
മുതലപ്പൊഴിയില്‍ പൊഴി മുറിച്ചുതുടങ്ങി; വ്യാഴാഴ്ചയോടെ മണൽ പൂർണമായും നീക്കും, വലിയ ഡ്രജർ എത്തും
തിരുവനന്തപുരം∙ മുതലപ്പൊഴിയില്‍ ഭാഗികമായി പൊഴി മുറിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. വ്യാഴാഴ്ചയോടെ കണ്ണൂര്‍ അഴീക്കലില്‍നിന്ന് വലിയ ഡ്രജര്‍ എത്തിച്ച് മണല്‍ പൂര്‍ണമായി നീക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് പൊഴി ഭാഗികമായി മുറിക്കാന്‍ സമരസമിതിയും മത്സ്യത്തൊഴിലാളി സംഘടനകളും അനുവദിച്ചത്.
കണ്ണൂരില്‍ നിന്നു കൊണ്ടുവരുന്ന ശേഷി കൂടിയ ഡ്രജര്‍ പ്രവേശിപ്പിക്കുന്നതിനായി പൊഴിയുടെ മുക്കാല്‍ ഭാഗം മുറിച്ചു നീക്കേണ്ടി വരും. 3 മീറ്റര്‍ ആഴത്തിലും 6 മീറ്റര്‍ വീതിയിലുമാണ് പൊഴി മുറിക്കുക.
ഇതോടൊപ്പം കൂട്ടിയിട്ടിരിക്കുന്ന മണല്‍ മാറ്റുന്നതിനുള്ള നടപടികളും ആരംഭിച്ചു. പൊഴി മുറിക്കുന്നതിനൊപ്പം തന്നെ മണല്‍ നീക്കാമെന്നുള്ള ഉറപ്പാണ് നല്‍കിയിരിക്കുന്നത്.
മണല്‍ അടിഞ്ഞ് മുതലപ്പൊഴി വഴിയുള്ള മത്സ്യബന്ധനം നിലച്ചിട്ട് ആഴ്ചകള്‍ പിന്നിടുകയാണ്.
പൊഴിമുഖം മണല്‍ മൂടി അടഞ്ഞതുമൂലം സമീപ പഞ്ചായത്ത് പ്രദേശങ്ങളില്‍ വെള്ളം കയറുന്ന സാഹചര്യമാണ്.
അഞ്ചുതെങ്ങ്, അഴൂര്‍, വക്കം, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍ എന്നീ പഞ്ചായത്തുകളുടെ തീരപ്രദേശങ്ങളാണ് ഭീഷണി നേരിടുന്നത്. ഇതുകാരണം കയറുല്പാദനവും മറ്റു ജീവനോപാദികളും പ്രതിസന്ധിയിലായി.
അഞ്ചുതെങ്ങിലെ താഴ്ന്നപ്രദേശങ്ങളായ ഇറങ്ങുകടവ്, കേട്ടുപുര, പുത്തന്‍ നടഭാഗങ്ങളില് വീടുകളില്‍ വെള്ളം കയറി. മഴ പെയ്തതോടെ ദുരിതം വര്‍ധിക്കുമെന്ന ആശങ്ക തീരദേശവാസികള്ക്കുണ്ട്.
ഈ സാഹചര്യങ്ങളൊക്കെ പരിഗണിച്ചാണ് പൊഴിമുഖം മുറിച്ച് ഡ്രജര്‍ പ്രവേശിപ്പിക്കുന്നതിനു സംയുക്ത സമരസമിതി തീരുമാനമെടുത്തത്.
നേരത്തേ മണല്നീക്കത്തിനു നടപടിയില്ലാതെ പൊഴിമുഖം മുറിക്കാന്‍ അനുവദിക്കില്ല എന്നായിരുന്നു നിലപാട്.
മുതലപ്പൊഴിയുടെ മുക്കാല്‍ ഭാഗത്തോളം വരുന്ന പൊഴിമുഖത്തെ മണല്‍ മാറ്റി വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുകയാണു ലക്ഷ്യമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇതോടെ മുനമ്പ് അടഞ്ഞു കിടക്കുന്ന മണല്‍തിട്ടകള്‍ നീക്കാനാണ് ശ്രമം തുടങ്ങിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]