സാങ്കേതിക രംഗത്ത് തൊഴിൽ അവസരങ്ങൾ തേടുന്നവർക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പുതിയ പരിശീലന പദ്ധതിക്ക് രൂപം നൽകി. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള സോഫ്റ്റ്വെയർ ടെക്നോളജി പാർക്ക്സ് ഓഫ് ഇന്ത്യയും (STPI) കേരള സർക്കാരിന്റെ ഐ.ടി.
നൈപുണ്യ വികസന ഏജൻസിയായ ഐ.സി.ടി. അക്കാദമി ഓഫ് കേരളയും (ICTAK) കൈകോർത്താണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
‘സെർട്ടിഫൈഡ് സൈബർ സെക്യൂരിറ്റി അനലിസ്റ്റ്’ കോഴ്സിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. എസ്ടിപിഐയുടെ ‘STPI Skill Up’ പദ്ധതിയുടെ ഭാഗമായാണ് തിരുവനന്തപുരം ടെക്നോപാർക്കിലെ എസ്ടിപിഐ കേന്ദ്രത്തിൽ ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.
പൂർണ്ണമായും ഓഫ്ലൈൻ രീതിയിലാണ് പരിശീലനം ലഭ്യമാക്കുന്നത്. ചെറിയ നഗരങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളുടെ നൈപുണ്യം ഉയർത്തുന്നതിനും സൈബർ സുരക്ഷാ മേഖലയിൽ വൈദഗ്ദ്ധ്യം നേടിക്കൊടുക്കുന്നതിനുമാണ് പദ്ധതി മുൻഗണന നൽകുന്നത്.
ആകെ 500 മണിക്കൂർ ദൈർഘ്യമുള്ളതാണ് ഈ കോഴ്സ്. ഇതിൽ നാല് മാസത്തെ ക്ലാസുകളും ഒരു മാസത്തെ ഇന്റേൺഷിപ്പും ഉൾപ്പെടുന്നു.
ലിനക്സ്, ക്രിപ്റ്റോഗ്രഫി, പെനട്രേഷൻ ടെസ്റ്റിംഗ്, വെബ് ആപ്ലിക്കേഷൻ സുരക്ഷ എന്നിവയ്ക്ക് പുറമെ Nmap, Wireshark, Metasploit തുടങ്ങിയ ആധുനിക ടൂളുകളിലെ പ്രായോഗിക പരിശീലനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഉദ്യോഗാർത്ഥികൾക്കായി പ്രത്യേക ക്യാപ്സ്റ്റോൺ പ്രോജക്ടും തയ്യാറാക്കിയിട്ടുണ്ട്.
എഞ്ചിനീയറിംഗ് അല്ലെങ്കിൽ സയൻസ് ബിരുദം നേടിയവർക്കും മൂന്ന് വർഷത്തെ ഡിപ്ലോമ പൂർത്തിയാക്കിയവർക്കും കോഴ്സിനായി അപേക്ഷിക്കാം. അവസാന വർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കും ഇതിലേക്ക് പരിഗണിക്കപ്പെടും.
പ്രത്യേക സ്കോളർഷിപ്പ് പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കോഴ്സ് ഫീസിൽ ഇളവ് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐസിടി അക്കാദമിയുടെ പ്ലേസ്മെന്റ് പിന്തുണയും LinkedIn Learning, Unstop എന്നീ പ്ലാറ്റ്ഫോമുകളുടെ പ്രീമിയം സേവനങ്ങളും ലഭിക്കുന്നതാണ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2026 ഒക്ടോബർ 25-ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി https://ictkerala.org/op/stpi-csa അല്ലെങ്കിൽ https://skillup.stpi.in/ എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്.
സംശയ നിവാരണത്തിനായി +91 94 000 63499 എന്ന നമ്പറിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

