
‘ഇനി കൂടുതൽ ശക്തൻ, സംസ്ഥാന സമ്മേളനത്തിൽ അസാന്നിധ്യം സാന്നിധ്യമാകും; ആത്മകഥയിൽ എല്ലാം തുറന്നെഴുതും’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ സിപിഐ സംസ്ഥാന സമ്മേളനങ്ങളിലെ ശ്രദ്ധാ കേന്ദ്രമായ ഇത്തവണ പടിക്ക് പുറത്ത്. കെ.ഇ.ഇസ്മായിലിനെതിരായ പാർട്ടി നടപടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം 24നു സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും. ഏപ്രിൽ 10,11 തീയതികളിൽ ചേരുന്ന കൗൺസിൽ അംഗീകരിക്കുന്നതോടെ ഇസ്മായിലിന്റെ സസ്പെൻഷൻ പ്രാബല്യത്തിൽ വരും. ഇതോടെ സംസ്ഥാന സമ്മേളനത്തിലും പാർട്ടി കോൺഗ്രസിലും പങ്കെടുക്കാനാവില്ല. സംസ്ഥാന സമ്മേളനത്തിലോ പാർട്ടി കോൺഗ്രസിലോ ക്ഷണിതാവായി പങ്കെടുക്കാൻ കഴിയുമെന്നാണ് ഇസ്മായിൽ കരുതിയിരുന്നത്.
-
Also Read
ഒക്ടോബർ പകുതിയോടെയാകും സസ്പെൻഷൻ കാലാവധി അവസാനിക്കുക. സെപ്റ്റംബർ 9 മുതൽ 12 വരെ ആലപ്പുഴയിലാണ് പാർട്ടിയുടെ സംസ്ഥാന സമ്മേളനം. സെപ്റ്റംബർ 21 മുതൽ 25 വരെ ചണ്ഡീഗഡിലാണ് പാർട്ടി കോൺഗ്രസ്. പാർട്ടി സമ്മേളനങ്ങളിൽനിന്ന് ഇസ്മായിലിന്റെ സാന്നിധ്യം ഒഴിവാക്കാനാണ് സസ്പെൻഷൻ നടപടിയെന്നു വ്യാഖ്യാനിക്കുകയാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ. സസ്പെൻഷൻ കാലയളവിലെ ഇസ്മായിലിന്റെ പെരുമാറ്റം അനുസരിച്ചാകും നടപടി നീട്ടണമോ വേണ്ടയോ എന്നു തീരുമാനിക്കുക. ക്ഷണിതാവായി എത്തിയാലും ഇസ്മായിലിന്റെ സാന്നിധ്യം സമ്മേളനത്തിൽ ഭയക്കുന്നവരുണ്ടെന്നും അവരാണ് നടപടിക്കു പിന്നിലെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു.
-
Also Read
സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഇസ്മായിലിന്റെ മറുപടി ഇങ്ങനെ ‘‘നടപടിക്ക് വിധേയനായ കെ.ഇ.ഇസ്മായിലാകും നടപടിക്കു വിധേയനാകാത്ത കെ.ഇ.ഇസ്മായിലിനെക്കാൾ കൂടുതൽ ശക്തൻ. അതുകൊണ്ട് എന്റെ അസാന്നിധ്യമാകും സാന്നിധ്യമായി സഖാക്കൾക്ക് ബോധ്യമാവുക. നടപടിയൊന്നും ഒരു പ്രശ്നമല്ല. വേറൊരു തരത്തിൽ ഞാൻ സാദാ അംഗമല്ലേ. എനിക്ക് 85 വയസ്സായി. 75 വയസ്സു കഴിഞ്ഞവരെ ചുമതലകളിൽ നിന്നൊക്കെ മാറ്റി. അങ്ങനെയാണ് ദേശീയ എക്സിക്യൂട്ടീവിൽ നിന്നൊക്കെ ഞാൻ ഒഴിവായത്. ഇപ്പോൾ ഞാൻ സാദാ അംഗമാണ്. അങ്ങനെയുള്ളവർക്ക് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ പറ്റില്ല. ഞാൻ തിരഞ്ഞെടുത്ത പ്രതിനിധി അല്ലല്ലോ’’ – ഇസ്മായിൽ പറഞ്ഞു.
വരുന്നു ആത്മകഥ
താൻ ആത്മകഥ എഴുതുകയാണെന്നും ഈ വർഷം പ്രസിദ്ധീകരിക്കുമെന്നും ഇസ്മായിൽ മനോരമ ഓൺലൈനോട് പറഞ്ഞു. ഉള്ളടക്കം എന്തായിരിക്കും എന്ന ചോദ്യത്തിന് അത് എന്തു ചോദ്യമെന്നായിരുന്നു മറുപടി. എല്ലാം തുറന്ന് എഴുതുമോ എന്ന ചോദ്യത്തിന് അതുണ്ടാകുമെന്നും ഒളിച്ചുവച്ചിട്ട് എഴുതാൻ പറ്റുമോയെന്നും ഇസ്മായിലിന്റെ മറുപടി.
‘‘എല്ലാം തുറന്നെഴുതും. പാർട്ടിക്കുള്ളിലെ കാര്യങ്ങളും എഴുതും. പറയാവുന്ന കാര്യങ്ങളാകും എഴുതുക. പാർട്ടിക്ക് ദോഷം വരുന്നതൊന്നും എഴുതില്ല. കമ്യൂണിസ്റ്റ് പാർട്ടിയെന്നു പറയുന്നത് എന്റെ ജീവനും മാംസവുമാണ്. സിപിഐക്ക് ദോഷം വരുന്നതൊന്നും ഞാൻ എഴുതില്ല. പക്ഷേ അതിനകത്തുള്ള ചില ആഭ്യന്തര പ്രശ്നങ്ങൾ എഴുതും. അറിയാവുന്നിടത്തോളം എഴുതും’’ – ഇസ്മായിൽ പറഞ്ഞു.
സമ്മേളനങ്ങളിലെ താരം
2022ൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലുടനീളം കണ്ടത് കാനം പക്ഷത്തിന്റെ ആധിപത്യമാണെങ്കിലും ഇസ്മായിൽ ഒരു വശത്ത് പോരാടിനിന്നു. ഇസ്മായിൽ പക്ഷത്ത് നിന്നുള്ള അഞ്ച് പേരെയാണ് അന്ന് എറണാകുളം ജില്ലാ ഘടകം സംസ്ഥാന കൗണ്സിലിൽനിന്നു വെട്ടിയത്. കാനം പക്ഷത്തുള്ള ഇ.എസ്.ബിജിമോളെ എതിര്പക്ഷത്തിനു മേധാവിത്വമുള്ള ഇടുക്കി ജില്ലാ ഘടകം സംസ്ഥാന കൗണ്സിലിലേക്കു നിര്ദേശിക്കാതിരുന്നതും അന്ന് ശ്രദ്ധേയമായി. ഭൂരിപക്ഷമുള്ള എറണാകുളത്ത് മുൻ സെക്രട്ടറി പി.രാജു അടക്കം മൂന്നു പേരെ വെട്ടിയാണ് കാനം പക്ഷം കരുത്ത് കാട്ടിയത്. ഇതേ രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശമാണ് ഇസ്മായിലിനു പാർട്ടിക്ക് പുറത്തേക്ക് വഴിയൊരുക്കുന്നത്.
കാനത്തെ താഴെയിറക്കാൻ വി.എസ്.സുനിൽ കുമാറിനേയോ പ്രകാശ് ബാബുവിനെയോ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കു മത്സരിപ്പിക്കാൻ കാനം വിരുദ്ധപക്ഷം നീക്കം നടത്തിയിരുന്നു. ഇരുവരും മത്സരിക്കാൻ വിമുഖത കാട്ടിയതോടെ ആ നീക്കം പാളി. സി.എൻ.ചന്ദ്രനെ മത്സരരംഗത്തിറക്കാൻ അണിയറ നീക്കം നടന്നെങ്കിലും ചന്ദ്രനും മത്സരിക്കാൻ തയാറായില്ല. ഇതോടെ എതിരാളികളെ വെട്ടിയൊതുക്കി മൂന്നാം വട്ടവും സിപിഐയുടെ തലപ്പത്തേക്ക് ഐക്യകണ്ഠേന കാനമെത്തുകയായിരുന്നു.
2018ലെ മലപ്പുറം സമ്മേളനത്തിൽ കെ.ഇ.ഇസ്മായിലിനെതിരെ കണ്ടത് തുറന്ന പടനീക്കമായിരുന്നു. ഇസ്മായിലിനെതിരെ ഗുരുതര ആക്ഷേപങ്ങളുള്ള സംസ്ഥാന കൺട്രോൾ കമ്മിഷൻ റിപ്പോർട്ട് അന്ന് പ്രവർത്തന റിപ്പോർട്ടിന്റെ ഭാഗമാക്കി. കമ്യൂണിസ്റ്റ് നേതാവിനു നിരക്കാത്ത പ്രവൃത്തി ഇസ്മായിലിൽ നിന്നുണ്ടായെന്ന വിമർശനമാണു പ്രതിനിധികളുടെ മുന്നിലേക്ക് ഇട്ടുകൊടുത്തത്. പാർട്ടി സർക്കുലർ വരെ ഇതിനായി തിരുത്തിയെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. വിദേശരാജ്യങ്ങളിൽ കോഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കാനുള്ള തീരുമാനം നടപ്പാക്കുന്നതിൽ പൊതു പാർട്ടി ലൈനിൽനിന്ന് ഇസ്മായിൽ വ്യതിചലിച്ചെന്നായിരുന്നു കണ്ടെത്തൽ.
കോട്ടയം സമ്മേളനത്തിന്റെ ഭാഗമായ ഗ്രൂപ്പ് ചർച്ചയിൽ ഇസ്മായിലിനെ വിമർശിച്ച ഷാർജ പ്രതിനിധികളെ പൊതുചർച്ചയിൽ പങ്കെടുപ്പിക്കാതിരുന്നതിനെക്കുറിച്ചും മലപ്പുറം സമ്മേളനത്തിൽ വിമർശനമുണ്ടായി. യുഎഇയിൽ ആഡംബരത്തോടെ താമസിച്ചുവെന്നായിരുന്നു മറ്റൊരു ആക്ഷേപം. യാത്രയുടെയും താമസത്തിന്റെയും ചെലവ് സുഹൃത്തു വഹിച്ചുവെന്നാണു വിശദീകരണം. ‘ആരുടെ ചെലവിലായാലും കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾക്ക് ഇത്തരം ആഡംബരജീവിതം പാടില്ല. വിദേശയാത്രകളും ഫണ്ട് പിരിവും പാർട്ടിയുടെ തത്വങ്ങൾക്കും നിലപാടുകൾക്കും അനുസൃതമാകണം’ എന്നായിരുന്നു കമ്മിഷൻ റിപ്പോർട്ട്.
പതിറ്റാണ്ടുകളായി പാർട്ടി സമ്മേളനത്തിലെ ശ്രദ്ധാ കേന്ദ്രമാണ് സസ്പെൻഷൻ നടപടിയിലൂടെ ഇല്ലാതാകുന്നത്. ജീവിച്ചിരിക്കുന്നവരിൽ ഇസ്മായിലിനോളം സമ്മേളനങ്ങളിൽ പങ്കെടുത്ത നേതാവ് സിപിഐയിൽ വേറെ കാണില്ല. എന്നാൽ വിപ്ലവ മണ്ണായ ആലപ്പുഴയിൽ അദ്ദേഹത്തിന്റെ അസാന്നിധ്യമാകും വാർത്തയാകുക.