
കുടുംബ കോടതി കേസുകളിലും ചെക്ക് കേസുകളിലും അമിതമായ കോർട്ട് ഫീസ് വർദ്ധന ; നാളിതു വരെ അൻപത് രൂപ കോടതി ഫീസ്, ഇപ്പോള്‍ കൈ പൊള്ളുന്ന ഫീസ്; ചെക്ക് കേസുകളിലും കൊള്ളയായതോടെ ഇരകള്‍ക്ക് നീതിനിഷേധം ; ശക്തമായ സമരവുമായി അഭിഭാഷക സംഘടനകള്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കുടുംബ കോടതി കേസുകളിലും ചെക്ക് കേസുകളിലും അമിതമായ കോർട്ട് ഫീസ് വർദ്ധന ഏർപ്പെടുത്തിയതിന് എതിരെ അഭിഭാഷകരുടെ സമരം ശക്തമാക്കുന്നു. കൊല്ലത്ത് തുടക്കമിട്ട കോടതി ബഹിഷ്കരണം അടക്കമുള്ള സമരം സംസ്ഥാനത്താകെ വ്യാപിക്കുകയാണ്.
കൊല്ലം ബാർ അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരപരമ്ബരയ്ക്ക് തുടക്കമിട്ടത്. ബുധനാഴ്ച കൊല്ലം ബാർ അസോസിയേഷൻ പ്രഖ്യാപിച്ച കോടതി ബഹിഷ്കരണ സമരം ജില്ലയിലെ മറ്റെല്ലാ ബാർ അസോസിയഷനുകളും ഏറ്റെടുത്തു. വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയില്‍ അഭിഭാഷകർ കോടതി ബഹിഷ്കരിച്ചു. മറ്റുജില്ലകളിലേക്കും സമരം വ്യാപിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കുടുംബ കോടതിയില്‍ നഷ്ടപ്പെട്ട സ്വർണത്തിനും പണത്തിനും വേണ്ടി നിരാലംബരായ സ്ത്രീകള്‍ ഫയല്‍ ചെയ്യേണ്ട കേസുകളില്‍ അവകാശപ്പെടുന്ന തുകയുടെ അര ശതമാനം കോടതി ഫീസ് അടക്കണമെന്നും ചെക്ക് പാസ്സാകാതെ തള്ളുന്ന കേസുകളില്‍ ചെക്ക് തുകയുടെ അഞ്ചു ശതമാനം കോടതി ഫീസ് അടക്കണമെന്ന സർക്കാർ ഉത്തരവിനെതിരെയാണ് സമരം. ഏപ്രില്‍ ഒന്നുമുതലാണ് ബജറ്റ് നിർദ്ദേശം നിലവില്‍ വന്നത്.
ബുധനാഴ്ച കോടതി ബഹിഷ്കരിച്ച അഭിഭാഷകർ വ്യാഴാഴ്ച കറുത്ത ബാഡ്ജ് ധരിച്ചാണ് കോടതികളില്‍ എത്തിയത്. വെള്ളിയാഴ്ച വായ്മൂടി കെട്ടി പ്രകടനം സംഘടിപ്പിച്ചു. സമരം കൂടുതല്‍ ശക്തമാക്കാനുള്ള ആലോചനയിലാണ് അഭിഭാഷക സംഘടനകള്‍.
അഭിഭാഷക സമരത്തിന് കാരണം
കോർട്ട് ഫീസ് പരിഷ്കരണത്തിന് നിയമിക്കപ്പെട്ട ജസ്റ്റിസ് വി.കെ.മോഹൻ വിദഗ്ദ്ധ സമിതി മുന്നോട്ടുവച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ബജറ്റിലെ ഫീസ് വർദ്ധന. കുടുംബകോടതികളില് വരുത്തിയ വർദ്ധന ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് അഭിഭാഷകർ പറയുന്നു. മണി ക്ലെയിമായി ബന്ധപ്പെട്ടാണ് വർദ്ധന വരുത്തിയത്.
നേരത്തെ കുടുംബ കോടതിയില്‍ പെറ്റീഷൻ ഫീ ആയി 50 രൂപയാണ് ഒടുക്കിയിരുന്നത്. ഇപ്പോള്‍ 50 രൂപയ്ക്ക് പകരം സ്ലാബ് സമ്ബ്രദായം ഏർപ്പെടുത്തി. ഒരുലക്ഷം രൂപ വരെയുള്ള കേസുകളില്‍ കോടതി ഫീസ് 200 രൂപയായും ഒരുലക്ഷം മുതല്‍ അഞ്ചുലക്ഷം രൂപ വരെയുള്ള കേസുകളില്‍ അവകാശപ്പെടുന്ന തുകയുടെ അരശതമാനമായുമാണ് വർധിപ്പിച്ചത്. അഞ്ചു ലക്ഷത്തിന് മുകളിലുള്ള ക്ലെയിം ആണെങ്കില്‍ ഒരുശതമാനം കൊടുക്കണം.
ഉദാഹരണത്തിന് കുടുംബകോടതിയില്‍ ഒരു സ്ത്രീ വിവാഹമോചന കേസില്‍, 100 പവന്റെ ക്ലെയിം ആയി വിപണി വില അനുസരിച്ച് 50 ലക്ഷത്തിന് അവകാശവാദം ഉന്നയിച്ചാല്‍, അതിന്റെ ഒരുശതമാനം കോർട്ട് ഫീ ആയി കൊടുക്കേണ്ട സാഹചര്യമാണ്. ഇത് അടിയന്തരമായി പിൻവലിക്കണമെന്നാണ് കൊല്ലം ബാർ അസോസിയേഷൻ ആവശ്യപ്പെടുന്നത്. ഫയല്‍ ചെയ്യുന്ന വസ്തുസംബന്ധമായ കേസുകളുടെ കോടതി ഫീസും വർധിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ചെക്ക് കേസുകള്‍ക്കായുള്ള കോടതി ഫീസ് നിലവില്‍ 10 രൂപയാണ്. ഇത് ചെക്കിലെ തുക അനുസരിച്ച് വർധിപ്പിച്ചു. നിരസിക്കപ്പെടുന്ന ചെക്കിന്റെ തുക 10,000 രൂപ വരെയാണെങ്കില്‍ 250 രൂപയാകും കോടതി ഫീസ്. 10,000 രൂപ മുതല്‍ മൂന്ന് ലക്ഷം വരെയാണെങ്കില്‍ ചെക്കിലെ തുകയുടെ അഞ്ച് ശതമാനമാകും കോടതി ഫീസ്.
ഇത്തരം കേസുകളില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള ഫീസും ഉയർത്തിയിട്ടുണ്ട്. കുറ്റാരോപിതൻ സെഷൻസ് കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യുമ്ബോള്‍ 1,000 രൂപയാണ് ഫീസ് നല്‍കേണ്ടിവരിക. പരാതിക്കാരൻ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കുകയാണെങ്കില് വിചാരണക്കോടതിയില്‍ നല്കിയ ഫീസിന്റെ പകുതി തുകയും ഫീസായി നല്‍കേണ്ടിവരും.
ഹൈക്കോടതിയില്‍ റിവിഷൻ പെറ്റീഷനാണ് ഫയല്‍ ചെയ്യുന്നതെങ്കില്‍ പരാതിക്കാരൻ ചെക്ക് തുകയുടെ പത്ത് ശതമാനം കോടതി ഫീസായി അടയ്ക്കണം. ശിക്ഷാവിധിക്കെതിരെ കുറ്റാരോപിതൻ ഹൈക്കോടതിയില്‍ റിവിഷൻ പെറ്റീഷൻ ഫയല്‍ ചെയ്യുമ്ബോള്‍ നല്‍കേണ്ട കോടതി ഫീസ് 1,500 രൂപയായും ഉയർത്തിയിട്ടുണ്ട്.
കോർട്ട് ഫീസ് ഇനിയും കൂട്ടുന്നത് ആലോചിക്കാൻ ജസ്റ്റിസ് വി.കെ.മോഹൻ വിദഗ്ധ സമിതി പൊതുജനങ്ങള്‍ക്കായി സിറ്റിങ് നടത്തുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് അഭിഭാഷക സംഘടനകള്‍ സമരം ശക്തമാക്കിയത്. സമിതിയുടെ അന്തിമ റിപ്പോർട്ടില്‍ ശുപാർശ ചെയ്യുന്നതനുസരിച്ച് മറ്റുമേഖലകളിലും കോടതി ഫീസുകള്‍ വർധിപ്പിക്കാനാണ് സർക്കാർ ആലോചന. ഇതുവഴി 50 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
കൊല്ലം ബാർ അസോസിയേഷൻ പറയുന്നത്
കുടുംബ കോടതി കേസുകളില്‍ നാളിതു വരെ അമ്ബതു രൂപയായിരുന്നു കോടതി ഫീസ്. ചെക്ക് കേസുകളില്‍ കോടതി ഫീസ് വേണ്ടായിരുന്നു. യാതൊരു ആലോചനയുമില്ലാതെ സാമൂഹ്യ നീതി നിഷേധം കൂടിയായ ഫീസ് പരിഷ്കരണം മൂലം ഇരകള്‍ക്ക് നീതി തേടി കോടതിയെ സമീപിക്കാനാവാത്ത അവസ്ഥ ഉണ്ടായിരിക്കുകയാണ്.
കൊല്ലം ബാർ അസോസിയേഷൻ ഏപ്രില്‍ മാസം നല്കിയ നിവേദനം പരിഗണിക്കാമെന്ന് സർക്കാരില്‍ നിന്നും മറുപടി കിട്ടിയെങ്കിലും ഇത്രയും ഗൗരവമായ വിഷയത്തില്‍ ഇതുവരെ നടപടി ഉണ്ടായില്ല. പുതുക്കിയ ഫീസ് പിൻവലിക്കണമെന്നും വീണ്ടും വിവിധ കേസുകളില്‍ കോടതി ഫീസ് വർദ്ധിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഫീസ് വർദ്ധനവ് നടപ്പാക്കാൻ ഉദ്ദേശിച്ചു നിയമിച്ച ജസ്റ്റിസ് വി.കെ.മോഹനൻ സമിതി കേരളത്തില്‍ സിറ്റിങ് തുടങ്ങുന്ന സാഹചര്യത്തില്‍ ബഹിഷ്ക്കരണ സമരം നടത്തിയത്.
ക്രിമിനല്‍ കുറ്റം ചെയ്ത പ്രതിയെ ശിക്ഷിക്കാൻ ഫയല്‍ ചെയ്യുന്ന ക്രിമിനല്‍ കേസ് കോടതിയില്‍ ബോധിപ്പിക്കാൻ ഇത്രയും ഭീമമായ തുക കോടതി ഫീസ് അടക്കണമെന്ന് വരുന്നത് ക്രിമിനല്‍ കേസ് പ്രതികള്‍ നിയമ സംവിധാനത്തില്‍ നിന്നും രക്ഷപ്പെടുന്നതിനു സാഹചര്യം ഒരുക്കും എന്ന് സമരത്തെ അഭിസംബോധന ചെയ്തു കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ബോറിസ് പോള്‍ പറഞ്ഞു. സെക്രട്ടറി അഡ്വ. മഹേന്ദ്ര കെ.ബി, അഡ്വ. പി.സജീവ് ബാബു, അഡ്വ. ഫ്രാൻസിസ് ജൂഡ് നെറ്റോ, അഡ്വ. എ.കെ.മനോജ്, അഡ്വ. മരുത്തടി നവാസ്, അഡ്വ പ്രമോദ് പ്രസന്നൻ, അഡ്വ. മങ്ങാട് ഷൈജു, എന്നിവർ സമരം നയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]