കൊൽക്കത്ത: ചാമ്പ്യൻസ് ട്രോഫിയിലെ സ്ക്വാഡിലില്ലാത്തതും വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനുവേണ്ടി കളിക്കാത്തതുമായി സഞ്ജു സാംസണിന്റെ പേരിൽ വിവാദങ്ങൾ നടക്കുകയാണിപ്പോൾ. ഇതിനിടെ ഇന്ന് ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ളണ്ട് ട്വന്റി20 പരമ്പരയിൽ ആര് വിക്കറ്റ് കീപ്പറാകും എന്ന ചോദ്യത്തിന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വ്യക്തമായ ഉത്തരം നൽകിയിരിക്കുകയാണ്. ‘നിലവിൽ വിക്കറ്റ് കീപ്പർ ആരാകുമെന്ന ചോദ്യമേയില്ല. കഴിഞ്ഞ ഏഴ് മുതൽ 10 കളികളിൽ സഞ്ജു തന്റെ മികവ് എന്താണെന്ന് ശരിക്കും കാണിച്ചുതന്നു. ടീമിനെ ഒന്നാമതായി കാണുകയും ശരിയായ ദിശയിൽ കൊണ്ടുപോകുകയും ചെയ്യുക വിക്കറ്റ് കീപ്പർ ബാറ്റർമാരായ എല്ലാ കളിക്കാരിൽ നിന്നും ഞങ്ങൾ ആഗ്രഹിക്കുന്നത് അതാണ്. അവസരം ലഭിച്ചു, സഞ്ജു അത് ഉപയോഗിച്ചു ഞാനതിൽ സന്തോഷവാനാണ്.’ സൂര്യകുമാർ യാദവ് പറഞ്ഞു.
രോഹിത്ത് ശർമ്മ ട്വന്റി20 ഫോർമാറ്റിൽ നിന്നും വിരമിച്ചതോടെ ടീമിൽ ഇടംലഭിച്ച സഞ്ജു 12 കളികളിൽ 42.81 ശരാശരിയിൽ 471 റൺസ് നേടിയിട്ടുണ്ട്. ട്വന്റി20യിൽ പ്രധാനമായ സ്ട്രൈക്റേറ്റ് സഞ്ജുവിന് 189. 15 ആണ്. സഞ്ജുവിനെ ഇന്ത്യൻ ടീമിലേക്ക് കൊണ്ടുവരണം എന്ന് ശക്തമായി വാദിക്കുന്നത് കോച്ച് ഗൗതം ഗംഭീർ തന്നെയാണ്. കഴിഞ്ഞദിവസം പരിശീലനത്തിനിടെ ഏറെനേരം സഞ്ജുവുമായി ഗംഭീർ സംസാരിക്കുന്നതും പൊട്ടിച്ചിരിച്ച് സൗഹൃദം പങ്കിടുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ദക്ഷിണാഫ്രിക്ക, ബംഗ്ളാദേശ് പരമ്പരകളിൽ 30കാരനായ താരം മൂന്ന് സെഞ്ച്വറികൾ നേടി തന്റെ മാറ്റ് തെളിയിച്ചിരുന്നു. ഇന്ന് ആരംഭിക്കുന്ന ഇംഗ്ളണ്ട് പരമ്പരയിൽ ധ്രുവ് ജുറേലാണ് ബാക്കപ്പ് കീപ്പർ. പരമ്പരയിലെ ചില മത്സരങ്ങളിൽ കീപ്പറല്ലാതെ ഫീൽഡിംഗിലും സഞ്ജുവിനെ നിയോഗിച്ചേക്കുമെന്നും സൂചനകളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]