
ലാഹോര്‍: ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരെ 352 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മറികടന്ന് ഓസ്ട്രേലിയ. ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. ജോഷ് ഇന്‍ഗ്ലിസ് (86 പന്തില്‍ പുറത്താവാതെ 120) സെഞ്ചുറി കരുത്തില്‍ ഓസീസ് 47.3 ഓവറില്‍ ലക്ഷ്യം മറികടന്നു. അലക്സ് ക്യാരിയുടെ (63 പന്തില്‍ 69), മാത്യു ഷോര്‍ട്ട് (66 പന്തില്‍ 63) എന്നിവരുടെ ഇന്നിംഗ്സ് നിര്‍ണായകമായി. ഒരു ഐസിസി ടൂര്‍ണമെന്റില്‍ ഇത്രയും ഉയര്‍ന്ന സ്കോര്‍ പിന്തുടര്ന്ന് ജയിക്കുന്നത് ഇതാദ്യമാണ്. നേരത്തെ, ബെന്‍ ഡക്കറ്റിന്റെ (143 പന്തില്‍ 163) ഇന്നിംഗ്സാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. ജോ റൂട്ട് (68) മികച്ച പ്രകടനം പുറത്തെടുത്തു. ഓസീസിന് വേണ്ടി ബെന്‍ ഡ്വാര്‍ഷ്വിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആഡം സാംപ, മര്‍നസ് ലബുഷെയ്ന് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
മോശം തുടക്കമായിരുന്നു ഓസീസിന്. സ്കോര്‍ബോര്‍ഡില്‍ 27 റണ്‍സുള്ളപ്പോള്‍ ട്രാവിസ് ഹെഡ് (6), സ്റ്റീവന്‍ സ്മിത്ത് (5) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് മര്‍നസ് ലബുഷെയ്ന് (47) – ഷോര്‍ട്ട് സഖ്യം 95 റണ്‍സ് കൂട്ടിചേര്‍ത്ത് ഓസീസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. എന്നാല്‍ ലബുഷെയ്നെ പുറത്താക്കി ആദില്‍ റഷീദ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്കി. പിന്നാലെ ഷോര്‍ട്ടും മടങ്ങി. ഒരു സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. ഇതോടെ നാലിന് 136 എന്ന നിലയിലായി ഓസീസ്. മത്സരം ഇംഗ്ലണ്ട് കയ്യിലാക്കി എന്ന് കരുതിയിരിക്കെയാണ് ഇന്‍ഗ്ലിസ് – ക്യാരി കൂട്ടുകെട്ട് ഓസീസിന് രക്ഷയാവുന്നത്.
146 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. ഓസീസിന്റെ വിജയത്തില്‍ നിര്‍ണായകമായതും ഈ കൂട്ടുകെട്ടായിരുന്നു. 42-ാം ഓവറില്‍ ക്യാരി മടങ്ങിയെങ്കിലും ഗ്ലെന്‍ മാക്സ്വെല്ലിന്റെ (15 പന്തില്‍ 32) ഇന്നിംഗ്സ് ഓസീസിന് ജയമൊരുക്കി. സിക്സടിച്ച് ഇന്‍ഗ്ലിസ് വിജയം ആഘോഷിക്കുകയായിരുന്നു. 86 പന്തുകള്‍ നേരിട്ട ഇന്‍ഗ്ലിസ് ആറ് സിക്സും എട്ട് ഫോറും നേടി. മാക്സിയുടെ ഇന്നിംഗ്സില്‍ രണ്ട് സിക്സും നാല് ഫോറുമുണ്ടായിരുന്നു. നേരത്തെ, തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായി. ഫിലിപ് സാള്‍ട്ട് (10), ജാമി സ്മിത്ത് (15) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ഇരുവരേയും ഡ്വാര്‍ഷ്വിസ് മടക്കിയതോടെ രണ്ടിന് 43 എന്ന നിലയിലായി ഇംഗ്ലണ്ട്.
പിന്നീടാണ് ഇന്നിംഗ്സിന്റെ നട്ടെല്ലായ കൂട്ടുകെട്ട് പിറന്നത്. ഡക്കറ്റ് – റൂട്ട് സഖ്യം 158 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 31-ാം ഓവര്‍ വരെ ഇരുവരും ക്രീസില്‍ തുടര്‍ന്നു. ഈ ഓവറിലെ അവസാന പന്തില്‍ റൂട്ടിനെ ആഡം സാംപ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. തുടര്‍ന്നെത്തിയവരില്‍ ആര്‍ക്കും ഡക്കറ്റിന് പിന്തുണ നല്കാന് സാധിച്ചില്ല. ഹാരി ബ്രൂക്ക് (3), ജോസ് ബട്ലര് (23), ലിയാം ലിവിംഗ്സ്റ്റണ് (14) എന്നിവര്‍ നിരാശപ്പെടുത്തി. ഇതിനിടെ ഡക്കറ്റ് സെഞ്ചുറി പൂര്‍ത്തിയാക്കി. തുടര്‍ന്നും താരം ആക്രമിച്ച തന്നെ കളിച്ചു. 48-ാം ഓവറിലാണ് ഡക്കറ്റ് മടങ്ങുന്നത്. അപ്പോഴേക്കും സ്കോര്‍ 320 കടന്നിരുന്നു. ബ്രൈഡണ്‍ കാര്‍സെയാണ് (8) പുറത്തായ മറ്റൊരു താരം. ജോഫ്ര ആര്‍ച്ചര്‍ (21), ആദില്‍ റഷീദ് (1) എന്നിവര്‍ പുറത്താവാതെ നിന്നു. ഗ്രൂപ്പ് ബിയില്‍ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]