകുന്നത്. ആക്രമണം നടത്തിയ സൈന്യത്തെ ട്രംപ് അഭിനന്ദിച്ചു.
യുഎസ് ആക്രമിച്ച ഇറാന്റെ ആണവ കേന്ദ്രങ്ങൾ:
∙ നതാൻസ് സമ്പുഷ്ടീകരണ കേന്ദ്രം
ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ മുഖ്യ കേന്ദ്രം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന് 220 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്നു. ഇറാന്റെ മധ്യപീഠഭൂമിയിലുള്ള ഈ കേന്ദ്രത്തിന്റെ പ്രധാനഭാഗം ആഴത്തിലുള്ള ഭൂഗർഭ നിർമിതിക്ക് അകത്താണ്. ഉയർന്ന തോതിൽ ആണവ പദാർഥങ്ങളുടെ വേർതിരിക്കലും സമ്പുഷ്ടീകരണവും നടത്തുന്ന കാസ്കേഡ് – സെൻട്രിഫ്യൂജ് നിരയും ഇതിനകത്താണ്. നതാൻസ് ടണൽ സമുച്ചയം തെക്ക് പിക്കാക്സ് മലനിരകൾ (കുഹെ കൊലാങ് ഗാസ് ലാ) വരെ നീണ്ടുകിടക്കുന്നു. ഇസ്രയേൽ– യുഎസ് സംയുക്ത സൃഷ്ടിയെന്ന് കരുതപ്പെടുന്ന സറ്റക്സ്നെറ്റ് കംപ്യൂട്ടർ വൈറസ് ആക്രമണത്തിൽ നേരത്തേ ഇറാനിയൻ സെൻട്രിഫ്യൂജുകൾ തകർന്നിരുന്നു. രണ്ടുതവണ കൂടി ഇസ്രയേൽ നീക്കത്തിൽ കേന്ദ്രത്തിനു കേടുപാടുണ്ടായി.
∙ ഫൊർദോ സമ്പുഷ്ടീകരണ കേന്ദ്രം
ടെഹ്റാനിൽനിന്ന് 100 കിലോമീറ്റർ തെക്കുകിഴക്ക് മാറിയുള്ള യുറേനിയം സമ്പുഷ്ടീകരണ ആണവകേന്ദ്രം. മറ്റൊരു പ്രധാന കാസ്കേഡ് – സെൻട്രിഫ്യൂജ് കേന്ദ്രമാണെങ്കിലും നതാൻസിനെ അപേക്ഷിച്ച് വലുപ്പം കുറവ്. പർവതത്തിനു താഴെയുള്ള ഭൂഗർഭകേന്ദ്രത്തിന് വ്യോമപ്രതിരോധ സംവിധാനം കൂടിയുണ്ട്. 2007ൽ നിർമാണം തുടങ്ങിയെങ്കിലും രണ്ടുവർഷം കൂടി കഴിഞ്ഞാണ് യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതു കണ്ടുപിടിച്ചതും ഇറാൻ ഇക്കാര്യം സമ്മതിച്ചതും.
∙ ഇസ്ഫഹാൻ ആണവ സാങ്കേതികവിദ്യാ കേന്ദ്രം
ടെഹ്റാനിൽനിന്ന് 350 കിലോമീറ്റർ അകലെയുള്ള കേന്ദ്രത്തിൽ ആയിരക്കണക്കിന് ആണവശാസ്ത്രജ്ഞർ ജോലി ചെയ്യുന്നു. യുറേനിയം കൺവേർഷൻ പ്ലാന്റും ഇവിടെയുണ്ട്. ഇറാന്റെ ആണവപരിപാടിയുമായി ബന്ധപ്പെട്ട മൂന്ന് ചൈനീസ് റിയാക്ടറുകളും ലബോറട്ടറികളും കൂടി ഇവിടെയുണ്ട്.