
മുംബൈ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ തകര്‍ത്ത് മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ. മുംബൈ ഉയര്‍ത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡൽഹിയ്ക്ക് 18.2 ഓവറിൽ 121 റൺസ് നേടാനെ സാധിച്ചുള്ളൂ. 59 റൺസിനാണ് മുംബൈയുടെ വിജയം. 39 റൺസ് നേടിയ സമീര്‍ റിസ്വിയാണ് ഡൽഹിയുടെ ടോപ് സ്കോറര്‍. ഇതോടെ ഡൽഹി ക്യാപിറ്റൽസ് പ്ലേ ഓഫ് കാണാതെ പുറത്തായി. ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ് എന്നീ ടീമുകൾക്ക് ശേഷം പ്ലേ ഓഫ് ഉറപ്പിക്കുന്ന നാലാമത്തെ ടീമായി മുംബൈ മാറുകയും ചെയ്തു.
ബാറ്റിംഗ് ദുഷ്കരമെന്ന് തോന്നിപ്പിക്കുന്ന വാങ്കഡെയിലെ പിച്ചിൽ ചേസിംഗിനിറങ്ങിയ ഡൽഹിയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍മാരായ കെ.എൽ രാഹുലിനെയും ഫാഫ് ഡുപ്ലസിയെയും അഭിഷേക് പോറെലിനെയും പവര്‍ പ്ലേ പൂര്‍ത്തിയാകും മുമ്പ് തന്നെ ഡൽഹിയ്ക്ക് നഷ്ടമായി. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ രാഹുലിന് 11 റൺസ് നേടാനെ സാധിച്ചുള്ളൂ. നായകൻ ഫാഫ് ഡുപ്ലസിയും അഭിഷേക് പോറെലും 6 റൺസ് വീതം നേടി പുറത്തായി. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോൾ ഡൽഹി 3 വിക്കറ്റ് നഷ്ടത്തിൽ 49 റൺസ് എന്ന നിലയിലായിരുന്നു.
മൂന്ന് മുൻ നിര വിക്കറ്റുകൾ വീണിട്ടും കൗണ്ടര്‍ അറ്റാക്കിന് ശ്രമിച്ച വിപ്രാജ് നിഗമിന്റെ ഇന്നിംഗ്സ് ഡൽഹിയ്ക്ക് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, 11 പന്തുകൾ നേരിട്ട് 20 റൺസ് നേടിയ വിപ്രാജിനെ മിച്ചൽ സാന്റ്നര്‍ പുറത്താക്കി. പിന്നാലെ ക്രീസിലെത്തിയ ട്രിസ്റ്റൻ സ്റ്റബ്സിനെ ബുമ്ര വിക്കറ്റിന് മുന്നിൽ കുരുക്കിയതോടെ ഡൽഹി 5ന് 65 എന്ന നിലയിൽ തകര്‍ന്നു. എന്നാൽ, അശുതോഷ് ശര്‍മ്മയും സമീര്‍ റിസ്വിയും ചേര്‍ന്ന് ഡൽഹിയുടെ ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടുപോയി. 13.2 ഓവറിൽ ടീം സ്കോര്‍ 100 തികയ്ക്കാൻ ഡൽഹിയ്ക്ക് കഴിഞ്ഞു. അവസാന 6 ഓവറിൽ 78 റൺസായിരുന്നു ഡൽഹിയ്ക്ക് മുന്നിലുണ്ടായിരുന്ന വിജയലക്ഷ്യം.
15-ാം ഓവറിന്റെ രണ്ടാം പന്തിൽ സാന്റ്നര്‍ എത്തി അശുതോഷ് – റിസ്വി കൂട്ടുകെട്ട് പൊളിച്ചു. 35 പന്തിൽ 39 റൺസ് നേടിയ സമീര്‍ റിസ്വിയെ സാന്റ്നര്‍ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. രണ്ട് പന്തുകളുടെ മാത്രം വ്യത്യാസത്തിൽ അശുതോഷിനെയും (18) സാന്റ്നര്‍ മടക്കിയയച്ചു. പിന്നീട് വന്നവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനാകാതെ വന്നതോടെ മുംബൈ അനായാസം കളി പിടിച്ചു. സാന്റനറുടെയും ബുമ്രയുടെയും പ്രകടനമാണ് മത്സരത്തിൽ മുംബൈയ്ക്ക് വിജയം ഉറപ്പാക്കിയത്. 4 ഓവറിൽ വെറും 11 റൺസ് മാത്രം വഴങ്ങിയ സാന്റ്നര്‍ 3 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 3.2 ഓവറിൽ 12 റൺസ് മാത്രം വിട്ടുകൊടുത്ത ബുമ്രയും 3 വിക്കറ്റുകൾ വീഴ്ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]