
ഷാബാ ഷരീഫ് വധം: ഒന്നാം പ്രതി ഷൈബിന് 13 വർഷം തടവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം∙ മൈസൂരു രാജീവ് നഗർ സ്വദേശിയായ പാരമ്പര്യ വൈദ്യൻ (50) കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതി നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിന് (37) 13 വർഷവും 9 മാസവും ശിക്ഷ വിധിച്ചു. രണ്ടാം പ്രതിയും ഷൈബിന്റെ മാനേജറുമായ വയനാട് ബത്തേരി പൊന്നക്കാരൻ ഷിഹാബുദ്ദീന് (39) 8 വർഷവും 9 മാസവും ഷൈബിന്റെ കൂട്ടാളിയായ ആറാം പ്രതി നിലമ്പൂർ നടുതൊടിക നിഷാദിന് (32) 5 വർഷവും 9 മാസവും മഞ്ചേരി അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. ഇതു കൂടാതെ ഒന്നാം പ്രതി ഷൈബിന് 2,45,000 രൂപ പിഴയായും അടയ്ക്കണം. രണ്ടാം പ്രതി 60,000 രൂപയും ആറാം പ്രതി 45,000 രൂപയും പിഴ അടയ്ക്കണം. മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തപ്പെട്ടത്.
-
Also Read
മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി രഹസ്യം ചോർത്താൻ 2019 ഓഗസ്റ്റ് ഒന്നിന് മൈസുരുവിൽനിന്നു തട്ടിക്കൊണ്ടുവന്ന ഷാബാ ഷെരീഫിനെ നിലമ്പൂർ മുക്കട്ടയിലെ ഷൈബിന്റെ വീട്ടിൽ താമസിപ്പിച്ചു. ഇവിടെ വച്ച് ഷാബാ ഷെരീഫിനെ കടുത്ത പീഡനങ്ങൾക്കിരയാക്കിയെങ്കിലും ഒറ്റമൂലി രഹസ്യം വെളിപ്പെടുത്തിയില്ല. തുടർന്ന് 2020 ഒക്ടോബർ 8ന് ഷാബാ ഷെരീഫിനെ കൊലപ്പെടുത്തി ശരീരം കഷണങ്ങളാക്കി ചാക്കിൽകെട്ടി ചാലിയാറിൽ ഒഴുക്കി എന്നാണു കേസ്. 15 പ്രതികളായിരുന്നു കേസിൽ ഉണ്ടായിരുന്നത്. ഇതിൽ 9 പേരെ കോടതി വിട്ടയച്ചു. ഏഴാം പ്രതി തങ്ങളകത്ത് നൗഷാദ് മാപ്പു സാക്ഷിയായി. പതിനഞ്ചാം പ്രതി ഷമീം ഇപ്പോൾ ഒളിവിലാണ്. പതിനാലാം പ്രതി ഒളിവിലായിരിക്കെ ഗോവയിൽ വൃക്കരോഗം ബാധിച്ചു മരിച്ചു.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുൻപിൽ 5 പേരുടെ ആത്മഹത്യാഭീഷണിയിൽനിന്നാണ് ഒന്നരവർഷം ആരുമറിയാതെപോയൊരു കൊലപാതകത്തെക്കുറിച്ചുള്ള സൂചന ലഭിക്കുന്നത്. 2022 ഏപ്രിൽ 28ന് ആണ്, കേസിൽ പിന്നീടു മാപ്പുസാക്ഷിയായ നൗഷാദ് അടക്കമുള്ളവർ ആത്മഹത്യാഭീഷണി മുഴക്കിയത്. പല കുറ്റകൃത്യങ്ങളിലും തങ്ങളെ പങ്കാളികളാക്കിയ ഷൈബിൻ തങ്ങളെ വകവരുത്താൻ ശ്രമിക്കുന്നെന്നു പറഞ്ഞായിരുന്നു ആത്മഹത്യാഭീഷണി.
ഇതോടൊപ്പമാണ് ഷൈബിൻ മുൻപു നടത്തിയ തങ്ങളടക്കം പങ്കാളികളായ കുറ്റകൃത്യങ്ങളെക്കുറിച്ചും പറഞ്ഞത്. ഈ വെളിപ്പെടുത്തലുകൾ മനോരമ ന്യൂസ് ടിവി ചാനലാണു പുറത്തുവിട്ടത്. കൊലപാതകത്തെക്കുറിച്ചുള്ള സൂചനകൾ പുറത്തുവന്നതിനു പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. അധികം വൈകാതെ പ്രതികൾ പിടിയിലാവുകയും ചെയ്തു.
ഷൈബിന്റെ ഭാര്യ കൈപ്പഞ്ചേരി ഫസ്ന (31), റിട്ട. എസ്ഐ ബത്തേരി കൊളേരി ശിവഗംഗ വീട്ടിൽ എസ്.സുന്ദരൻ (63) എന്നിവരും വിട്ടയച്ച പ്രതികളിൽ ഉൾപ്പെടുന്നു. ഉയർന്ന സാമ്പത്തിക സ്ഥിതിയിലായിരുന്ന ഷൈബിൻ കഞ്ചാവ് കേസിലുൾപ്പെട്ട് വിദേശത്തുനിന്ന് പുറത്താക്കപ്പെട്ടതോടെ നാട്ടിൽ ഒരു ആശുപത്രി സ്ഥാപിക്കാനും അതിൽ മൂലക്കുരു പാരമ്പര്യ ചികിത്സ ആരംഭിക്കാനും പദ്ധതിയിട്ടിരുന്നു. അതിന്റെ ഭാഗമായാണ് ചികിത്സയുടെ ഔഷധക്കൂട്ട് സ്വന്തമാക്കാൻ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുവന്നു തടവിലിട്ടത്. എന്നാൽ അതു വെളിപ്പെടുത്താൻ ഷാബാ ഷരീഫ് തയാറാകാതെ വന്നതോടെയാണ് മർദനവും തുടർന്ന് കൊലപാതവുമുണ്ടായതെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. മൃതദേഹം ലഭിക്കാതെ വിചാരണ നടത്തി പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തുന്നത് അപൂർവമാണെന്നു പ്രോസിക്യൂഷൻ പറഞ്ഞു. ഷൈബിന്റെ കാറിൽനിന്നു കിട്ടിയ ഷാബാ ഷരീഫിന്റെ മുടിയുടെ മൈറ്റോകോൺഡ്രിയൽ ഡിഎൻഎ പരിശോധനയാണ് കേസിന്റെ പ്രധാന തെളിവായത്.
2023 ഫെബ്രുവരിയിലാണു വിചാരണ തുടങ്ങിയത്. ഒരു വർഷംകൊണ്ടു പൂർത്തിയാക്കി. 80 സാക്ഷികൾ, 56 തൊണ്ടിമുതലുകൾ, 275 രേഖകൾ എന്നിവ പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.എം.കൃഷ്ണൻ നമ്പൂതിരി, എൻ.ഡി.രജീഷ്, ഇ.എം.നിവേദ് എന്നിവർ ഹാജരായി. അന്നത്തെ ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി സാജു കെ.ഏബ്രഹാം, ഇൻസ്പെക്ടർ പി.വിഷ്ണു എന്നിവരടങ്ങിയ സംഘമാണു കേസ് അന്വേഷിച്ചത്.
∙ ഷാബാ ഷെരീഫ് വധക്കേസിൽ കോടതി വിട്ടയച്ചവർ:
നിലമ്പൂർ പൂളക്കുളങ്ങര ഷബീബ് റഹ്മാൻ (33), വണ്ടൂർ വാണിയമ്പലം ചീര ഷെഫീഖ്(31), ചന്തക്കുന്ന് കൂത്രാടൻ മുഹമ്മദ് അജ്മൽ(33), കൈപ്പഞ്ചേരി സുനിൽ(43), റിട്ട.എസ്ഐ സുൽത്താൻ ബത്തേരി കൊളേരി ശിവഗംഗ വീട്ടിൽ എസ്.സുന്ദരൻ(63), വണ്ടൂർ മുത്തശ്ശിക്കുന്ന് കാപ്പിൽ കെ.മിഥുൻ(30), വണ്ടൂർ പുളിക്കാട്ടുപടി പാലപ്പറമ്പിൽ കൃഷ്ണപ്രസാദ്(29), ഒന്നാം പ്രതി ഷൈബിന്റെ ഭാര്യ കൈപ്പഞ്ചേരി ഫസ്ന (31), ചന്തക്കുന്ന് ചാരംകുളം കാപ്പുമുഖത്ത് അബ്ദുൽ വാഹിദ് (29) എന്നിവരാണ് കേസിലെ പ്രതികൾ.