തൃശൂർ: വരുന്നത് കൊടും വേനലാണ്, പച്ച കണ്ടാൽ പശുക്കൾ തിന്നാനെത്തും. ക്ഷീര കർഷകർ ജാഗ്രത പാലിക്കണം. വെളപ്പായയിൽ ഒരു ക്ഷീരകർഷകന്റെ കറവയുള്ള അഞ്ച് പശുക്കളും ചത്തത് വിഷപ്പുല്ല് ഭക്ഷിച്ചായിരുന്നു. പൂത്ത് നിൽക്കുന്ന ബ്ലൂമിയ ചെടികൾ അധിക അളവിൽ കഴിച്ചതാണ് പശുക്കളിലെ വിഷബാധയ്ക്ക് കാരണം.
വെളപ്പായ കുഴപ്പറമ്പിൽ വീട്ടിൽ രവിയുടെ (68) പശുക്കളാണ് ശൈത്യകാലത്ത് മാത്രം വിഷമാകുന്ന ബ്ലൂമിയ ഇനത്തിൽപ്പെട്ട പുല്ല് തിന്ന് ചത്തത്. അഞ്ച് പശുക്കളിൽ എട്ടുമാസം ചെനയുള്ള ഒരെണ്ണവും മൂന്ന് മാസം ചെനയുള്ള രണ്ടെണ്ണവും ഉണ്ടായിരുന്നു. ഏകദേശം 75,000 മുതൽ 85,000 രൂപ വരെ വിലവരുന്നതാണ് ചത്ത ഓരോ പശുക്കളും. ഏകദേശം നാല് ലക്ഷം രൂപയോളം നഷ്ടമാണ് ഇതുമൂലമുണ്ടായത്.
എല്ലായ്പ്പോഴും കഴിക്കുന്ന പുല്ല് മാത്രമാണ് പശുക്കൾ തിന്നതെന്നാണ് രവി പറയുന്നത്. മുൻപ് പാലക്കാട്ടും ഈ വിധത്തിലുള്ള പുല്ല് തിന്ന് പശുക്കൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. വെളപ്പായയിൽ കൂടുതൽ അളവിൽ പുല്ല് പശുക്കൾ ഭക്ഷിച്ചതാണ് പ്രശ്നമായത്. രവിക്ക് ആകെ 11 പശുക്കളാണുള്ളത്. അതിൽ അഞ്ചെണ്ണമാണ് വിഷപ്പുല്ല് തിന്നതത്രെ. മറ്റൊരു പശുവിനെ കാർഷിക സർവകലാശാലയിലെ വെറ്ററിനറി ഡോക്ടർമാർ വിദഗ്ദ്ധ ചികിത്സയ്ക്ക് വിധേയമാക്കിയെങ്കിലും പിന്നീട് ചത്തു. നഷ്ടമുണ്ടായ ക്ഷീരകർഷകന്റെ വീട്ടിൽ മിൽമ ബോർഡ് അധികൃതർ ഉൾപ്പെടെ എത്തിയിരുന്നു. ഒരു പശുവിന് 15,000 രൂപ വീതം സഹായധനം നൽകാനാകുമെന്ന് മിൽമ അധികൃതർ അറിയിച്ചു. കർഷകന്റെ നഷ്ടം നികത്തുന്നതിനായി ക്ഷീരവികസന വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് വിവരം ധരിപ്പിക്കുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയും ഉറപ്പു നൽകി.
ബ്ലൂമിയ ചെടികൾ
കടുംപച്ചനിറത്തിൽ മിനുസമുള്ള ഇലകളും മാംസളമായ തണ്ടുകളും വെളുപ്പ്, മഞ്ഞ നിറത്തിലുള്ള പുഷ്പങ്ങളുമായി കുറ്റിച്ചെടി വിഭാഗത്തിൽ പെടുന്ന സസ്യമാണ് ബ്ലൂമിയ. ഡിസംബർ മുതൽ ജൂൺ വരെയുള്ള കാലയളവിലാണ് ഇവ പൂവിടുക. പശുക്കളുടെയും മറ്റ് അയവിറക്കുന്ന മൃഗങ്ങളുടെയും ഉള്ളിൽചെന്നാൽ തീറ്റയെടുക്കാതിരിക്കൽ, ഉദരസ്തംഭനം, ശരീര താപനില താഴൽ, നിർജലീകരണം, വായിൽ നിന്നും നുരയും പതയും ഒലിക്കൽ, ശരീരവിറയൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഉദരസ്തംഭനവും കരൾ, ഹൃദയം, ആമാശയം, അന്നനാളം, കുടൽഭിത്തികൾ എന്നിവിടങ്ങളിൽ രക്തസ്രാവവുമാണ് അനുഭവപ്പെടും.
ഇവ വിഷമയം, സൂക്ഷിക്കുക
ബ്ലൂമിയ അഥവാ വേനൽപ്പച്ച
ആനത്തൊട്ടാവാടി
ചോല
എരിക്ക്
കൊങ്ങിണി
കാഞ്ഞിരം
മരച്ചീനി ഇല
സ്വന്തമായി തീറ്റപ്പുൽ കൃഷിയില്ലാത്ത കർഷകർ പശുക്കൾക്ക് ബ്ലൂമിയ ചെടികൾ ഭക്ഷിക്കാൻ നൽകരുത്. വിഷബാധയേൽക്കാൻ സാദ്ധ്യതയുണ്ട്. മഞ്ഞുകാലത്ത് പൂവുണ്ടാകുന്ന ഇത്തരം വിഷപ്പുല്ലുകൾ കഴിക്കാതിരിക്കാൻ ജാഗ്രത പുലർത്തണം.- ഡോ. ബി. അജിത്ത് ബാബു, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ, തൃശൂർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശൈത്യകാലത്ത് പരാഗണം നടക്കുമ്പോൾ ബ്ലൂമിയ ഇനത്തിൽപ്പെട്ട ചെടി വിഷമയമാകും. സൈനോജെനിക് ഗ്ലൈകോസെനിക്, ന്യൂറോ ടോക്സിക്, ആൽകലോയ്ഡ് എന്നീ വിഷപദാർത്ഥങ്ങൾ ഈ ചെടിയിലുണ്ടാകും. വേനൽപ്പച്ച എന്നറിയപ്പെടുന്ന ഈ ചെടി അയവിറക്കുന്ന മൃഗങ്ങൾ കഴിക്കുന്നത് അത്യന്തം അപകടകരമാണ്.- രാജി, വെറ്ററിനറി സർവകലാശാലയിലെ ഡോക്ടർ.