മുംബൈ – ഇന്ത്യയില്‍ നടന്ന ലോകകപ്പ് കാണികളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ടു. 48 കളികള്‍ കാണാന്‍ പന്ത്രണ്ടര ലക്ഷം പേര് ഗാലറിയിലെത്തി (12,50,307). ശരാശരി 26,000 പേര്. 2015 ലെ ലോകകപ്പ് 10.16 ലക്ഷം പേര് വീക്ഷിച്ചതാണ് നിലവിലെ റെക്കോര്‍ഡ്. 2019 ലെ ലോകകപ്പ് കണ്ടത് ഏഴര ലക്ഷം പേരാണ്. ഡിസ്നി ഹോട്സ്റ്റാര് പ്ലാറ്റ്ഫോമില്‍ ഫൈനല്‍ മാത്രം ആറു കോടിയോളം പേര് വീക്ഷിച്ചു.
ഏകപക്ഷീയ മത്സരങ്ങളുടെ ലോകകപ്പായിരുന്നു ഇന്ത്യയില്‍ കടന്നുപോയത്. അപൂര്‍വം കളികളേ അവസാന ഓവറില്‍ വിധിയായുള്ളൂ. 48 മത്സരങ്ങളില്‍ ഇരുപത്തിരണ്ടിലും വിജയമാര്‍ജിന്‍ നൂറിലേറെ റണ്‍സിനോ നാലോ അധികമോ വിക്കറ്റിനോ ആയിരുന്നു. ഇതില്‍ പതിനെട്ടും ടെസ്റ്റ് ടീമുകള്‍ തമ്മിലുള്ള കളികളായിരുന്നു. 1975 ലെ പ്രഥമ ലോകകപ്പില്‍ ഇതിനോട് സമാനമായ ഏകപക്ഷീയ മത്സരങ്ങള്‍ കണ്ടിട്ടുള്ളൂ. 2015 ലെ ലോകകപ്പിലും 22 മത്സരങ്ങള്‍ ഏകപക്ഷീയമായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ടീമുകളാണ് പ്രധാനമായും വലിയ വിജയങ്ങള്‍ നേടിയത്. രണ്ട് കളികളില്‍ വിജയം മുന്നൂറിലേറെ റണ്‍സിനായിരുന്നു. ഇത് ലോകകപ്പുകളില്‍ ആദ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ടോസ് ആനുകൂല്യം
ടോസ് ആര്‍ക്ക് കിട്ടുന്നുവെന്നത് വിജയങ്ങളില്‍ നിര്‍ണായകമായില്ല. 19 കളികളിലേ ടോസ് നേടിയ ടീമുകള്‍ ജയിച്ചുള്ളൂ. 1979 ലെ ലോകകപ്പ് കഴിഞ്ഞാല്‍ ഏറ്റവും കുറഞ്ഞ ടോസ് ആനുകൂല്യം കണ്ട ടൂര്‍ണമെന്റാണ് ഇത്.
അരങ്ങേറ്റക്കാരായ കളിക്കാര്‍ വലിയ നേട്ടമുണ്ടാക്കി. പ്രത്യേകിച്ചും ന്യൂസിലാന്റിന്റെ രചിന് രവീന്ദ്രയും ഡാരില്‍ മിച്ചലും. ഇന്ത്യന്‍ നിരയില്‍ ശ്രേയസ് അയ്യര്‍ തിളങ്ങി. മൂവരും 500 റണ്‍സിലധികം നേടി. ഇതിന് മുമ്പുള്ള 12 ലോകകപ്പുകളില്‍ ഒരു അരങ്ങേറ്റ ബാറ്ററേ 500 റണ്‍സടിച്ചിട്ടുള്ളൂ, 2019 ല്‍ ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്റ്റൊ. പാക്കിസ്ഥാന്റെ ടോപ്സ്കോറര്‍ മുഹമ്മദ് രിസ്വാന്, അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്റാന്, ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന്, ശ്രീലങ്കയുടെ സദീര സമരവിക്രമ എന്നിവരെല്ലാം ആദ്യമായാണ് ലോകകപ്പ് കളിച്ചത്.
വിക്കറ്റ്കൊയ്ത്തില്‍ മുന്‍നിരയിലുള്ള ദില്ഷന് മധുശങ്ക (21 വിക്കറ്റ്), ജെറാള്‍ഡ് കീറ്റ്സി (20) എന്നിവരും ആദ്യ ലോകകപ്പില്‍ കരുത്തുകാട്ടി. ശ്രീലങ്ക നേടിയ വിക്കറ്റുകളില്‍ 42 ശതമാനവും സ്വന്തമാക്കിയത് മധുശങ്കയായിരുന്നു. കീറ്റ്സി ഒരു ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കന്‍ ബൗളറായി.