
നാസിക്: വേനൽ കടുത്തതിന് പിന്നാലെ കുടിവെള്ളത്തിനായി അതിസാഹസികരാവേണ്ട ഗതികേടിൽ ഒരു ഗ്രാമത്തിലെ സ്ത്രീകൾ. മഹാരാഷ്ട്രയിലെ നാസിക്കിലെ ബോറിച്ചി ബാരി ഗ്രാമത്തിലാണ് ഒരു തുള്ളി കുടിവെള്ളത്തിനായി പാറക്കെട്ടിലൂടെ കിണറിലേക്ക് ഊർന്നിറങ്ങേണ്ട അവസ്ഥ സ്ത്രീകൾക്കുള്ളത്. കുടിവെള്ളത്തിനും നിത്യോപയോഗത്തിനുള്ള വെള്ളത്തിനും അതിരൂക്ഷമായ ക്ഷാമം നേരിടുന്ന മേഖലയാണ് ബോറിച്ചി ബാരി. പേട്ട് താലൂക്കിൽ വേനൽ കടുത്തതിന് പിന്നാലെ ഗ്രാമങ്ങളിലെ കിണറുകൾ വറ്റി. കുളങ്ങളിലും കിണറുകളിലും അടിത്തട്ടിലായി ജലത്തിന്റെ അംശം മാത്രമാണ് കാണാനുള്ളത്. ഇതിൽ നിന്ന് നിത്യോപയോഗത്തിനുള്ള ജലം ശേഖരിക്കാനാണ് ഗ്രാമത്തിലെ സ്ത്രീകളുടെ അതിസാഹസിക യാത്ര.
ഇതിനോടകം തന്നെ ഈ സാഹസികതയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായികഴിഞ്ഞു. ചെറുകയറിൽ തൂങ്ങി പാറക്കെട്ടിലൂടെ ആഴമേറിയ കിണറിലേക്ക് ഇറങ്ങിയാണ് കന്നാസ് ഉപയോഗിച്ചുള്ള ജലശേഖരണം. പൂർണമായും മഴവെള്ളത്തെ ആശ്രയിച്ചാണ് ഗ്രാമത്തിലെ മൂന്ന് കിണറുകളുടെ പ്രവർത്തനം. ഫെബ്രുവരി അവസാനം വരെയാണ് സാധാരണ ഗതിയിൽ ഈ കിണറുകളിൽ നിന്ന് വെള്ളം ലഭിക്കാറുള്ളത്. മൂന്ന് കിലോമീറ്ററിലേറെയാണ് വെള്ളം ശേഖരിക്കാൻ ഗ്രാമവാസികളായ സ്ത്രീകൾക്ക് സഞ്ചരിക്കേണ്ടി വരുന്നത്. ഇതിന് സാധിക്കാതെ വരുന്നവർക്ക് 200 ലിറ്റർ വെള്ളത്തിന് 60 രൂപയോളമാണ് ചെലവിടേണ്ടി വരുന്നത്. ജൽ ജീവൻ പദ്ധതിയിൽ കുടിവെള്ളം ലഭിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും പാതി വഴിയിൽ നിലച്ചതായാണ് ഗ്രാമമുഖ്യൻ സോമനാഥ് നികുലേ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്.
പ്രത്യേകം ടാപ്പുകളിലൂടെ ഓരോ വീടുകളിലും ജലം എത്തിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് ജൽ ജീവൻ മിഷൻ. കുടിവെള്ള പ്രശ്നം മൂലം ഗ്രാമവാസികൾക്ക് വിവാഹം പോലും കഴിക്കാനാവാത്ത സ്ഥിതിയാണെന്നാണ് ഗ്രാമമുഖ്യൻ പ്രതികരിക്കുന്നത്. മൂപ്പത് വയസ് പിന്നിട്ട യുവാക്കന്മാർ പോലും വിവാഹിതരാവാത്ത സ്ഥിതിയാണ്. ബോറിച്ചി ബാരി ഗ്രാമത്തിൽ നിന്നാണ് എന്ന് അറിയുമ്പോൾ വിവാഹം ചെയ്യാൻ യുവതികളെ ലഭിക്കാത്ത സ്ഥിതിയാണെന്നും സോമനാഥ് നികുലേ പറയുന്നു. കന്നുകാലികൾ സ്വന്തമായുള്ള ഗ്രാമവാസികളുടെ ജീവിതത്തിന് ഇരട്ടി ദുരിതമാണ് കുടിവെള്ള പ്രശ്നം മൂലം നേരിടുന്നത്.
മഹാരാഷ്ട്ര നാസിക്കിലെ ബോറിച്ചിവാരി ഗ്രാമത്തിൽ ജലക്ഷാമം രൂക്ഷം; വെള്ളം ശേഖരിക്കാൻ ജീവൻ പണയപ്പെടുത്തി കിണറ്റിലിറങ്ങി സ്ത്രീകൾ
— Asianet News (@AsianetNewsML)
ജല പ്രതിസന്ധി ശ്രദ്ധയിൽ വന്നിട്ടുണ്ടെന്നും ടാങ്കറുകളിൽ ഗ്രാമത്തിലേക്ക് ജലമെത്തിക്കാനും ജൽ ജീവൻ പദ്ധതിയിൽ കുടിവെള്ളം എത്തിക്കാനുള്ള അനുമതി നൽകിയിട്ടുണ്ടെന്നുമാണ് ജില്ലാ പരിഷത്ത് അഡീഷണൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ അർജുൻ ഗുന്ത വിശദമാക്കുന്നത്. ഉടൻ തന്നെ ഗ്രാമീണർക്ക് പൈപ്പിലൂടെ കുടിവെള്ളം ലഭിക്കുമെന്നുമാണ് അർജുൻ ഗുന്ത ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്. നിലവിൽ വൈറലായ വീഡിയോയിൽ ഉള്ള ദൃശ്യങ്ങൾ സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നാണ് അർജുൻ ഗുന്ത ആരോപിക്കുന്നത്. ഗ്രാമവാസികൾക്ക് പൈപ്പ് വെള്ളം ലഭിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുമ്പോഴാണ് ഇത്തരം പ്രവർത്തനങ്ങളെന്നും അർജുൻ ഗുന്ത കുറ്റപ്പെടുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]