
ദില്ലി:രാഷ്ട്രപതിക്കും ഗവർണ്ണർക്കും ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി കേരളത്തിൻറെ ബില്ലുകളിൽ ബാധകമല്ലെന്ന് കേന്ദ്രം. ഗവർണ്ണർക്കും രാഷ്ട്രപതിക്കും എതിരെ കേരളം നല്കിയ ഹർജികളിൽ വ്യത്യസ്ത വിഷയങ്ങളുണ്ടോ എന്ന് അടുത്ത മാസം ആറിന് പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി അടക്കമുള്ള മാർഗ്ഗ നിർദ്ദേശം വേണം എന്നാവശ്യപ്പെട്ടുള്ള പ്രത്യേക അപേക്ഷ കേരളം പിൻവലിച്ചു.
കേരളത്തിലെ സർവ്വകലാശാല നിയമഭേദഗതി അടക്കമുള്ള ബില്ലുകൾ ഗവർണ്ണർ പിടിച്ചു വച്ചപ്പോൾ കേരളം സുപ്രീംകോടതിയിൽ ഹർജി നല്കിയിരുന്നു. പിന്നീട് ഈ ബില്ലുകൾക്ക് രാഷ്ട്രപതി അംഗീകാരം നല്കാത്തതിനെതിരെയും കേരളം ഹർജി നല്കി. ഈ ഹർജികൾ ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ജോയ്മല്യ ബാഗ്ച്ചി എന്നിവരടങ്ങിയ ബഞ്ചാണ് ഇന്ന് പരിഗണിച്ചത്. തമിഴ്നാട് കേസിൽ ജസ്റ്റിസ് ജെബി പർദിവാല അദ്ധ്യക്ഷനായ ബഞ്ച് ബില്ലുകളിൽ തീരുമാനമെടുക്കാൻ നിശ്ചയിച്ച സമയപരിധി ഈ ഹർജികളിലും ബാധകമാണെന്ന് കേരളത്തിന് വേണ്ടി ഹാജരായ കെകെ വേണുഗോപാൽ വ്യക്തമാക്കി. അതിനാൽ കേരളത്തിൻറെ ബില്ലുകളും ഇതിൻറെ അടിസ്ഥാനത്തിൽ തീർപ്പാക്കണമെന്ന് കെകെ വേണുഗോപാൽ വാദിച്ചു.
എന്നാൽ അറ്റോണി ജനറൽ ആർ വെങ്കിട്ടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കേരളത്തിന്റെ ആവശ്യത്തെ ശക്തമായി എതിർത്തു. തമിഴ്നാടിന്റെ ഹർജിയിൽ നിന്ന് വ്യത്യസ്തമായ വസ്തുതകൾ കേരളത്തിന്റെ കാര്യത്തിലുണ്ടെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസിന്റെ ബഞ്ചിനു മുമ്പാകെ കേരളത്തിന്റെ മറ്റൊരു ഹർജിയുമുണ്ടെന്ന് അറ്റോണി ജനറൽ ചൂണ്ടിക്കാട്ടിയപ്പോൾ ഇത് പരിഹരിക്കാവുന്നതേയുള്ളു എന്ന് സോളിസിറ്റർ ജനനറൽ ഇടപെട്ട് തിരുത്തിയത് ശ്രദ്ധേയമായി. ആ ഹർജിയും കൂടി ഇപ്പോഴത്തെ കേസുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിക്കാൻ ജസ്റ്റിസ് നരസിംഹ നിർദ്ദേശിച്ചു.
കേരളം ഗവർണ്ണർക്കെതിരെ ഹർജി നല്കിയ ശേഷമാണ് ചില ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചത്. സർവ്വകലാശാല നിയമഭേദഗതി അടക്കം നാലു ബില്ലുകൾക്ക് രാഷ്ട്രപതി അംഗീകാരം നല്കിയിരുന്നില്ല. സമയപരിധി നിശ്ചയിച്ച രണ്ടംഗ ബഞ്ചിന്റെ വിധിയെ ഉപരാഷ്ട്രപതിയും ചില ബിജെപി എംപിമാരും ചോദ്യം ചെയ്തിരുന്നു. രണ്ടംഗ ബഞ്ചിന്റെ വിധി കേന്ദ്രം വിശദമായി പരിശോധിക്കുന്നു എന്ന് ഇന്ന് വ്യക്തമാക്കിയ കേന്ദ്രം വിധി മറികടക്കാനുള്ള നീക്കമുണ്ടായേക്കും എന്ന സൂചയാണ് നല്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]