
ഓപ്പറേഷൻ സിന്ദൂറിലെ ‘വജ്രായുധം’: ബ്രഹ്മോസിന്റെ ദൂരപരിധി 800 കിലോമീറ്ററായി ഉയർത്തും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ ദൂരപരിധി കൂടിയ മിസൈലുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി രാജ്യം. മിസൈലിന്റെ ദൂരപരിധി 800 കിലോമീറ്ററായി ഉയർത്താനുള്ള പ്രവർത്തനങ്ങളിലാണ് പ്രതിരോധ ഗവേഷകർ. പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചിരുന്നു. വിമാനത്തിൽനിന്ന് വിക്ഷേപിക്കാവുന്ന ബ്രഹ്മോസ് മിസൈലിന്റെ പുതിയ പതിപ്പും വികസനഘട്ടത്തിലാണ്.
290 കിലോമീറ്ററാണ് ബ്രഹ്മോസിന്റെ ദൂരപരിധി. 2016ൽ ദൂരപരിധി 400 കിലോമീറ്ററായി വർധിപ്പിച്ചു. ഇത് 800 കിലോമീറ്ററായി ഉയർത്താനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. കരയിൽനിന്ന് വിക്ഷേപിക്കുന്നതിനേക്കാൾ ഭാരം കുറഞ്ഞതാണ് വിമാനങ്ങളിൽനിന്ന് വിക്ഷേപിക്കുന്ന ബ്രഹ്മോസ്. നിലവിൽ സുഖോയ് 30 എംകെഐയിൽ ഇത് ഉപയോഗിക്കുന്നുണ്ട്. ഭാരം കുറവായതിനാൽ, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധവിമാനമായ തേജസിലും ഘടിപ്പിക്കാനാകും. സുഖോയിൽനിന്നുള്ള ബ്രഹ്മോസുകൾ ഉപയോഗിച്ചാണ് പാക്കിസ്ഥാനിലെ വ്യോമത്താവളങ്ങൾ ഇന്ത്യ തകർത്തത്.
സൂപ്പർസോണിക് ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. ലോകത്തിലെ ഏറ്റവും വേഗമേറിയ ക്രൂസ് മിസൈലെന്നാണ് ഇത് അറിയപ്പെടുന്നത്. അന്തർവാഹിനികൾ, കപ്പലുകൾ, യുദ്ധവിമാനങ്ങൾ എന്നിങ്ങനെ വിവിധ പ്ലാറ്റ്ഫോമുകളിൽ നിന്ന് വിക്ഷേപിക്കാൻ കഴിയും. ഏകദേശം 2.8 മാക് (സെക്കൻഡിൽ 900 മീറ്റർ) വേഗത്തിൽ സഞ്ചരിക്കും. ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനും (ഡിആർഡിഒ) റഷ്യൻ എൻപിഒയും ചേർന്നാണ് ബ്രഹ്മോസ് മിസൈൽ വികസിപ്പിച്ചത്. ഇതിനായി ബ്രഹ്മോസ് എയ്റോസ്പേസ് എന്ന സംയുക്ത സംരംഭം രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ബ്രഹ്മപുത്ര, റഷ്യയിലെ മോസ്കവ എന്നീ രണ്ട് നദികളുടെ പേരുകളിൽ നിന്നാണ് ബ്രഹ്മോസ് എന്ന നാമം ലഭിച്ചത്.