
വെല്ലിംഗ്ടണ്‍: വെല്ലിംഗ്ടണില്‍ ന്യൂസിലന്‍ഡിനെതിരായ മൂന്ന് ട്വന്റി 20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ കളിക്കിറങ്ങിയ ഓസ്ട്രേലിയന്‍ ഓപ്പണർ ഡേവിഡ് വാർണറെ കിവീസ് ആരാധകർ എതിരേറ്റത് കൂവിവിളികളുമായി. ഏതാണ് 20000ത്തോളം വരുന്ന ആരാധകരാണ് വാർണറെ നിഷ്കരുണം പരിഹസിച്ചത്. വാർണർ പുറത്തായി മടങ്ങുമ്പോള്‍ കാണികള്‍ എഴുന്നേറ്റ് നിന്ന് കൂവി. എന്നാല്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങവേ ഈ ആരാധകർക്ക് ഫ്ലൈയിംഗ് കിസ് നല്കിയ വാർണർ സാമൂഹ്യമാധ്യമങ്ങളില്‍ കയ്യടി വാങ്ങി. എത്ര പേർ വെറുത്താലും ഡേവിഡ് വാർണർ ഇന്ത്യന്‍ ആരാധകർക്ക് പ്രിയപ്പെട്ടവാനാണെന്നും ഓസീസിന്റെ മികച്ച ഓപ്പണറാണെന്നും ഒരുവിഭാഗം ആരാധകർ ഫോക്സ് ക്രിക്കറ്റിന്റെ വീഡിയോയ്ക്ക് താഴെ കമന്റുകള്‍ രേഖപ്പെടുത്തി.
മത്സരത്തില്‍ ഓസ്ട്രേലിയ അവസാന പന്തില്‍ ആറ് വിക്കറ്റിന്റെ തകർപ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. 216 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസിന് അവസാന രണ്ടോവറില്‍ 35 റണ്‍സ് ജയിക്കാന്‍ വേണമായിരുന്നു. എന്നാല്‍ മൂന്ന് സിക്സും രണ്ട് ഫോറും സഹിതം 10 പന്തില്‍ പുറത്താവാതെ 31* റണ്‍സുമായി ടിം ഡേവിഡ് അവിശ്വസനീയ ജയം സന്ദർശകർക്ക് സമ്മാനിച്ചു. ടിം സൗത്തിയുടെ 20-ാം ഓവറിലെ ആറാം ബോളില്‍ ഫോർ നേടിയാണ് ഡേവിഡ് ഓസീസിനെ പരമ്പരയില്‍ മുന്നിലെത്തിച്ചത്. മൂന്നാമനായിറങ്ങി 44 പന്തില്‍ പുറത്താവാതെ 72* റണ്‍സുമായി ക്യാപ്റ്റന്‍ മിച്ചല്‍ മാർഷും ഓസീസ് ജയത്തില്‍ നിർണായകമായി. ഡേവിഡ് വാർണർ 20 പന്തില്‍ 32 ഉം, ട്രാവിസ് ഹെഡ് 15 പന്തില്‍ 24 ഉം, ഗ്ലെന്‍ മാക്സ്വെല് 11 പന്തില്‍ 25 ഉം ജോഷ് ഇംഗ്ലിസ് 20 പന്തില്‍ 20 ഉം റണ്‍സെടുത്തു.
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ 215-3 എന്ന സ്കോറിലെത്തി. ഫിന് അലനും ദേവോണ്‍ കോണ്‍വേയും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 17 ബോളില്‍ രണ്ട് ഫോറും മൂന്ന് സിക്സറും സഹിതം 32 റണ്‍സെടുത്ത അലന് ആറാം ഓവറിലെ രണ്ടാം പന്തില്‍ പുറത്താകുമ്പോള്‍ കിവികള്‍ 61 റണ്‍സിലെത്തിയിരുന്നു. ശേഷം 113 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുമായി കോണ്‍വേയും രചിന് രവീന്ദ്രയും ന്യൂസിലന്‍ഡിന് കുതിപ്പേകിയപ്പോള് 35 പന്തില്‍ രണ്ട് ഫോറും ആറ് സിക്സും സഹിതം 68 റണ്‍സെടുത്ത് മടങ്ങിയ രചിനായിരുന്നു കൂടുതല്‍ അപകടകാരി. കോണ്‍വേ 46 ബോളില്‍ അഞ്ച് ഫോറും രണ്ട് സിക്സുകളോടെയും 63 റണ്‍സ് എടുത്തും മടങ്ങി. അവസാന ഓവറുകളില്‍ ഗ്ലെന്‍ ഫിലിപ്സും (10 പന്തില്‍ 19*), മാര്‍ക് ചാപ്മാനും (13 പന്തില്‍ 18*) ന്യൂസിലന്‍ഡിനെ 215ലെത്തിച്ചു.
Last Updated Feb 22, 2024, 8:24 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]